
ന്യൂയോർക്ക്: ഇസ്രയേലും ഹമാസും തമ്മിൽ ഒരു ആഴ്ചയ്ക്കുള്ളിൽ വെടിനിർത്തൽ പ്രാവർത്തികമാവുമെന്ന് അമേരിക്കയുടെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗാസയിൽ വെടിനിർത്തൽ ഒരു ആഴ്ചയ്ക്കുള്ളിൽ നിലവിൽ വരുമെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച ഓവൽ ഓഫീസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുമ്പോഴാണ് ട്രംപ് അപ്രതീക്ഷിതമായി ഗാസയിലെ വെടിനിർത്തലിനേക്കുറിച്ച് വ്യക്തമാക്കിയത്. വെടിനിർത്തൽ ഉടനുണ്ടാകുമെന്നും ബന്ധപ്പെട്ടവരുമായി താനിപ്പോൾ സംസാരിച്ചതേയുള്ളൂവെന്നാണ് ട്രംപ് മാധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്.
എന്നാൽ ആരുമായാണ് ഇത് സംബന്ധിച്ച ചർച്ചകൾ നടത്തിയതെന്ന് ട്രംപ് വിശദമാക്കിയില്ല. ഇസ്രയേൽ വ്യോമാക്രമണത്തിൽ താറുമാറായ ഗാസയിലെ സാധാരണക്കാർക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ട്രംപിന്റെ പ്രഖ്യാപനമെന്നാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിലവിൽ ഗാസയേക്കുറിച്ച് ഇത്തരത്തിലൊരു ചർച്ചകൾ ഒന്നും തന്നെ നടക്കാത്ത സാഹചര്യത്തിലാണ് ട്രംപിന്റെ പ്രതികരണം. ഗാസയിൽ ഭക്ഷണം അടക്കമുള്ള അവശ്യ വസ്തുക്കൾ കാത്ത് നിന്നവർക്ക് നേരെ ഇസ്രയേൽ സൈനികർ വെടിയുതിർക്കുന്നതായുള്ള സംഭവം നിത്യേനയെന്ന തലത്തിൽ നടക്കുമ്പോഴാണ് ട്രംപിന്റെ പ്രതികരണം.
പലസ്തീൻകാർക്ക് നേരെ വെടിവയ്ക്കാൻ നിർദ്ദേശമൊന്നും നൽകിയില്ലെന്നായിരുന്നു ദിവസങ്ങൾക്ക് മുൻപ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രയേൽ കാറ്റ്സും വിശദമാക്കിയത്. 550ഓളം പലസ്തീൻകാരെ ഇസ്രയേൽ സൈനികർ കൊലപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ബെഞ്ചമിൻ നെതന്യാഹുവിന്റെ ഉപദേഷ്ടാവായ ഇസ്രയേൽ മന്ത്രി റോൺ ഡെർമ അടുത്ത ആഴ്ച വാഷിംഗ്ടണിൽ എത്താനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം. ഗാസയിൽ തുടരുന്ന ഏറ്റുമുട്ടലുകൾ അവസാനിപ്പിക്കാൻ ഇസ്രയേലിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപ് ശ്രമിക്കുന്നതായാണ് ഇസ്രയേലി മാധ്യമമായ ദി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നത്.
വെടിനിർത്തലിന് ശേഷം ഗാസയ്ക്ക് 30 മില്യൺ ഡോളർ സഹായം നൽകുന്നതിനേക്കുറിച്ചുള്ള സൂചനയും ട്രംപ് നൽകിയതായാണ് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് വിശദമാക്കുന്നത്. ആളുകൾ മരിക്കുന്ന സാഹചര്യമായതിനാൽ അമേരിക്ക സാങ്കേതികമായി ഗാസ പ്രശ്നത്തിൽ ഇടപെടുന്നതെന്നുമാണ് ട്രംപ് വിശദമാക്കുന്നത്. ഭക്ഷണമോ അവശ്യ വസ്തുക്കളോ ലഭ്യമല്ലാത്ത ആൾക്കൂട്ടങ്ങളെയാണ് താൻ കാണുന്നതെന്നും ട്രംപ് പ്രതികരിച്ചു. സഹായം ചില മോശം ആളുകൾ തട്ടിയെടുക്കുന്നുണ്ടെന്നും എങ്കിലും ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ പ്രവർത്തനം മികച്ച രീതിയിലാണെന്നുമാണ് ട്രംപിന്റെ പ്രതികരണം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം