ഇസ്രയേൽ ആക്രമണം; ഇസ്രയേലിനെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ അമീർ, ദോഹയിൽ അറബ് - ഇസ്ലാമിക് ഉച്ചകോടി തുടങ്ങി

Published : Sep 15, 2025, 07:06 PM IST
Arab Islamic summit

Synopsis

ഇസ്രയേലിന് രൂക്ഷ വിമർശനമാണ് ഉച്ചകോടിയില്‍ ഉയരുന്നത്. ഹമാസ് നേതാക്കളെ വധിക്കാൻ ആയിരുന്നു ലക്ഷ്യമെങ്കിൽ ചർച്ച എന്തിന് എന്ന് ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽതാനി ഉച്ചകോടിയില്‍ ചോദിച്ചു.

ദോഹ: ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ നിലപാട് പ്രഖ്യാപിക്കുന്ന അറബ് - ഇസ്ലാമിക് ഉച്ചകോടി തുടങ്ങി. ഇസ്രയേലിന് രൂക്ഷ വിമർശനമാണ് ഉച്ചകോടിയില്‍ ഉയരുന്നത്. ഹമാസ് നേതാക്കളെ വധിക്കാൻ ആയിരുന്നു ലക്ഷ്യമെങ്കിൽ ചർച്ച എന്തിന് എന്ന് ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽതാനി ഉച്ചകോടിയില്‍ ചോദിച്ചു. അറബ് മേഖല ഇസ്രയേലി സ്വാധീനത്തിൽ വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വപ്നം കാണുന്നു. അത് വ്യാമോഹമാണെന്നും ഖത്തർ അമീർ വിമര്‍ശിച്ചു. ഇസ്രയേലുമായി എന്ത് സമീപനം സ്വീകരിക്കണമെന്നതിൽ ഇന്നത്തെ പ്രഖ്യാപനം നിർണായകമാണ്. അറബ് - ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഒറ്റക്കെട്ടായ നിലപാടാണ് പ്രഖ്യാപിക്കുക എന്നതിനാൽ ലോകക്രമത്തിൽ ഇത് വലിയ സ്വാധീനമുണ്ടാക്കും. ഖത്തർ അമീറിന് പുറമേ യുഎഇ വൈസ് പ്രസിഡണ്ട്, തുർക്കി, ഈജിപ്ത് പ്രസിഡണ്ടുമാർ, കുവൈത്ത് കിരീടാവകാശി, ഒമാൻ ഉപ പ്രധാനമന്ത്രി, സിറിയൻ ഇടക്കാല പ്രസിഡന്‍റ് ഉൾപ്പടെയുള്ള നേതാക്കളാണ് ഉച്ചകോടില്‍ പങ്കെടുക്കുന്നത്.

ബെഞ്ചമിൻ നെതന്യാഹു നടത്തിയ വെല്ലുവിളികൾക്ക് ശക്തമായ മറുപടിയും നടപടികളും ഇന്ന് പ്രതീക്ഷിക്കാം. ഖത്തറിനെതിരായ ആക്രമണത്തിലെ നിലപാട് എന്നതിലുപരി മേഖലയുടെ ആകെ സമാധാനത്തിലേക്കും സ്വതന്ത്ര പലസ്തീനിലേക്കും വാതിൽ തുറക്കുന്നതാകും ഉച്ചകോടിയെന്ന് കണക്കാപ്പെടുന്നു. യെമനിലും സിറിയയിലും ലബനനിലും എല്ലാം ഇസ്രയേൽ തോന്നുംപടി ആക്രമിക്കുന്ന സ്ഥിതിയാണ്. സമാധാന നിർദേശങ്ങൾ എല്ലാം ഇസ്രയേൽ തകിടം മറിക്കുന്നതിലും കടുത്ത അതൃപ്തിയുണ്ട്. സമാധാനത്തിനും സഹവർത്തിത്വത്തിനും ഇസ്രയേൽ ഭീഷണിയാമെന്നാണ് ഉച്ചകോടിയുടെ കരട് പ്രമേയം. അതുകൊണ്ട് പ്രസ്താവനയ്ക്കപ്പുറം ഇസ്രയേലുമായുള്ള ബന്ധത്തിന്റെ ഭാവിയിൽ കാര്യമായ നടപടികളുണ്ടാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്. അമേരിക്ക മുൻകൈയെടുത്ത് അറബ് രാജ്യങ്ങളും ഇസ്രയേലുമായുള്ള ബന്ധത്തിന് കൊണ്ടുവന്ന അബ്രഹാം കരാറും ഇസ്രയേൽ ആക്രമണത്തോടെ അനിശ്ചിതത്വത്തിലാകും. പലസ്തീന്റെ കാര്യത്തിൽ അടിയുറച്ച നിലപാടിലാണ് അറബ് ഇസ്ലാമിക് രാജ്യങ്ങളാകെ. സൗദിയും ഫ്രാൻസും മുൻകൈയെടുത്ത് കൊണ്ടുവന്ന സ്വതന്ത്ര പലസ്തീൻ പ്രഖ്യാപനത്തിന് ലോക രാഷ്ട്രങ്ങളുടെ വലിയ പിന്തുണയും ലഭിക്കുന്നുണ്ട്. ഈ ഘട്ടത്തിലാണ് മുൻപില്ലാത്ത വിധമുള്ള ആക്രമണത്തിലേക്ക് ഇസ്രയേൽ കടന്നതും. സ്വതന്ത്ര പലസ്തീൻ എന്നതിൽ നിന്ന് ഇനി ഈ രാഷ്ട്രങ്ങൾ പിറകോട്ടില്ല. ചുരുക്കത്തിൽ മിഡിൽ ഈസ്റ്റ് മേഖലയിലെ ശ്രദ്ധേയ പ്രഖ്യാപനങ്ങളിലൊന്നാകും ഇന്ന് പുറത്തു വരിക.

PREV
Read more Articles on
click me!

Recommended Stories

വിട്ടുവീഴ്ചയില്ലാതെ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും സമാധാന ചർച്ചകളും പരാജയപ്പെട്ടു, അതിർത്തികളിൽ കനത്ത വെടിവെപ്പ്
'ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ബഹുമതികളിൽ ഒന്ന്'! ഫിഫ സമാധാന പുരസ്കാരം ഏറ്റുവാങ്ങി ഡോണൾഡ് ട്രംപ്