ഇത് തുടക്കമോ? ഭയപ്പാടിൽ പാകിസ്ഥാൻ മായ്ച്ചുകളഞ്ഞ 'ഇറ്റ് ഈസ് ഓവർ', കത്തിപ്പടര്‍ന്ന് അധികാര കേന്ദ്രങ്ങളും ജെൻസി ചിന്തകളും നേര്‍ക്കുനേര്‍ വരുമ്പോൾ

Published : Jan 09, 2026, 01:13 PM IST
Zorain Nizamani

Synopsis

പാകിസ്താനിലെ ശക്തമായ സൈനിക-ഭരണകൂട സംവിധാനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് ഒരു യുവാവ് എഴുതിയ ലേഖനം സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. അമേരിക്കയിൽ പിഎച്ച്ഡി വിദ്യാർത്ഥിയായ സൊറൈൻ നിസാമാനി എഴുതിയ "ഇറ്റ് ഈസ് ഓവർ" എന്ന ലേഖനമാണ് ഭരണകൂടത്തെ വിറപ്പിച്ചത്

പാകിസ്താനിലെ സൈനിക ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെ ആഞ്ഞടിച്ച് യുവ ഗവേഷകൻ എഴുതിയ ലേഖനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുന്നു. പാകിസ്ഥാനിലെ പ്രശസ്തരായ നടീനടന്മാരായ ഫസീല ഖാസിയുടെയും ഖൈസർ ഖാൻ നിസാമനിയുടെയും മകനും, യുഎസിൽ പിഎച്ച്‌ഡി വിദ്യാർത്ഥിയുമായ സോറൈൻ നിസാമനി എഴുതിയ ലേഖനമാണ് വലിയ ചർച്ചകൾക്ക് വഴിവെച്ചത്. ജനുവരി ഒന്നിന് പാകിസ്ഥാനിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ 'ദ എക്സ്പ്രസ് ട്രിബ്യൂണിലാണ്' ഈ ലേഖനം പ്രസിദ്ധീകരിച്ചത്. എന്നാൽ പ്രസിദ്ധീകരിച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ പത്രത്തിന്റെ വെബ്‌സൈറ്റിൽ നിന്നും ഇത് നീക്കം ചെയ്യപ്പെട്ടു. പാകിസ്ഥാൻ സൈന്യത്തിന്റെ സമ്മർദ്ദത്തെത്തുടർന്നാണ് ഇത് നീക്കം ചെയ്തതെന്ന ആരോപണം ശക്തമായതോടെ ലേഖനം സോഷ്യൽ മീഡിയയിൽ വൈറലാവുകയും സോറൈൻ ഒരു 'യൂത്ത് ഐക്കൺ' ആയി മാറുകയും ചെയ്തു.

ലേഖനത്തിലെ പ്രധാന കാര്യങ്ങൾ:

പാകിസ്ഥാനിലെ ഭരണവർഗവും പുതിയ തലമുറയും തമ്മിലുള്ള വലിയ അകൽച്ചയെക്കുറിച്ച് ലേഖനം പ്രതിപാദിക്കുന്നു. പഴയ തലമുറയ്ക്ക് പുതിയ കാലത്തെ യുവാക്കളുടെ ആവശ്യങ്ങൾ മനസ്സിലാകുന്നില്ലെന്ന് സോറൈൻ ലേഖനത്തിൽ വ്യക്തമാകുന്നു. നിർബന്ധിതമായി മുദ്രാവാക്യങ്ങൾ വിളിപ്പിക്കുന്നതല്ല ദേശസ്‌നേഹമെന്നും, തുല്യനീതിയും അവസരങ്ങളുമാണ് യുവാക്കൾ ആഗ്രഹിക്കുന്നതെന്നും സോറൈൻ എഴുതി. "യുവതലമുറ വേഗതയേറിയ ഇന്റർനെറ്റ് ആഗ്രഹിക്കുമ്പോൾ, അധികാരികൾ ഇന്റർനെറ്റിന് മുകളിൽ ഫയർവാൾ സ്ഥാപിക്കാൻ നോക്കുന്നു. യുവാക്കൾക്ക് കുറഞ്ഞ വിലയിൽ സ്മാർട്ട്ഫോണുകൾ വേണം, എന്നാൽ ഭരണകൂടം അതിന് ടാക്സ് കൂട്ടുന്നു," എന്നും ലേഖനത്തിൽ പറയുന്നു. മുൻപ് ജനങ്ങൾ ഭയപ്പെട്ടിരുന്നു, എന്നാൽ ഇപ്പോൾ യുവാക്കൾ ഭരണകൂടത്തിന്റെ നുണകൾ വിശ്വസിക്കുന്നില്ലെന്നും അവർക്ക് സത്യങ്ങൾ അറിയാമെന്നും ലേഖനത്തിൽ ഉണ്ട്.

ലേഖനം നീക്കം ചെയ്തത് പാകിസ്ഥാനിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് മനുഷ്യാവകാശ പ്രവർത്തകരും രാഷ്ട്രീയ നിരീക്ഷകരും വിമർശിച്ചു. തന്റെ ലേഖനം ഏതെങ്കിലും പ്രത്യേക സ്ഥാപനത്തിനോ രാഷ്ട്രീയ പാർട്ടിക്കോ എതിരല്ലെന്നും, തന്റെ വ്യക്തിപരമായ നിരീക്ഷണങ്ങൾ മാത്രമാണെന്നും സോറൈൻ പിന്നീട് ഇൻസ്റ്റാഗ്രാമിലൂടെയും ലിങ്ക്ഡ്ഇനിലൂടെയും വ്യക്തമാക്കി. തന്റെ കുടുംബത്തെയും മാതാപിതാക്കളെയും ഇതിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അഭ്യർത്ഥിച്ചു.

സോറൈന്റെ ലേഖനത്തിന് മറുപടിയായി പാകിസ്ഥാൻ സൈന്യത്തിന്റെ മീഡിയ വിഭാഗമായ ISPR യുവാക്കളെ ലക്ഷ്യം വെച്ച് മറ്റ് ലേഖനങ്ങൾ പ്രസിദ്ധീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.

ചുരുക്കത്തിൽ, പാകിസ്ഥാനിലെ പരമ്പരാഗത അധികാര കേന്ദ്രങ്ങളും ആധുനിക ചിന്താഗതിയുള്ള യുവാക്കളും തമ്മിലുള്ള സംഘർഷത്തിന്റെ പ്രതീകമായി ഈ സംഭവം മാറിയിരിക്കുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിമിഷ നേരം, ഷോപ്പിംഗ് മാളിലേക്ക് ഇരച്ചെത്തിയ കൂട്ടം, അമ്പതോളം ചെമ്മരിയാടുകൾ അകത്ത് കാട്ടിക്കൂട്ടിയത് കണ്ട് തലയിൽ കൈവച്ച് ജീവനക്കാര്‍
ഇളകിമറിഞ്ഞ് ഇറാൻ, ഇന്റർനെറ്റ് വിച്ഛേദിച്ചു, പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് മുൻരാജകുമാരൻ, ഖമനേയിയുടെ അടിപതറുമോ?