റോം: കൊവിഡ് വൈറസ് ബാധ ഇറ്റലിയില്‍ സൃഷ്ടിക്കുന്ന സമാനതകള്‍ ഇല്ലാത്ത ദുരന്തമെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച മാത്രം ഇറ്റലിയില്‍ വൈറസ് ബാധയില്‍ മരണപ്പെട്ടവരുടെ എണ്ണം 368 ആണ്.  ലൊംബാര്‍ഡി മേഖലയിലെ ലേക്കോ ഡി ബിര്‍ഗാനോ എന്ന പത്രത്തിനാണു ചരമപ്പേജുകളുടെ എണ്ണം ഒന്നില്‍നിന്ന് 10 ആയി ഉയര്‍ത്തേണ്ടിവന്നത്. 

ഫെബ്രുവരി ഒന്‍പതിന് ഒരു ചരമപ്പേജുമായാണു പത്രം അച്ചടിച്ചത്. പിന്നീട് സാവധാനം ചരമപ്പേജുകളുടെ എണ്ണംകൂടുകയായിരുന്നു. കോവിഡ് ബാധിച്ചുള്ള മരണം 1,266 ലെത്തിയ മാര്‍ച്ച് 13 നു ചരമപ്പേജുകളുടെ എണ്ണം 10 ആയി. ഇപ്പോള്‍ ഇറ്റലിയില്‍ കൊവിഡിനാല്‍ മരണപ്പെട്ടവരുടെ എണ്ണം 1809 ആണ്. ഇത് പ്രകാരം ഒരോ അരമണിക്കൂറിലും ഒരു കൊവിഡ് മരണം ഇറ്റലിയില്‍ നടക്കുന്നു എന്നാണ് കണക്ക്.

ബര്‍ഗമോയില്‍ മരണനിരക്ക് കൂടിയതോടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ മോര്‍ച്ചറികളില്‍ ഇടമില്ലാതായി. തുടര്‍ന്നു പള്ളികളില്‍ പ്രത്യേകം സംവിധാനമുണ്ടാക്കി മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ തുടങ്ങി. രോഗികളുടെ എണ്ണം കൂടിയതോടെ വിവിധ ആശുപത്രികളില്‍ ആരോഗ്യനില തീരെ മോശമായവര്‍ക്കും 80 വയസില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്കും അത്യാഹിത വിഭാഗത്തില്‍ പ്രവേശനം നിഷേധിച്ചു തുടങ്ങി. യുദ്ധകാലത്തേതിനു സമാനമായ അവസ്ഥയാണ് ആശുപത്രികളിലെന്നാണ് ആരോഗ്യ വ‍ൃത്തങ്ങള്‍ തന്നെ പറയുന്നത്. കൊവിഡ് ബാധയെ തുടര്‍ന്നു ഇറ്റലിയില്‍ സംസ്‌കാരച്ചടങ്ങുകള്‍ക്ക് നിയന്ത്രണമുണ്ട്. 

വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരം അടഞ്ഞുകിടന്നു. എന്നാല്‍,  ഫാന്‍സിസ് മാര്‍പാപ്പ കുര്‍ബാന അര്‍പ്പിക്കുന്നത്  ടിവി ചാനലുകള്‍ സംപ്രേഷണം ചെയ്തു. രോഗികളെയും ദുഃഖിതരെയും സഹായിക്കാനുള്ള ശ്രമം തുടരണമെന്നും മാര്‍പാപ്പ ഇന്നലെ ആഹ്വാനം ചെയ്തു.  

ഉള്‍പ്പടെ ഇറ്റലിയില്‍ കോവിഡ് 19 ബാധിതരായവരുടെ എണ്ണം 24,747 ആണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. മരണനിരക്കും വന്‍തോതില്‍ ഉയര്‍ന്നിട്ടുണ്ട്..  8,372 പേര്‍ രോഗലക്ഷണങ്ങളോടെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നു. 

ഇറ്റലിയിലെ ആരോഗ്യ സഹമന്ത്രി പിയര്‍പാലോ സിലേരിക്ക് കോവിഡ് 19 സ്ഥിരീകരിച്ചിട്ടുണ്ട്. ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് നികാളോ സിഗാരട്ടി, ആല്‍ബെര്‍ട്ടോ സിറിയോ, പിയോഡ്‌മോണ്ട് ഉത്തരമേഖലാ പ്രസിഡന്റ് ആല്‍ബര്‍ട്ട് സിരിയോ, സൈനിക മേധാവി  സാല്‍വട്ടോര്‍ ഫറീന, വിദ്യാഭ്യാസസഹമന്ത്രി അന്ന അസ്‌കാനി എന്നിവരും രോഗബാധിതരായി ചികിത്സയിലുള്ള പ്രമുഖരാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം കോവിഡ് 19 വൈറസിന്റെ പ്രഭവകേന്ദ്രമായി യൂറോപ്പിനെ പ്രഖ്യാപിച്ചിട്ടുണ്ട്.