
ധാക്ക: ബംഗ്ലാദേശിലെ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനാവാതെ ജമാഅത്തെ ഇസ്ലാമി. സഖ്യത്തിന് നൂറു സീറ്റു പോലും തികച്ച് ലഭിച്ചില്ല. ഷെയ്ഖ് ഹസീനയെ അധികാരത്തിൽ നിന്ന് പുറത്താക്കിയ പ്രക്ഷോഭത്തിന്റെ നായകർ രൂപീകരിച്ച നാഷണൽ സിറ്റിസൺ പാർട്ടിക്കും നേട്ടം ഉണ്ടാക്കാനായില്ല. ജമാഅത്തുമായി ഉണ്ടാക്കിയ സഖ്യം സിറ്റിസൺ പാർട്ടിക്ക് വലിയ ക്ഷീണമായി. തോൽവി അംഗീകരിച്ച ജമാഅത്ത് ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവർത്തിക്കും എന്ന് പ്രഖ്യാപിച്ചു.
.പ്രവചനങ്ങൾ എല്ലാം മറികടന്ന വമ്പൻ വിജയമാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് ലഭിച്ചത്. 300 അംഗ പാർലമെന്റിൽ ഇരുന്നൂറിലേറെ സീറ്റുകളിൽ ബിഎൻപി വിജയം നേടി. ഷെയ്ഖ് ഹസീന പുറത്തായ ശേഷമുള്ള ആദ്യ പൊതുതെരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് മൂന്നിൽ രണ്ട് ഭൂരിപക്ഷം ലഭിച്ചു. പ്രധാനമന്ത്രി സ്ഥാനാർത്ഥിയും ബിഎൻപി അധ്യക്ഷനുമായ താരിഖ് റഹ്മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഏഴു വനിതാ സ്ഥാനാർത്ഥികൾ ജയിച്ചതിൽ ആറു പേരും ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയിൽ നിന്നാണ്.
ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് തന്‍റെ പ്രഥമ പരിഗണന എന്ന് നിയുക്ത പ്രധാനമന്ത്രി താരിഖ് റഹ്മാൻ പറഞ്ഞു. പുതിയ ബംഗ്ലാദേശിന്‍റെ പിറവി സംഭവിച്ചിരിക്കുന്നു എന്നാണ് ഇടക്കാല സർക്കാരിന്‍റെ തലവൻ മുഹമ്മദ് യൂനുസിന്റെ പ്രതികരണം. തെരഞ്ഞെടുപ്പിനൊപ്പം ചില സുപ്രധാന നിയമ ഭേദഗതികളിൽ ഹിതപരിശോധനയും നടന്നിരുന്നു. ഒരാൾ പരമാവധി രണ്ടു തവണ മാത്രമേ പ്രധാനമന്ത്രി ആകാവൂ എന്ന നിയമ ഭേദഗതി വോട്ടർമാർ അംഗീകരിച്ചു. പാർലമെന്റിന് പുതിയ ഉപരിസഭ രൂപീകരിക്കാനുള്ള തീരുമാനത്തിനും ഹിതപരിശോധനയിൽ അംഗീകാരം കിട്ടി. പുറത്താക്കപ്പെട്ട മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ അവാമി ലീഗ് പാർട്ടിക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും ഫലം റദ്ദാക്കണമെന്നും ഇപ്പോൾ ഇന്ത്യയിൽ കഴിയുന്ന ഷെയ്ഖ് ഹസീന ആവശ്യപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam