
ഇരുപതാം നൂറ്റാണ്ടിൽ ശാസ്ത്ര ലോകത്ത് നിർണായക വഴിത്തിരിവായി മാറിയ ഡിഎൻഎ ഘടന കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ജെയിംസ് വാട്സൺ അന്തരിച്ചു. 97 വയസ്സായിരുന്നു. ഫ്രാൻസിസ് ക്രിക്ക് എന്ന ശാസ്ത്രജ്ഞനൊപ്പമാണ് ഡിഎൻഎയുടെ പിരിയൻ ഗോവണി (ഡബിൾ ഹീലിക്സ്) ഘടന വാട്സൺ കണ്ടുപിടിച്ചത്. ഈ കണ്ടുപിടിത്തത്തിന് 1962ൽ ഇരുവരെയും തേടി വൈദ്യശാസ്ത്ര നൊബേൽ സമ്മാനമെത്തി.
ചിക്കാഗോയിൽ ജനിച്ച വാട്സണ് ഇത്ര വലിയൊരു കണ്ടുപിടിത്തം നടത്തുമ്പോൾ പ്രായം വെറും 24. വൈദ്യശാസ്ത്ര മേഖലയിലും കുറ്റവാളികളെ കണ്ടെത്തുന്നതിലുമെല്ലാം പുതിയൊരു വഴി വെട്ടിത്തുറന്ന ആ കണ്ടുപിടിത്തത്തിലൂടെ വാട്സണ്‍ ശാസ്ത്ര ലോകത്ത് ആദരണീയനായി. അതേ മനുഷ്യൻ തന്നെ ജീവിതത്തിന്‍റെ അവസാന കാലഘട്ടത്തിൽ, കറുത്ത വർഗ്ഗക്കാർ വെള്ളക്കാരേക്കാൾ ബുദ്ധികുറഞ്ഞവരാണെന്ന അധിക്ഷേപകരമായ. പരാമർശം നടത്തി ലോകത്തിന്‍റെ വിമർശനം ഏറ്റുവാങ്ങി.
ഡിഓക്സിറൈബോന്യൂക്ലിക് ആസിഡ് അഥവാ ഡിഎൻഎയുടെ പിരിയൻ ഗോവണി ഘടന, പാരമ്പര്യ വിവരങ്ങൾ എങ്ങനെ സംഭരിക്കുന്നു എന്നും കോശങ്ങൾ വിഭജിക്കുമ്പോൾ അവയുടെ ഡി.എൻ.എ എങ്ങനെ പകർപ്പെടുക്കുന്നു എന്നും സൂചന നൽകി. ജീവികളുടെ ജനിതക ഘടനയിൽ മാറ്റം വരുത്തുക, രോഗികൾക്ക് ജീനുകൾ നൽകി ചികിത്സിക്കുക, ഡിഎൻഎ സാമ്പിളുകളിൽ നിന്ന് മൃതദേഹങ്ങളെയും പ്രതികളെയും തിരിച്ചറിയുക, കുടുംബ വംശാവലി കണ്ടെത്തുക തുടങ്ങിയവയ്ക്കെല്ലാം ഈ കണ്ടെത്തൽ വഴി തുറന്നു.
താനും ഫ്രാൻസിസ് ക്രിക്കും നൂറ്റാണ്ടിന്റെ കണ്ടെത്തലാണ് നടത്തിയതെന്നാണ് വാട്സണ്‍ അന്ന് പ്രതികരിച്ചത്. എന്നാൽ ആ പിരിയൻ ഗോവണി ഘടന ശാസ്ത്രത്തിലും സമൂഹത്തിലും ഇത്രയും ചലനം ഉണ്ടാക്കുമെന്ന് ഒരിക്കലും മുൻകൂട്ടി കണ്ടിരുന്നില്ല എന്നാണ് അദ്ദേഹം പിന്നീട് പ്രതികരിച്ചത്. ഇത്രയും വലിയ മറ്റൊരു കണ്ടെത്തൽ വാട്സൺ പിന്നീട് നടത്തിയിട്ടില്ല. എന്നാൽ മനുഷ്യ ജീനോം മാപ്പ് ചെയ്യുന്നതിനുള്ള പദ്ധതിക്ക് മാർഗ്ഗനിർദ്ദേശം നൽകി. മിടുക്കരായ യുവ ശാസ്ത്രജ്ഞർക്ക് വേണ്ട നിർദേശങ്ങൾ നൽകാനും അദ്ദേഹം ശ്രദ്ധിച്ചു.
2007-ൽ വാട്സന്‍റെ വിവാദ പരാമർശം വന്നത് ലണ്ടനിലെ സൺഡേ ടൈംസ് മാഗസിനിലാണ്: "ആഫ്രിക്കയുടെ ഭാവിയെക്കുറിച്ച് ഓർക്കുമ്പോൾ ദുഖമുണ്ട്. നമ്മുടെ എല്ലാ നയങ്ങളും അവരുടെ ബുദ്ധിശക്തി നമ്മുടേത് പോലെയാണെന്ന ചിന്തയെ അടിസ്ഥാനമാക്കിയുള്ളതാണ്. എല്ലാവരും തുല്യരായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, കറുത്ത വർഗ്ഗക്കാരായ ജീവനക്കാരുമായി ഇടപെഴകുന്ന ആളുകൾക്ക് ഇത് സത്യമല്ലെന്ന് മനസ്സിലാകും". പിന്നീട് അദ്ദേഹം മാപ്പ് പറഞ്ഞു. പക്ഷേ ആഗോള തലത്തിലെ പ്രതിഷേധം കാരണം ന്യൂയോർക്കിലെ കോൾഡ് സ്പ്രിംഗ് ഹാർബർ ലബോറട്ടറിയിലെ ചാൻസലർ സ്ഥാനത്ത് നിന്ന് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. ഒരാഴ്ചയ്ക്ക് ശേഷം അദ്ദേഹം വിരമിച്ചു.. 2019-ൽ പുറത്തുവന്ന ഡോക്യുമെന്ററിയിൽ, തന്റെ കാഴ്ചപ്പാടുകൾ മാറിയോ എന്ന് വാട്സനോട് ചോദിക്കുകയുണ്ടായി. മാറിയിട്ടില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. തുടർന്ന് കോൾഡ് സ്പ്രിംഗ് ഹാർബർ ലാബ് വാട്സണിന് നൽകിയിരുന്ന നിരവധി ഓണററി പദവികൾ റദ്ദാക്കി, അദ്ദേഹത്തിന്റെ പ്രസ്താവനകൾ ആക്ഷേപകരവും ശാസ്ത്രത്തിന്റെ പിൻബലമില്ലാത്തതും ആണെന്ന് പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.