
ടോക്കിയോ: ഫുകുഷിമ ആണവ ദുരന്തത്തെത്തുടർന്ന് 15 വർഷമായി അടച്ചിട്ടിരുന്ന കാഷിവാസാക്കി - കാരിവ ആണവനിലയം വീണ്ടും തുറക്കാൻ ജപ്പാൻ. നിലയം സ്ഥിതിചെയ്യുന്ന നീഗറ്റ പ്രിഫെക്ചറിലെ നിയമസഭ തിങ്കളാഴ്ചയാണ് ഇതിനുള്ള നിർണായക വോട്ടെടുപ്പിലൂടെ അംഗീകാരം നൽകിയത്.
ലോകത്തിലെ ഏറ്റവും വലിയ ആണവ നിലയമാണ് ഇത്. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറച്ച് ഊർജ്ജലഭ്യത ഉറപ്പാക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് നിർണായക തീരുമാനം. ആണവ നിലയം വീണ്ടും തുറക്കുന്നതിനോടുള്ള പ്രദേശവാസികളുടെ ആശങ്കൾക്കിടെയാണ് ആണവനിലയം സ്ഥിതി ചെയ്യുന്ന നീഗറ്റ പ്രവിശ്യാ അസംബ്ലി ബില്ലിന് അംഗീകാരം നൽകി. ഇതോടെയാണ് നിലയത്തിലെ ഏഴ് റിയാക്ടറുകളിൽ ഒന്ന് വീണ്ടും പ്രവർത്തിപ്പിക്കാൻ ടോക്കിയോ ഇലക്ട്രിക് പവർ കമ്പനിക്ക് അനുമതി ലഭിച്ചിരിക്കുന്നത്. ആറാം നമ്പർ റിയാക്ടറാണ് ജനുവരി 20 ന് വീണ്ടും പ്രവർത്തനക്ഷമമാക്കുന്നത്.
2011-ലെ വൻ ഭൂകമ്പത്തെയും സുനാമിയെയും തുടർന്ന് ഫുകുഷിമ ദായിച്ചി നിലയത്തിൽ ആണവ ചോർച്ച സംഭവിച്ചിരുന്നു. ഇതിന് ശേഷം അതീവ ജാഗ്രതയോടെയാണ് ജപ്പാൻ ഈ മേഖലയെ സമീപിക്കുന്നത്. 1986-ലെ ചെർണോബിൽ ദുരന്തത്തിന് ശേഷം ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തമായിരുന്നു ഫുകുഷിമയിലേത്. ദുരന്തത്തിന് ശേഷം രാജ്യത്തെ 54 ആണവനിലയങ്ങളും ജപ്പാൻ അടച്ചിട്ടിരുന്നു. പിന്നീട് വിവിധ ഘട്ടങ്ങളിലായാണ് നിലവിൽ പ്രവർത്തനക്ഷമമായ 33 റിയാക്ടറുകളിൽ 14 എണ്ണം വീണ്ടും തുറന്നത്. ഫുകുഷിമ നിലയം പ്രവർത്തിപ്പിച്ചിരുന്ന അതേ കമ്പനിയായ ടെപ്‌കോയുടെ കീഴിൽ വീണ്ടും തുറക്കുന്ന ആദ്യ നിലയമാണ് നീഗറ്റയിലേത്. അപകടം ആവർത്തിക്കില്ലെന്ന് കമ്പനി ഉറപ്പുനൽകുന്നുണ്ട്.
ഫുകുഷിമ ദുരന്തത്തിന് മുമ്പ് ജപ്പാന്റെ വൈദ്യുതി ഉപഭോഗത്തിന്റെ 30 ശതമാനവും ആണവനിലയങ്ങളിൽ നിന്നായിരുന്നു. ദുരന്തശേഷം കൽക്കരി, ഗ്യാസ് തുടങ്ങിയ വിലകൂടിയ ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കാൻ രാജ്യം നിർബന്ധിതരായി. കഴിഞ്ഞ വർഷം മാത്രം ഇന്ധന ഇറക്കുമതിക്കായി ജപ്പാൻ ഏകദേശം 68 ബില്യൺ ഡോളറാണ് ചെലവാക്കിയത്. ആണവോർജ്ജ ഉപയോഗത്തെ ശക്തമായി പിന്തുണയ്ക്കുന്ന നേതാവാണ് പുതുതായി അധികാരമേറ്റ പ്രധാനമന്ത്രി സാനെ ടകായ്ച്ചി. വിലക്കയറ്റവും സാമ്പത്തിക മാന്ദ്യവും നേരിടാൻ ആണവോർജ്ജ മേഖലയെ പുനരുജ്ജീവിപ്പിക്കണമെന്നാണ് ടകായ്ച്ചിയുടെ നിലപാട്. 2050-ഓടെ കാർബൺ വികിരണം പൂജ്യത്തിലെത്തിക്കാൻ ജപ്പാൻ ലക്ഷ്യമിടുന്നുണ്ട്. എഐ സാങ്കേതികവിദ്യയുടെ വളർച്ചയും ഡാറ്റാ സെന്ററുകളുടെ വർദ്ധനവും കാരണം വരും വർഷങ്ങളിൽ ജപ്പാന്റെ വൈദ്യുതി ആവശ്യം ഇനിയും കൂടാനാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam