
വാഷിങ്ടണ്‍: റഷ്യയ്ക്ക് യുക്രൈനെ കീഴടക്കാനും ആധിപത്യം സ്ഥാപിക്കാനുമുള്ള കഴിവില്ലെന്ന് യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ്. യൂറോപ്പിനെ ആക്രമിക്കുന്ന കാര്യം പിന്നെ പറയേണ്ടതില്ലല്ലോ എന്നും തുൾസി ഗബ്ബാർഡ് പറഞ്ഞു. അമേരിക്കയുടെ നേതൃത്വത്തിൽ നടക്കുന്ന സമാധാന ശ്രമങ്ങളെ തടസ്സപ്പെടുത്താൻ യുദ്ധക്കൊതിയന്മാരും പാശ്ചാത്യ മാധ്യമങ്ങളിലെ ഒരു വിഭാഗവും തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും തുൾസി ഗബ്ബാർഡ് വിമർശിച്ചു.
"വാസ്തവത്തിൽ റഷ്യയ്ക്ക് യുക്രൈനെ കീഴടക്കാനും അധിനിവേശം നടത്താനുമുള്ള കഴിവ് ഇല്ലെന്നാണ് യുഎസ് ഇന്‍റലിജൻസ് വിലയിരുത്തുന്നത്. യൂറോപ്പിനെ ആക്രമിക്കുന്ന കാര്യം പിന്നെ പറയേണ്ടതില്ലല്ലോ"- തുൾസി ഗബ്ബാർഡ് സാമൂഹിക മാധ്യമമായ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. മറിച്ചുള്ള അവകാശവാദങ്ങൾ യുദ്ധാനുകൂലികളുടെ ന്യായീകരണമാണെന്നും അവർ ആരോപിച്ചു.
യുക്രൈനിലും യൂറോപ്പിലും സമാധാനം സ്ഥാപിക്കാനുള്ള, അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ ശ്രമങ്ങളെ ദുർബലപ്പെടുത്താൻ ശ്രമിക്കുന്നത് യുദ്ധക്കൊതിയന്മാരും അവരുടെ മാധ്യമങ്ങളും ആണെന്ന് ഗബ്ബാർഡ് ആരോപിച്ചു. റഷ്യ യൂറോപ്പിനെ ആക്രമിച്ച് കീഴടക്കാൻ ലക്ഷ്യമിടുന്നുവെന്ന യൂറോപ്യൻ യൂണിയന്റെയും നാറ്റോയുടെയും വീക്ഷണത്തെ യുഎസ് ഇന്റലിജൻസ് വിഭാഗം പിന്തുണയ്ക്കുന്നുവെന്ന് ഈ ഗ്രൂപ്പുകൾ തെറ്റായി അവകാശപ്പെടുകയാണെന്ന് അവർ പറഞ്ഞു.
ഇയു രാജ്യങ്ങളെ ആക്രമിക്കാൻ റഷ്യ പദ്ധതിയിടുന്നുവെന്ന വാദം റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിൻ തന്നെ തള്ളിക്കളഞ്ഞിട്ടുണ്ട്. അസംബന്ധം എന്നാണ് പുടിൻ വിശേഷിപ്പിച്ചത്. ഭയത്തെ മുൻനിർത്തി സൈനിക ചെലവിനെ ന്യായീകരിക്കുകയാണ് ഈ പാശ്ചാത്യ രാഷ്ട്രീയക്കാർ ചെയ്യുന്നതെന്ന് പുടിൻ ആരോപിച്ചു.
ഗബ്ബാർഡിന്റെ അഭിപ്രായത്തെ പുടിന്റെ പ്രത്യേക ദൂതൻ കിറിൽ ദിമിട്രിവ് പിന്തുണയ്ക്കുകയും ചെയ്തു. യുകെയിലും യൂറോപ്യൻ യൂണിയനിലും ഉടനീളം റഷ്യൻ വിരുദ്ധത വളർത്തി മൂന്നാം ലോക മഹായുദ്ധത്തിന് പ്രേരിപ്പിക്കാൻ ശ്രമിക്കുന്ന ഭരണകൂട യുദ്ധക്കൊതിയൻമാരെ ഗബ്ബാർഡ് തുറന്നുകാട്ടിയെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam