ഇതെന്തൊരു വിധി! നിരപരാധിയെന്ന് നിര്‍ത്താതെ പറഞ്ഞു, ഒരു കോടതിയും കേട്ടില്ല; മരിച്ച് 15 വര്‍ഷങ്ങള്‍ക്ക് ശേഷം പുനര്‍വിചാരണ!

Published : Jun 15, 2026, 03:22 PM IST
Hiromu Sakahara

Synopsis

വിചാരണ വേളയില്‍ സകാഹാര താന്‍ നിരപരാധിയാണെന്ന് വാദിച്ചു. പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും കുടുംബാംഗങ്ങളെ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചതെന്ന് പിന്നീട് അദ്ദേഹം തുറന്നുപറഞ്ഞു.

ടോക്കിയോ: ഒരു കൊലക്കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്നതിനിടെയാണ് ഹിരോമു സകാഹാര എന്ന ജപ്പാന്‍കാരന്‍ ന്യൂമോണിയ ബാധിച്ച് മരിച്ചത്. 24 വര്‍ഷമാണ് ഇതിനിടെ അദ്ദേഹം ജയിലില്‍ കഴിഞ്ഞത്. മരിച്ച് 15 വര്‍ഷത്തിന് ശേഷം ഇപ്പോഴിതാ അദ്ദേഹത്തിന്റെ കേസ് പുനര്‍വിചാരണയ്ക്ക് എടുക്കുന്നു. ജയിലില്‍ കഴിഞ്ഞ കാലത്തുടനീളം താന്‍ നിരപരാധിയാണെന്ന് വാദിച്ച അദ്ദേഹത്തിന് മരണാനന്തരമെങ്കിലും നീതി കിട്ടുമെന്ന വിശ്വാസത്തിലാണ് കുടുംബാംഗങ്ങള്‍.

1984-ല്‍ ഹിനോ എന്ന നഗരത്തില്‍ ഒരു കടയുടമയെ കൊലപ്പെടുത്തിയ കേസില്‍ ജയിലില്‍ കഴിയുന്നതിനിടെ 2011ലാണ് സകാഹാര മരിച്ചത്. പൊലീസ് തന്നെ മര്‍ദ്ദിക്കുകയും ബലമായി കുറ്റസമ്മത മൊഴി വാങ്ങിക്കുകയായിരുന്നുവെന്നുമാണ് അദ്ദേഹം നിരന്തരം പറഞ്ഞിരുന്നത്. ആ കേസിലാണ്, മരണാനന്തരം ഒരു ജാപ്പനീസ് കോടതി പുനര്‍വിചാരണ അനുവദിച്ചത്. പുനര്‍വിചാരണ ഉടന്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഒരു ജയില്‍വാസത്തിന്റെ കഥ

ജപ്പാനീസ് നഗരമായ ക്യോട്ടോയില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്ര ചെയ്താലെത്തുന്ന ഹിനോ എന്ന നഗരത്തില്‍ സാധാരണ ജീവിതം നയിക്കുന്നതിനിടെയാണ് സകാഹാരയുടെ ജീവിതം മാറിമറിഞ്ഞത്. 1984 ഡിസംബറില്‍, പ്രദേശത്തെ ഒരു മദ്യശാലയില്‍ കവര്‍ച്ച നടന്നു. അതിന്റെ മാനേജരുടെ മൃതദേഹം പിന്നീട് ഒരു വയലില്‍ നിന്ന് കണ്ടെത്തി. മദ്യശാലയിലെ സ്ഥിരം ഉപഭോക്താവായിരുന്നു സകാഹാര. അങ്ങനെയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യാനായി പോലീസ് വിളപ്പിച്ചത്. എന്നാല്‍, കൊല നടന്ന രാത്രിയില്‍ അദ്ദേഹം മറ്റൊരിടത്തിരുന്ന് മദ്യപിക്കുകയായിരുന്നുവെന്ന് ഭാര്യയ്ക്ക് തെളിയിക്കാന്‍ കഴിഞ്ഞു. തുടര്‍ന്ന്, അദ്ദേഹത്തെ വിട്ടയച്ചു.

എന്നാല്‍ മൂന്ന് വര്‍ഷത്തിന് ശേഷം ചോദ്യം ചെയ്യലിനായി പോലീസ് വീണ്ടും എത്തി. ഒരു ദിവസം തുടര്‍ച്ചയായി നടന്ന ചോദ്യം ചെയ്യലിനൊടുവില്‍ അദ്ദേഹം കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. തൊട്ടടുത്ത ദിവസം പോലീസ് അദ്ദേഹത്തെ കൊണ്ടുപോയി. പിന്നെ ഒരിക്കലും അദ്ദേഹം വീട്ടിലേക്ക് തിരിച്ചുവന്നില്ല.

വിചാരണ വേളയില്‍ സകാഹാര താന്‍ നിരപരാധിയാണെന്ന് വാദിച്ചു. പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിക്കുകയും കുടുംബാംഗങ്ങളെ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചതെന്ന് പിന്നീട് അദ്ദേഹം തുറന്നുപറഞ്ഞു. എന്നാല്‍, പോലീസിന്റെ വാദങ്ങള്‍ സമ്മതിച്ച കോടതി അദ്ദേഹത്തെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

പ്രതീക്ഷ കൈവിടാതെ കുടുംബം

24 വര്‍ഷമാണ് അദ്ദേഹം ജയിലില്‍ കിടന്നത്. ഇതിനിടെ കുടുംബാംഗങ്ങള്‍ പുനര്‍വിചാരണയ്ക്കുള്ള നിയമപോരാട്ടം ആരംഭിച്ചു. എന്നാല്‍, എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു. 2011-ല്‍ അദ്ദേഹത്തിന് ന്യൂമോണിയ ബാധിച്ചു. രണ്ട് പതിറ്റാണ്ടിലേറെ ജയിലില്‍ കഴിഞ്ഞതിനാല്‍ ശരീരം അതിനെ ദുര്‍ബലമായിരുന്നു. മാസങ്ങള്‍ക്കുള്ളില്‍ സകാഹാര ജയിലില്‍ വെച്ച് മരിച്ചു. കുടുംബം ആ പോരാട്ടം തുടര്‍ന്നു. ആ പോരാട്ടമാണ് ഇപ്പോള്‍ ഫലം കണ്ടത്. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ കേള്‍ക്കാന്‍ കൊതിച്ചിരുന്ന ആ വാര്‍ത്ത പങ്കുവെക്കാനായി കുടുംബാംഗങ്ങള്‍ കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ കല്ലറയ്ക്ക് ചുറ്റും ഒത്തുകൂടി.

'പിതാവിനെ ജയിലില്‍ നിന്ന് രക്ഷിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല. അതില്‍ വലിയ സങ്കടമുണ്ട്.' അദ്ദേഹത്തിന്റെ മകന്‍ കോജി സകാഹാര പറഞ്ഞു. 'പുനര്‍വിചാരണ അനുവദിക്കാനുള്ള തീരുമാനത്തില്‍ സന്തോഷമുണ്ടെങ്കിലും, ഇത് അങ്ങേയറ്റം വേദനാജനകമാണ്. ആളുകള്‍ ഞങ്ങളെ ഒരു കുറ്റവാളിയുടെ കുടുംബമായാണ് കണ്ടത്,എന്റെ അമ്മയ്ക്ക് 'കൊലയാളി' എന്ന് അധിക്ഷേപിക്കുന്ന ഫോണ്‍ കോളുകള്‍ ഒരുപാട് വന്നിരുന്നു.'-അദ്ദേഹം പറഞ്ഞു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഇരട്ട ബലാല്‍സംഗ കേസുകളില്‍ കുറ്റക്കാരന്‍; നോര്‍വെ കിരീടാവകാശിയുടെ മകന് നാല് വര്‍ഷം തടവ്
ഫേസ്ബുക്കും ഇൻസ്റ്റയും സ്നാപ്ചാറ്റും ഒന്നും ഇനി കിട്ടില്ല, 16 വയസിൽ താഴെയുള്ളവർക്ക് കടുത്ത നിയന്ത്രണം; ചരിത്ര തീരുമാനവുമായി ബ്രിട്ടൻ