
ബർഗൻസ്റ്റോക്ക്: പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കാനായി ഒപ്പുവെച്ച 14 ഇന ധാരണാപത്രവുമായി ബന്ധപ്പെട്ട് സ്വിറ്റ്സർലൻഡിൽ നടന്ന യുഎസ് - ഇറാൻ ചർച്ചകൾക്ക് ശേഷം യുഎസ് വൈസ് പ്രസിഡൻ്റ് ജെ ഡി വാൻസ് മടങ്ങി. വളരെ ഫലപ്രദമായ 36 മണിക്കൂറുകളായിരുന്നുവെന്ന് ജെ ഡി വാൻസ് മടക്കയാത്രയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് പറഞ്ഞു. മേഖലയിൽ സ്ഥിരത ഉറപ്പാക്കുന്നതിനുള്ള സംവിധാനങ്ങൾ രൂപീകരിക്കുന്നതിൽ സുപ്രധാന ചുവടുവെപ്പുകൾ നടത്തിയതായി വാൻസ് വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കൈവരിച്ച പുരോഗതിയിൽ തനിക്ക് വലിയ സന്തോഷമുണ്ടെന്ന് വാൻസ് പറഞ്ഞു. "ഞങ്ങൾ കൈവരിച്ച അടിസ്ഥാനപരമായ കാര്യങ്ങളിൽ ഒന്നാമത്തേത്, ഹോർമുസ് കടലിടുക്ക് ഇപ്പോൾ തുറന്നിരിക്കുന്നു എന്ന് മാത്രമല്ല, അത് എപ്പോഴും തുറന്നുതന്നെ കിടക്കുന്നു എന്ന് ഉറപ്പാക്കാനുള്ള ഒരു സംവിധാനം ഞങ്ങൾ രൂപീകരിച്ചു എന്നതാണ്. ഏകദേശം 1.5 കോടി ബാരൽ എണ്ണയാണ് അവിടെ നിന്ന് പുറത്തുവരുന്നതെന്നാണ് ഞങ്ങൾ കരുതുന്നത്. നിലവിൽ എണ്ണവില ഇത്രയും കുറയാൻ കാരണം ഇതാണ്. ഇത് ഗ്യാസ് വില കുറയുന്നതിന് കാരണമായി, ഇനിയും ഗ്യാസ് വില കുറയും"- വാൻസ് പറഞ്ഞു.
മേഖലാതലത്തിൽ വെടിനിർത്തൽ നടപ്പാക്കുന്നതിനും ഭാവിയിൽ ഉണ്ടായേക്കാവുന്ന സംഘർഷങ്ങൾ, പ്രത്യേകിച്ച് ലെബനനിലെ ഇസ്രായേൽ ആക്രമണങ്ങൾ പോലുള്ളവ കൈകാര്യം ചെയ്യുന്നതിനുമായി ഒരു ചട്ടക്കൂട് രൂപീകരിച്ചിട്ടുണ്ടെന്ന് ജെ ഡി വാൻസ് അറിയിച്ചു. രാജ്യത്തേക്ക് ആണവ നിരീക്ഷകരെ പ്രവേശിപ്പിക്കാൻ ഇറാൻ സമ്മതിച്ചതായും വാൻസ് പറഞ്ഞു. ഇറാൻ ഭരണകൂടത്തിന് ഒരിക്കലും ആണവായുധങ്ങൾ നിർമ്മിക്കാൻ കഴിയില്ലെന്ന് ഉറപ്പാക്കാൻ ഈ പരിശോധനകൾ കൂടുതൽ ശക്തമാക്കും. സാങ്കേതിക ചർച്ചകൾ തുടരും. ചർച്ചകൾ മുന്നോട്ട് കൊണ്ടുപോകുന്നതിനായി ഇരുവിഭാഗവും തങ്ങളുടെ സംഘാംഗങ്ങളെ അവിടെത്തന്നെ നിർത്തിയിട്ടുണ്ടെന്നും ജെ ഡി വാൻസ് അറിയിച്ചു.
സാങ്കേതിക ചർച്ചകളിൽ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ സംഘത്തിലെ നിരവധി പേരെ അവിടെ നിർത്തിയിട്ടുണ്ട്. ഇറാനും അവരുടെ സംഘത്തിലെ നിരവധി പേരെ അവിടെ നിർത്തിയിട്ടുണ്ട്. വളരെ ഫലപ്രദമായ 36 മണിക്കൂർ ആയിരുന്നു. ഏതൊരു കരാറിന്റെയും വിജയം ഇറാന്റെ വാഗ്ദാനങ്ങളിലല്ല, മറിച്ച് അവരുടെ പ്രവർത്തികളിലാണ് നിലകൊള്ളുന്നതെന്നും ജെ ഡി വാൻസ് പറഞ്ഞു. മരവിപ്പിച്ച ഇറാന്റെ ആസ്തികൾ വിട്ടുനൽകാൻ സാധ്യതയുണ്ടോ എന്ന ചോദ്യങ്ങളോട് പ്രതികരിക്കവെ, ഏത് തീരുമാനവും ചർച്ചകളിലെ തുടർച്ചയായ പുരോഗതിയെ ആശ്രയിച്ചിരിക്കുമെന്ന് വാൻസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam