പതിനാലുകാരനായ വിദ്യാർത്ഥിയാണ് സ്വന്തം സ്കൂളിൽ ഈ ഞെട്ടിക്കുന്ന കൂട്ടക്കൊല നടത്തിയത്. രാവിലെ ഒമ്പതരയോടെ കായിക പരിശീലന യൂണിഫോം ധരിച്ചെത്തിയ വിദ്യാർത്ഥി, ക്ലാസ് മുറികളിലേക്ക് യാതൊരു പ്രകോപനവുമില്ലാതെ കടന്നുചെന്ന് തുരുതുരെ നിറയൊഴിക്കുകയായിരുന്നു.
ബാങ്കോക്ക്: തായ്‌ലൻഡ് തലസ്ഥാനമായ ബാങ്കോക്കിന് സമീപമുള്ള സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥി നടത്തിയ വെടിവെപ്പിൽ അഞ്ച് അധ്യാപകർ ഉൾപ്പെടെ ഏഴുപേർ ദാരുണമായി കൊല്ലപ്പെട്ടു. പതിനാലുകാരനായ വിദ്യാർത്ഥിയാണ് സ്വന്തം സ്കൂളിൽ ഈ ഞെട്ടിക്കുന്ന കൂട്ടക്കൊല നടത്തിയത്. രാവിലെ ഒമ്പതരയോടെ കായിക പരിശീലന യൂണിഫോം ധരിച്ചെത്തിയ വിദ്യാർത്ഥി, ക്ലാസ് മുറികളിലേക്ക് യാതൊരു പ്രകോപനവുമില്ലാതെ കടന്നുചെന്ന് തുരുതുരെ നിറയൊഴിക്കുകയായിരുന്നു.
സ്കൂളിൽ എത്തുന്നതിന് മുൻപ് തന്നെ പ്രതി തന്റെ മുത്തശ്ശനെയും മുത്തശ്ശിയെയും വെടിവെച്ചു കൊന്നിരുന്നു. മുത്തശ്ശൻ ഉപയോഗിച്ചിരുന്ന തോക്കുമായാണ് വിദ്യാർത്ഥി സ്കൂളിൽ എത്തിയത്. ആക്രമണ വിവരം അറിഞ്ഞ ഉടൻ പൊലീസിന്റെ പ്രത്യേക കമാൻഡോ സംഘവും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി സ്കൂൾ വളഞ്ഞു. തുടർന്ന് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ കമ്പ്യൂട്ടർ മുറിയിൽ ഒളിച്ച അക്രമി സ്വയം വെടിവെച്ച് ജീവനൊടുക്കുകയാണുണ്ടായത്.
സംഭവത്തിൽ അഗാധമായ ഞെട്ടൽ രേഖപ്പെടുത്തിയ തായ് പ്രധാനമന്ത്രി സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്ത് തോക്ക് കൈവശം വെക്കാനുള്ള നിയമങ്ങൾ കൂടുതൽ കർശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2022 ഒക്ടോബറിൽ ഒരു ഡേ-കെയർ സെന്ററിലുണ്ടായ വെടിവെപ്പിൽ 24 കുട്ടികളടക്കം 36 പേർ കൊല്ലപ്പെട്ടതുൾപ്പെടെ സമാനമായ കൂട്ടക്കൊലകൾ തായ്‌ലൻഡിൽ മുൻപും ഉണ്ടായിട്ടുണ്ട്.


