പാർട്ടിക്കുള്ളിൽ അരങ്ങേറിയ ജൂതവിരുദ്ധത തടഞ്ഞില്ല, ജെറെമി കോർബിനെ പുറത്താക്കി യുകെയിലെ ലേബർ പാർട്ടി

By Web TeamFirst Published Oct 30, 2020, 6:24 PM IST
Highlights

ഈ സംഭവങ്ങളുടെ ധാർമികമായ ഉത്തരവാദിത്തം കോർബിനു തന്നെയാണ് എന്നതുകൊണ്ടാണ് ഈ പുറത്താക്കൽ നടപടി

ലണ്ടൻ : ലേബർ പാർട്ടിയുടെ മുൻ നേതാവും, 2015 മുതൽ 2020 വരെ യുകെ പാർലമെന്റിലെ പ്രതിപക്ഷ നേതാവും ആയിരുന്ന ജെറെമി കോർബനെ പുറത്താക്കാനുള്ള നടപടികൾ കൈക്കൊണ്ട് പാർട്ടി. കഴിഞ്ഞ നാലുവർഷം പാർട്ടിയുടെ നേതൃസ്ഥാനത്തിരുന്നപ്പോൾ ജെറെമി കോർബിൻ, പാർട്ടിയുടെ ചട്ടക്കൂടിനുള്ളിൽ നിലനിന്നിരുന്ന ജൂത വിരുദ്ധതയ്ക്ക് തടയിടാനും, അതുസംബന്ധിച്ച പരാതികളിൽ ഫലപ്രദമായ നടപടികൾ കൈക്കൊള്ളുന്നതിലും ദയനീയമായി പരാജയപ്പെട്ടു എന്ന ഇക്വാലിറ്റി ആൻഡ് ഹ്യൂമൻ റൈറ്റ്സ് കമ്മീഷൻ(EHRC)ന്റെ റിപ്പോർട്ടിലെ പരാമർശങ്ങൾക്ക് പിന്നാലെയാണ് പാർട്ടിയിലെ കോർബിന്റെ എതിരാളിയായ സർ കൈർ സ്റ്റാർമെറുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഒരു അച്ചടക്ക നടപടി പ്രഖ്യാപനമുണ്ടാകുന്നത്. 

ജെറെമി കോർബിൻ തലപ്പത്തിരുന്ന നാലുവർഷത്തിനിടെ പാർട്ടിയിൽ തുടർച്ചയായ പീഡനങ്ങളും, വിവേചനങ്ങളും, രാഷ്ട്രീയ ഇടപെടലുകളും അരങ്ങേറി എന്ന് റിപ്പോർട്ടിൽ ആക്ഷേപമുണ്ട്. ജൂതവിരോധം വെച്ചുപൊറുപ്പിക്കില്ല എന്ന് കടലാസ്സിൽ അവകാശപ്പെടുന്ന ഒരു പാർട്ടിയിൽ നിന്ന് ഇങ്ങനെ ഒരു പ്രവണത ഉണ്ടായിക്കണ്ടത് വളരെ അപലപനീയമാണ് എന്നും റിപ്പോർട്ട് പറയുന്നു. ജൂതവിരുദ്ധതയ്ക്ക് ജെറെമി കോർബിൻ നേരിട്ട് ഉത്തരവാദി അല്ലെങ്കിലും, ഇവ നടന്ന സമയത്ത് പാർട്ടിയുടെ ഉത്തരവാദപ്പെട്ട നേതൃസ്ഥാനത്തിരുന്ന ഭാരവാഹി എന്ന നിലയ്ക്ക്, ഈ സംഭവങ്ങളുടെ ധാർമികമായ ഉത്തരവാദിത്തം കോർബിനു തന്നെയാണ് എന്നതുകൊണ്ടാണ് ഈ പുറത്താക്കൽ നടപടി എന്നും പാർട്ടി വക്താക്കൾ പറഞ്ഞു. 

യുകെയിലെ ഒരു പ്രമുഖ രാഷ്ട്രീയപാർട്ടിയാണ് ലേബർ പാർട്ടി. ഈ പാർട്ടി 1922നു ശേഷം നടന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഭരണകക്ഷിയോ, പ്രധാന പ്രതിപക്ഷ കക്ഷിയോ ഒക്കെയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഒരു മധ്യ-ഇടതു ചായ്വുള്ള ദേശീയ പാർട്ടിയാണ്. ടോണി ബ്ലയർ, ഗോർഡൻ ബ്രൗൺ തുടങ്ങിയ പ്രധാനമന്ത്രിമാർ ഈ പാർട്ടിയിൽ നിന്നാണ്. 2010 മുതൽ യുകെയിൽ ലേബർ പാർട്ടി പ്രതിപക്ഷത്താണ്. എഴുപത്തൊന്നു കാരനായ ജെറെമി കോർബന് ഇന്നും പാർട്ടിക്കുള്ളിൽ കാര്യമായ സ്വാധീനമുണ്ട്. അദ്ദേഹത്തെ ഇങ്ങനെ ഒരു സുപ്രഭാതത്തിൽ പുറത്താക്കുന്നത് എന്തൊക്കെ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് കാരണമാകും എന്ന ആശങ്കയിലാണ് പാർട്ടി നേതാക്കളും അണികളും.

click me!