
ദില്ലി: പ്രധാനമന്ത്രി ഇമ്രാൻ ഖാൻറെ ഭരണത്തിന് കീഴിൽ ഉണ്ടായ വലിയ നേട്ടമാണ് പുൽവാമ ഭീകരാക്രമണമെന്ന് പാക് ശാസ്ത്ര സാങ്കേതിക മന്ത്രി ഫവാദ് ഹുസൈൻ ചൗധരി. ദേശീയ അസംബ്ലിയിൽ സംസാരിക്കവെയായിരുന്നു മന്ത്രിയുടെ പ്രകോപനപരമായ പ്രസ്താവന.
ഇന്ത്യ പാകിസ്താനെ അക്രമിച്ചേക്കും എന്ന് ഭയപ്പെട്ടാണ് അഭിനന്ദൻ വർധമാനെ വിട്ടയച്ചതെന്ന എംപി ആയാസ് സാദിഖിന് മറുപടിയായാണ് ചൗധരിയുടെ പ്രസ്താവന. സ്വന്തം ഭൂമിയിലേക്ക് നുഴഞ്ഞുകയറിയാണ് ഇന്ത്യയെ ആക്രമിച്ചത്. ഇമ്രാൻ ഖാന്റെ ഭരണത്തിൻ കീഴിലാണ് ഈ നേട്ടം കൈവരിച്ചതെന്നും ഫവാദ് ചൗധരി പറഞ്ഞു. വെളിപ്പെടുത്തലിൻറെ വീഡിയോ ചർച്ചയായതിന് പിന്നാലെയായിരുന്നു പാക് മന്ത്രിയുടെ പ്രതികരണം.
"അഭിനന്ദനെപ്പറ്റി എന്ത് പറയാൻ. വിദേശ കാര്യമന്ത്രി ഷാ മെഹമൂദ് ഖുറൈശി സാബ് പങ്കെടുത്ത, പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വരാൻ വിസമ്മതിച്ച, ചീഫ് ഓഫ് ആർമി സ്റ്റാഫ് പങ്കെടുത്ത ആ നിർണായക മീറ്റിങ് എനിക്കോർമയുണ്ട്. ഖുറൈശി സാബിന്റെ മുട്ടിടിക്കുന്നുണ്ടായിരുന്നു. നെറ്റിയിൽ വിയർപ്പ് പൊടിഞ്ഞിട്ടുണ്ടായിരുന്നു. അഭിനന്ദനെ എത്രയും പെട്ടെന്ന് വിട്ടയക്കണം എന്ന് അദ്ദേഹം ആർമി ചീഫിനോട് പറഞ്ഞു. വിട്ടില്ലെങ്കിൽ, ഇന്ന് രാത്രി ഒമ്പതുമണിയോടെ ഇന്ത്യ നമ്മളെ ആക്രമിക്കും. 'എന്ന് അയാസ് ഷാഹിദ് പറയുന്നതിന്റെ വീഡിയോ ഇന്നലെ പുറത്തുവന്നിരുന്നു.
വീഡിയോ തന്റെ ട്വിറ്റർ ഹാൻഡിൽ വഴി പുറത്തുവിട്ടുകൊണ്ട് ബിജെപി ദേശീയ അധ്യക്ഷൻ ജഗത് പ്രതാപ് നഡ്ഡ, കോൺഗ്രസിനെയും രാഹുൽ ഗാന്ധിയെയും പരിഹസിച്ച് രംഗത്തെത്തിയിരുന്നു. 'കോൺഗ്രസിന്റെ രാജകുമാരന്, ഇന്ത്യൻ ആയിട്ടുള്ള ഒന്നിലും വിശ്വാസമില്ല. പറയുന്നത് നമ്മുടെ സൈന്യം ആയാലും, ഗവണ്മെന്റ് ആയാലും, പൗരന്മാർ ആയാലും രാഹുൽ ഗാന്ധി അത് വിശ്വസിക്കില്ല. അതുകൊണ്ട് രാഹുലിന്റെ 'മോസ്റ്റ് ട്രസ്റ്റഡ് നേഷൻ' പദവിയിലുള്ള പാകിസ്ഥാനിൽ നിന്ന് ഒരാൾ ഇതാ ചിലത് വെളിപ്പെടുത്തുന്നു. ഇതെങ്കിലും രാഹുൽ വിശ്വസിച്ചിരുന്നെങ്കിൽ....! " എന്നായിരുന്നു നഡ്ഡയുടെ പരിഹാസ ട്വീറ്റ്. ഇതോടെ സംഭവം ആഭ്യന്തര, രാജ്യാന്തര തലത്തിൽ ചർച്ചയാവുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam