രക്ഷിതാക്കളില്‍ നിന്ന് വേര്‍പെടുത്തിയ അഭയാര്‍ഥി കുഞ്ഞുങ്ങളെ കുടുംബവുമായി ഒരുമിപ്പിക്കാന്‍ ജില്‍ ബൈഡന്‍

By Web TeamFirst Published Jan 30, 2021, 12:28 PM IST
Highlights

തുറന്ന രാജ്യമാണ് അമേരിക്കയെന്നും എന്നാല്‍ അതിര്‍ത്തികളിലേക്ക് നല്‍കുന്ന സന്ദേശം ഇതല്ലെന്നുമായിരുന്നു ജില്‍ ബൈഡന്‍ അന്ന് പ്രതികരിച്ചത്. 

വാഷിംഗ്ടണ്‍: മുന്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ കുടിയേറ്റ നിയമം മൂലം മാതാപിതാക്കളില്‍ നിന്ന് വേര്‍പെട്ട് പോയ കുഞ്ഞുങ്ങളെ കുടുംബവുമായി തിരികെ ഒരുമിക്കാനുള്ള ശ്രമങ്ങളുമായി അമേരിക്കന്‍ പ്രഥമ വനിത ജില്‍ ബൈഡന്‍. ചൊവ്വാഴ്ച മുതല്‍ ഈ ദൌത്യവുമായി പ്രത്യേക പരിപാടികള്‍ക്കാണ് ജില്‍ ബൈഡനുള്ളതെന്നാണ് വൈറ്റ് ഹൌസ് വിശദമാക്കുന്നത്. സ്വന്തം താല്‍പര്യ പ്രകാരമാണ് ജില്‍ ബൈഡന്‍ ഈ മേഖലയിലെ പ്രവര്‍ത്തനത്തിന് ഇറങ്ങുന്നതെന്നാണ് വൈറ്റ് ഹൌസ് വിശദമാക്കുന്നത്.

ഈ പ്രത്യേക ദൌത്യസേനയെ നയിക്കുക അലക്സാന്‍ഡ്രോ മയോര്‍ക്കസ് ആണ്. ഹോം ലാന്‍ഡ് സെക്യൂരിറ്റിയുടെ ചുമതലക്കാരനായി നിയമനം ലഭിക്കാനൊരുങ്ങുന്ന വ്യക്തി കൂടിയാണ് അലക്സാന്‍ഡ്രോ. ഡോക്ടറേറ്റുള്ള അറുപത്തൊമ്പതുകാരിയായ ജില്‍ ബൈഡന്‍ വാഷിംഗ്ടണിന് സമീപമുള്ള യൂണിവേഴ്സിറ്റികളില്‍ പഠിപ്പിക്കാനുള്ള പദ്ധതിയിലാണ്.  ഡിസംബറില്‍ ടെക്സാസ് അതിര്‍ത്തിയിലായി മെക്സിക്കോയിലുള്ള അഭയാര്‍ത്ഥി ക്യാംപ് ജില്‍ ബൈഡന്‍ സന്ദര്‍ശിച്ചിരുന്നു. തുറന്ന രാജ്യമാണ് അമേരിക്കയെന്നും എന്നാല്‍ അതിര്‍ത്തികളിലേക്ക് നല്‍കുന്ന സന്ദേശം ഇതല്ലെന്നുമായിരുന്നു ജില്‍ ബൈഡന്‍ അന്ന് പ്രതികരിച്ചത്. 

2018ല്‍ ഇവിടം സന്ദര്‍ശിച്ച മുന്‍ പ്രഥമ വനിത മെലാനിയ ട്രംപിന്‍റെ പ്രസ്താവനകള്‍ക്ക് നേരെ വിരുദ്ധമായിരുന്നു ജില്‍ ബൈഡന്‍റെ പരാമര്‍ശം. ഞാനിതിലൊന്നും ശ്രദ്ധിക്കുന്നില്ല എന്നെഴുതിയ ജാക്കറ്റുമായി ആയിരുന്നു ട്രംപ് ഭരണകൂടം അടച്ച് പൂട്ടിയ കുട്ടികളെ മെലാനിയ സന്ദര്‍ശിച്ചത്. നൂറുകണക്കിന് അഭയാര്‍ത്ഥി കുടുംബങ്ങളെയാണ് ട്രംപ് ഭരണകൂടം വേര്‍പിരിച്ചത്. കുഞ്ഞുകുട്ടികളേപ്പോലും രക്ഷിതാക്കളില്‍ നിന്ന് വേര്‍തിരിക്കുന്ന പദ്ധതി ഏറെ വിമര്‍ശനത്തിന് വഴി തെളിച്ചിരുന്നു. 2700ല്‍ അധികം കുട്ടികളാണ് ഇത്തരത്തില്‍ കുടുംബങ്ങളില്‍ നിന്ന് വേര്‍പിരിച്ചിട്ടുള്ളതെന്നാണ് കണക്കുകള്‍ വിശദമാക്കുന്നത്. ഇവരില്‍ പലരുടേയും രക്ഷിതാക്കളെ കണ്ടെത്താനായെങ്കിലും 611 പേരുടെ രക്ഷിതാക്കളെ ഇനിയും കണ്ടെത്താനായിട്ടില്ല.

click me!