
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ നായയായ കമാന്‍ഡറിനെ വൈറ്റ് ഹൗസില്‍ നിന്ന് നീക്കം ചെയ്തു. രണ്ട് വയസുള്ള ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തിലെ നായയെ അജ്ഞാതമായ ഒരു സ്ഥലത്തേക്ക് മാറ്റിയെന്നാണ് വൈറ്റ് ഹൗസ് വക്താവ് ബുധനാഴ്ച അറിയിച്ചത്. സുരക്ഷ ഉദ്യോഗസ്ഥര്‍ അടക്കം 11 ഓളം പേര്‍ക്ക് നായയുടെ കടിയേറ്റതിനെ തുടര്‍ന്നാണ് നടപടി.
'വൈറ്റ് ഹൗസില്‍ ജോലി ചെയ്യുന്നവരുടെ സുരക്ഷയാണ് പ്രധാനം. കമാന്‍ഡര്‍ നിലവില്‍ വൈറ്റ് ഹൗസ് ക്യാമ്പസില്‍ ഇല്ല. കമാന്‍ഡറുടെ ലൊക്കേഷനെ കുറിച്ചോ നീക്കം ശാശ്വതമാണോ എന്നതിനെക്കുറിച്ചോ ഇപ്പോള്‍ പറയുന്നില്ല.' സംഭവത്തിലെ കൂടുതല്‍ വിശദാംശങ്ങളൊന്നും പുറത്തുവിടില്ലെന്നും വൈറ്റ് ഹൗസ് വക്താവ് അറിയിച്ചു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയും നായ വൈറ്റ് ഹൗസിലെ സുരക്ഷ ഉദ്യോഗസ്ഥനെ ആക്രമിച്ചിരുന്നു. ഉദ്യോഗസ്ഥന് വിദഗ്ദ ചികിത്സ ഉറപ്പാക്കിയിട്ടുണ്ടെന്നും ആശങ്കജനകമായിട്ടൊന്നുമില്ലെന്നും ഉദ്യോഗസ്ഥ മേധാവി അറിയിച്ചിരുന്നു.
2021ലാണ് കമാന്‍ഡര്‍ വൈറ്റ് ഹൗസിലെത്തിയത്. കമാന്‍ഡറിനൊപ്പം പ്രസിഡന്റും കുടുംബവും സമയം ചിലവിടുന്നതിന്റെ ധാരാളം ഫോട്ടോകളും സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നിരുന്നു. 11 പേരെ മാത്രമല്ല, അതിലേറെ പേരെ കമാന്‍ഡര്‍ കടിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. സെപ്തംബര്‍ 30നാണ് കമാന്‍ഡറെ അവസാനമായി വൈറ്റ് ഹൗസില്‍ കണ്ടതെന്നും പ്രസിഡന്റിന്റെ സ്വകാര്യ ക്വാര്‍ട്ടേഴ്‌സിലെ ബാല്‍ക്കണിയിലായിരുന്നു അതെന്നും ഫോട്ടോഗ്രാഫര്‍മാര്‍ പറഞ്ഞു.
വൈറ്റ് ഹൗസ് ജീവനക്കാരെ കടിച്ചതിന്റെ പേരില്‍ ബൈഡന്‍ നീക്കം ചെയ്ത രണ്ടാമത്തെ നായയാണ് കമാന്‍ഡര്‍. മുന്‍പ് ജര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട നായയായ മേജറിനെയാണ് വൈറ്റ് ഹൗസില്‍ നിന്ന് ഒഴിവാക്കിയത്. വൈറ്റ് ഹൗസിലെ തിരക്കുകളിലും ബഹളങ്ങളിലും അസ്വസ്ഥനായിരുന്നു മേജറെന്നും ശാന്തമായ അന്തരീക്ഷം ഉറപ്പാക്കാന്‍ വേണ്ടിയാണ് മേജറെ ഒഴിവാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam