
വാഷിങ്ടണ്‍: യുക്രൈനില്‍ (Ukraine) യുദ്ധം ആരംഭിച്ച റഷ്യക്കെതിരെ (Russia) സൈനിക നടപടിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ (Joe Biden). സൈനിക നടപടിക്കില്ലെന്ന് നാറ്റോ (NATO) വ്യക്തമാക്കിയതിന് പിന്നാലെയാണ് ബൈഡനും സൈനിക നടപടിക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയത്. നേരിട്ട് യുദ്ധത്തിനില്ലെന്നും റഷ്യക്കുമേല്‍ കൂടുതല്‍ സാമ്പത്തിക ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലെന്നും പുടിനുമായി ചര്‍ച്ചക്കില്ലെന്നും ബൈഡന്‍ വ്യക്തമാക്കി. യുദ്ധം തുടങ്ങിയ പശ്ചാത്തലത്തില്‍ റഷ്യക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധവും അമേരിക്ക പ്രഖ്യാപിച്ചു.
മാസങ്ങള്‍ക്ക് മുമ്പേ പുടിന്‍ ആക്രമണം തീരുമാനിച്ചിരുന്നുവെന്ന് ബൈഡന്‍ ആവര്‍ത്തിച്ചു. യുദ്ധം തുടങ്ങിയവര്‍ തന്നെ അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. നാറ്റോ സഖ്യരാജ്യങ്ങളെ സംരക്ഷിക്കുമെന്നും ബൈഡന്‍ ഉറപ്പ് നല്‍കി. റഷ്യക്കെതിരെയുള്ള സാമ്പത്തിക ഉപരോധം കടുപ്പിക്കുന്നതിന്റെ ഭാഗമായി നാല് റഷ്യന്‍ ബാങ്കുകള്‍ക്കും പ്രമുഖ കമ്പനികള്‍ക്കും ഉപരോധം ഏര്‍പ്പെടുത്തി്. ഇവയുടെ അമേരിക്കയിലെ ആസ്തികള്‍ മരവിപ്പിച്ചു. സോവിയറ്റ് യൂണിയന്റെ പുനസ്ഥാപനമാണ് പുടിന്റെ ലക്ഷ്യമെന്ന് പറഞ്ഞ ബൈഡന്‍ ഉപരോധങ്ങള്‍ ഫലം കാണാന്‍ സമയമെടുക്കുമെന്നും വ്യക്തമാക്കി. നാറ്റോയുടെ പക്കലും ആണവായുധമുണ്ടെന്ന് പുടിന്‍ ഓര്‍ക്കണമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കി. അതേസമയം, റഷ്യ-യുക്രൈന്‍ വിഷയത്തില്‍ പുറത്തിനിന്ന് ഇടപെടലുണ്ടായാല്‍ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്നാണ് റഷ്യയുടെ ഭീഷണി.
റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ ന്യായീകരിച്ച് പ്രസിഡന്റ് വ്‌ലാദിമര്‍ പുടിന്‍ രംഗത്തെത്തി. റഷ്യയെ സംരക്ഷിക്കാന്‍ മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ലെന്നാണ് പുടിന്റെ വിശദീകരണം. റഷ്യയുടെ പരമാധികാരം സംരക്ഷിക്കാന്‍ ഇതേ മാര്‍ഗമുണ്ടായിരുന്നുള്ളു എന്ന് പുടിന്‍ പറയുന്നു.അതേസമയം, ചെര്‍ണോബില്‍ ആണവ നിലയമടക്കം റഷ്യ പിടിച്ചെടുത്തെന്നാണ് പുറത്തുവരുന്ന വിവരം. ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ചെര്‍ണോബിലില്‍ പോരാട്ടം അവസാനിച്ചെന്നും പ്രദേശം റഷ്യയുടെ നിയന്ത്രണത്തിലായെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.അതിനിടെ, യുക്രൈന്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമര്‍ പുടിനുമായി സംസാരിച്ചു. നിലവിലെ സാഹചര്യങ്ങള്‍ സംബന്ധിച്ച് ഇരുവരും സംസാരിച്ചു.
ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരമുണ്ടാകണമെന്ന് പ്രധാനമന്ത്രി പുടിനോട് പറഞ്ഞു. ടെലിഫോണിലൂടെയായിരുന്നു ഇരു നേതാക്കളുടെയും സംഭാഷണം. ചര്‍ച്ചയിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടതായാണ് വിവരം. വെടിനിര്‍ത്തല്‍ അടിയന്തരമായി ഉണ്ടാകണം. ഇന്ത്യക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കയും മോദി പുടിനെ ധരിപ്പിച്ചു. ഇന്ത്യക്കാരുടെ സുരക്ഷിതമായ ഒഴിപ്പിക്കലിന് പ്രാധാന്യം നല്‍കണമെന്ന നിലപാട് മോദി അറിയിച്ചു. ഇരു രാജ്യങ്ങളുമായുള്ള ആശയ വിനിമയം നയതന്ത്രതലത്തില്‍ തുടരും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam