Ukraine Crisis : ശുചിമുറിയില്ല, മരവിക്കുന്ന തണുപ്പിൽ പുതപ്പില്ല, കൊടും ദുരിതത്തിൽ മലയാളികൾ

Published : Feb 25, 2022, 07:44 AM IST
Ukraine Crisis : ശുചിമുറിയില്ല, മരവിക്കുന്ന തണുപ്പിൽ പുതപ്പില്ല, കൊടും ദുരിതത്തിൽ മലയാളികൾ

Synopsis

എന്ത് ചെയ്യണമെന്ന് വ്യക്തമായ നിർദേശം ഇപ്പോഴും കിട്ടുന്നില്ലെന്ന് വിദ്യാർത്ഥികൾ പറയുന്നു. പലരുടെയും കയ്യിൽ അൽപം വെള്ളവും ഭക്ഷണവും മാത്രം. വാതിൽ പോലുമില്ലാത്ത ശുചിമുറികൾക്ക് മുന്നിൽ നീണ്ട നിര.

കീവ്: യുക്രൈനിയൻ തലസ്ഥാനമായ കീവിൽ മലയാളി വിദ്യാർത്ഥികൾ അടക്കമുള്ളവർ അനുഭവിക്കുന്നത് കൊടുംദുരിതമാണ്. പലരും ഇന്ത്യൻ എംബസിയുടെ മുന്നറിയിപ്പിനെത്തുടർന്ന് തൊട്ടടുത്തുള്ള ബങ്കറുകളിലേക്കും ഭൂഗർഭമെട്രോ സ്റ്റേഷനുകളിലേക്കും എത്തിയിരുന്നു. എന്നാൽ ഇവിടെയെത്തിയ പലരും ഭക്ഷണമോ വെള്ളമോ കയ്യിലില്ലാതെ വലിയ ദുരിതത്തിലാണ്. ശുചിമുറിയോ, എല്ല് മരവിക്കുന്ന തണുപ്പിൽ ഒരു പുതപ്പോ കയ്യിലില്ലാതെ പലരും നിലത്തിരിക്കുകയാണ്. പലരുടെയും മൊബൈലുകളിൽ ചാർജ് തീരാറായെന്നും, കൃത്യമായ ഒരു വിവരവും ഇന്ത്യൻ എംബസിയിൽ നിന്ന് കിട്ടുന്നില്ലെന്നും ഔസഫ് ഹുസൈൽ എന്ന മലയാളി വിദ്യാർത്ഥി ദൃശ്യങ്ങൾ സഹിതം വീഡിയോ കോളിൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കോവ എന്ന മെട്രോസ്റ്റേഷൻ നിലവിൽ ബങ്കറായി ഉപയോഗിക്കുകയാണ്. ഈ ബങ്കറിലാണ് ഔസഫ് ഹുസൈലടക്കമുള്ള മലയാളികൾ ഉള്ളത്. നൂറോളം മലയാളി വിദ്യാർത്ഥികളും അറുപതോളം മലയാളികളും ഈ ബങ്കറിലുണ്ട്. ഇന്നലെ ഉച്ചയോടെയാണ് ഇവർ ഈ ഭൂഗർഭമെട്രോ സ്റ്റേഷനിലേക്ക് മാറിയത്. കൊടുംതണുപ്പിൽ രാത്രിയിലും ഇരിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ് പലരും. പുതപ്പോ തണുപ്പിനെ നേരിടാൻ മറ്റ് സൗകര്യങ്ങളോ ഇവർക്കില്ല. തണുപ്പിനെ പ്രതിരോധിക്കാൻ ഉള്ള കോട്ടുകൾ മാത്രമാണ് പലർക്കുമുള്ളത്. 

പുലർച്ചെ അഞ്ച് മണിയോടെ വീണ്ടും ആക്രമണമുണ്ടാകും എന്ന് ഭീതിയിലാണ് പലരും. കയ്യിൽ കരുതിയിരുന്ന ഭക്ഷണം തീർന്ന അവസ്ഥയിലാണ്. വെള്ളവും കിട്ടിയിട്ടില്ല. ഒരു ദിവസത്തേക്കുള്ള ചെറിയ സ്നാക്ക്സ് മാത്രമാണ് കയ്യിൽ കരുതിയതെന്നാണ് ഔസഫ് പറയുന്നു. കുട്ടികൾ അടക്കമുള്ള കുടുംബങ്ങൾ ഈ ബങ്കറിലില്ല. 

ആകെ രണ്ട് ശുചിമുറികളാണ് ആ മെട്രോ സ്റ്റേഷനിലുള്ളത്. ആ രണ്ട് ശുചിമുറികൾക്കും വാതിലുകളില്ല. പെൺകുട്ടികൾക്ക് ഈ ശുചിമുറി ഉപയോഗിക്കാൻ ഒരു വഴിയുമില്ല. വൃത്തി തീരെയില്ല. ബങ്കറിലെ എല്ലാവരും ഉപയോഗിക്കുന്നത് ഈ രണ്ട് വാതിലുകളില്ലാത്ത ശുചിമുറികളാണ്. 

മൊബൈൽ ചാർജ് ചെയ്യാൻ നീണ്ട ക്യൂവാണ്. രണ്ട് സ്ലോട്ട് മാത്രമേ ചാർജ് ചെയ്യാനുള്ളൂ. എങ്ങനെയെങ്കിലും ചെയ്ത് ജീവൻ നിലനിർത്തണമെന്നാണ് കരുതുന്നതെന്ന് വിദ്യാർത്ഥികൾ പറയുന്നു. പടിഞ്ഞാറൻ യുക്രൈനിലേക്ക് റോഡ് മാർഗം യാത്ര ചെയ്യാൻ ഒരു വഴിയുമില്ലെന്നും അത് വളരെ അപകടകരമാണ് എന്നും വിദ്യാർത്ഥികൾ വ്യക്തമാക്കുന്നു. എംബസി വഴിയല്ലാതെ രക്ഷപ്പെടാൻ വേറെ ഒരു വഴിയുമില്ലെന്നും ഔസഫ് ഹുസൈൽ പറയുന്നു. 

പലരും ഫ്ലാറ്റുകളിൽ തന്നെ തുടരുന്നുണ്ട്. യാത്ര ചെയ്യാൻ ഭയന്നിട്ടാണ് പലരും പുറത്തിറങ്ങാത്തത്. വീടുകൾക്ക് മുന്നിലൂടെ വലിയ പട്ടാളബാരക്കുകൾ പോകുന്നത് കാണാമെന്നും ഭയപ്പാടോടെയാണ് പലരും കഴിയുന്നതെന്നും ഔസഫ് വ്യക്തമാക്കുന്നു. 

ഒരു ലക്ഷത്തോളം പേര്‍ യുക്രൈനിൽ നിന്ന് ഇതുവരെ പലായനം ചെയ്തതായാണ് റിപ്പോര്‍ട്ട്. പ്രാദേശിക ഭരണകൂടങ്ങളുടെ അഭ്യർത്ഥനപ്രകാരമാണ് ജനങ്ങള്‍ ബങ്കറുകളില്‍ അഭയം കണ്ടെത്തിയത്. ഷെല്ലാക്രമണങ്ങളില്‍ നിന്ന് രക്ഷതേടി സൈറണുകള്‍ മുഴങ്ങുമ്പോൾ, ഭൂഗര്‍ഭ കേന്ദ്രങ്ങളിലേക്ക് ഓടിയൊളിക്കും. 

രാത്രി പത്തുമണി മുതല്‍ രാവിലെ ആറുവരെ കര്‍ഫ്യു നിലനില്‍ക്കുന്നതിനാല്‍ ഭൂഗര്‍ഭ കേന്ദ്രങ്ങളില്‍ നേരത്തെ സ്ഥാനം പിടിച്ചവരാണ് ഏറെയും. നഗരമേഖലകളില്‍ മെട്രോ സ്റ്റേഷനുകളില്‍ ആളുകള്‍ കൂട്ടമായി കിടന്നുറങ്ങി. മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ഇവിടെയുണ്ട്. രാത്രിയിലും സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി അവര്‍ പറഞ്ഞു.

പ്രാണരക്ഷാര്‍ത്ഥം പതിനായിരങ്ങളാണ് യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്നത്. റൊമേനിയ, പോളണ്ട്, ഹംഗറി തുടങ്ങിയ അയല്‍ രാജ്യങ്ങളിലേക്കാണ് യുക്രൈന്‍ പൗരന്മാര്‍ അതിര്‍ത്തി കടക്കുന്നത്. ഇതര രാജ്യക്കാരില്‍ ഏറെയും യുക്രൈനില്‍ കുടുങ്ങിക്കിടക്കുകയാണ്.

യുദ്ധത്തിന്‍റെ രണ്ടാം ദിനം നടക്കുന്നതെന്ത്? തത്സമയം അറിയാൻ ക്ലിക്ക് ചെയ്യൂ

തത്സമയസംപ്രേഷണം:
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രണ്ട് വലിയ ഡാമുകൾ വറ്റി, ശേഷിക്കുന്നത് 30 ദിവസത്തേക്കുള്ള വെള്ളം മാത്രം; സിന്ധു നദീജല കരാർ മരവിപ്പിച്ച ശേഷം നട്ടംതിരിഞ്ഞ് പാകിസ്ഥാൻ
ഇസ്രായേലിന് പിന്നാലെ പാകിസ്ഥാനും തുര്‍ക്കിയും സൗദിയുടമടക്കം 8 ഇസ്ലാമിക രാഷ്ട്രങ്ങള്‍ ട്രംപിന്‍റെ ഗാസ ദൗത്യത്തിന് പിന്തുണ നല്‍കി