
വാക്സിൻ വിതരണത്തിന്റെ കാര്യത്തിൽ ഏതൊരു രാജ്യവും മുൻഗണന നൽകുക സ്വാഭാവികമായും സ്വന്തം രാജ്യത്തെ പൗരന്മാർക്ക് തന്നെയായിരിക്കും. എന്നാൽ, അങ്ങനെ എളുപ്പത്തിൽ അവഗണിക്കാൻ സാധിക്കാത്തത്ര അഭയാർഥികളുടെ സാന്നിധ്യമുള്ള രാജ്യങ്ങളാകുമ്പോഴോ? ആരെ ആദ്യം വാക്സിൻ നൽകി കൊവിഡിൽ നിന്ന് രക്ഷിക്കും? ഇക്കാര്യത്തിൽ സമ്പത്തും സൗകര്യങ്ങളും ഏറെയുള്ള മറ്റു പല യൂറോപ്യൻ അമേരിക്കൻ രാജ്യങ്ങൾക്കും ഒരു മാതൃകയാവുകയാണ് മധ്യപൂർവേഷ്യ ജോർദാൻ എന്ന കുഞ്ഞുരാജ്യം.
ജോർദാൻ ഗവൺമെന്റിന് തങ്ങളുടെ രാജ്യത്തെ ഒരു കോടിയോളം വരുന്ന സ്വന്തം പൗരന്മാർക്ക് നല്കാൻ വേണ്ട വാക്സിൻ സ്റ്റോക്ക് ഇതുവരെ കിട്ടിയിട്ടില്ല. എന്നിട്ടും, അവരുടെ ആദ്യത്തെ മുൻഗണനാ പട്ടികകളിൽ അവിടത്തെ സിറിയൻ അഭയാർഥികളുടെ പേരും കടന്നുവരുന്നുണ്ട്. ലോകത്തിൽ തന്നെ ആദ്യമായി വാക്സിൻ സ്വീകരിക്കാൻ ഭാഗ്യമുണ്ടായ അഭയാർത്ഥി, ജോർദാനിലെ ഒരു സാത്താറി സ്വദേശിയാണ്. ജോർദാനിലെ സാത്താറി അഭയാർത്ഥി ക്യാമ്പുകളിൽ കഴിഞ്ഞുകൂടുന്നത് 80,000-ലധികം പേരാണ്. യുദ്ധത്തെത്തുടർന്ന് സിറിയവിട്ടോടി ജോർദാന്റെ മണ്ണിൽ അഭയം തേടിയവരാണ് അവരിൽ ഭൂരിഭാഗവും. അവർ അവിടെ കഴിഞ്ഞു പോരുന്നത് മരുഭൂമിക്ക് നടുവിൽ സ്ഥാപിച്ചിട്ടുള്ളകണ്ടൈനർ വീടുകളിലും മറ്റുമാണ്. അവരുടെ ഈ ഗതികെട്ട ജീവിതം തന്നെയാണ് ഒരുപക്ഷെ, ശീതീകരിച്ച വാക്സിൻ ഡോസുകളുമായി അവരെ തേടിച്ചെല്ലാൻ ജോർദാൻ ആരോഗ്യവകുപ്പിന്റെ പ്രേരിപ്പിച്ചതും. ഈ ക്യാമ്പുകളിലെ മുതിർന്ന പൗരന്മാരെയും കൊവിഡ് ബാധിക്കാൻ സാധ്യത കൂടുതലുള്ളവരെയും എല്ലാം തന്നെ വാക്സിനേറ്റ് ചെയ്യാനുള്ള ദൃഢനിശ്ചയത്തിലാണ് ജോർദാൻ സർക്കാർ ഇപ്പോൾ.
ദിനംപ്രതി അമ്പതോളം അഭയാർത്ഥികളെ മാത്രമേ ഇപ്പോൾ ജോർദാന് വാക്സിനേറ്റ് ചെയ്യാൻ സാധിക്കുന്നുള്ളൂ എങ്കിലും, അതും ഈ ദിശയിലെ വളരെ നല്ലൊരു നീക്കമെന്ന് തന്നെയാണ് അന്താരാഷ്ട്ര ആരോഗ്യ സംഘടനകൾ കാണുന്നത്. പത്തുലക്ഷത്തോളം സിറിയൻ അഭയാർത്ഥികളും, 80,000-ത്തോളം ഇറാഖി അഭയാർത്ഥികളും, പതിനായിരക്കണക്കിന് യെമനികളും, സുഡാനികളും, നൈജീരിയക്കാരും ഒക്കെ ജോർദാനിൽ കഴിയുന്നുണ്ട്. ഈ അഭയാർഥികളുടെ കൂടി ആരോഗ്യം ഉറപ്പു വരുത്തുക എന്നത് തങ്ങളുടെ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ ഒന്നായിട്ടാണ് ജോർദാൻ കാണുന്നത് എന്ന് ആരോഗ്യവകുപ്പ് അധികാരികൾ പറഞ്ഞു.
വർണ്ണത്തിന്റെയും വർഗത്തിന്റെയും പൗരത്വത്തിന്റെയും വംശീയതയുടെയും ധനസ്ഥിതിയുടെയും ഒക്കെ പേരിൽ മനുഷ്യർ പരസ്പരം വിവേചനങ്ങൾ കാണിക്കുന്ന ഇക്കാലത്ത് ലോകത്തെ മുഴുവൻ ഒന്നിപ്പിക്കാനുള്ള ഒരവസരമായി കൊവിഡ് മഹാമാരിയെ കാണണം എന്ന് വാക്സിനേറ്റ് ചെയ്യപ്പെട്ട ഒരു അഭയാർത്ഥി സിഎസ് മോണിറ്റർ പോർട്ടലിനോട് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam