നാളെ കോടതിയിൽ വരില്ല, കസ്റ്റഡിയിലായിരിക്കും; ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം സഹപ്രവര്‍ത്തകന് ജഡ്ജിയുടെ മെസേജ്

Published : Aug 16, 2023, 10:36 AM IST
നാളെ കോടതിയിൽ വരില്ല, കസ്റ്റഡിയിലായിരിക്കും; ഭാര്യയെ വെടിവെച്ചു കൊന്ന ശേഷം സഹപ്രവര്‍ത്തകന് ജഡ്ജിയുടെ മെസേജ്

Synopsis

ഭാര്യയെ വെടിവെച്ചു കൊന്ന ജഡ്ജി, കൊലപാതകത്തിന് ശേഷം അംബുലന്‍സ് വിളിക്കുകയും നാളെ കസ്റ്റഡിയിലായിരിക്കും കോടതിയില്‍ വരില്ലെന്ന് സഹപ്രവര്‍ത്തകന് മെസേജ് അയക്കുകയും ചെയ്തു.

ലോസ്ഏഞ്ചെലെസ്: ഭാര്യയെ വെടിവെച്ചു കൊന്ന കേസില്‍ കാലിഫോര്‍ണിയയിലെ ജഡ്ജിയെ അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് ശേഷം ഇയാള്‍ തന്നെ ആംബുലന്‍സ് വിളിക്കുകയും നാളെ താന്‍ കോടതിയിലെത്തില്ലെന്ന് കാണിച്ച് സഹപ്രവര്‍ത്തകന് മെസേജ് അയക്കുകയും ചെയ്തു. സംഭവ സമയത്ത് ജഡ്ജി മദ്യലഹരിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഓറഞ്ച് കൗണ്ടി സുപീരിയര്‍ കോടതിയിലെ ജഡ്ജിയായ 72 വയസുകാരന്‍ ജെഫ്രി ഫെര്‍ഗ്യൂസനാണ് പിടിയിലായത്. ഇയാളുടെ വീട്ടില്‍ നിന്ന് നിരവധി തോക്കുകളും 26,000 വെടിയുണ്ടകളും കണ്ടെടുത്തു. വീടിന് അടുത്തുള്ള റസ്റ്റോറന്റില്‍ വെച്ച് ജെഫ്രിയും 65 വയസുകാരിയായ ഭാര്യ ഷെറിലും തമ്മില്‍ വഴക്കുണ്ടായി. അവിടെ നിന്ന് വീട്ടിലെത്തിയ ശേഷവും പ്രശ്നം തുടര്‍ന്നു. ഇതിനിടെ ഇയാള്‍ വെടിവെയ്ക്കുന്നതു പോലെ ഭാര്യയ്ക്ക് നേരെ  വിരല്‍ ചൂണ്ടി ആംഗ്യം കാണിച്ചു. എന്നാല്‍ യാഥാര്‍ത്ഥ തോക്ക് തന്നെ എടുത്ത് വെടിവെയ്ക്കാത്തത് എന്താണെന്നായിരുന്നു ഭാര്യയുടെ ചോദ്യം. ഇതോടെ ശരീരത്തില്‍ ഒളിപ്പിച്ചുവെച്ചിരുന്ന തോക്കെടുത്ത് ഭാര്യയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. തൊട്ടടുത്ത് നിന്ന് നെഞ്ചിലേക്കാണ് വെടിയുതിര്‍ത്തത്.

തുടര്‍ന്ന് 911ല്‍ വിളിച്ച് അടിയന്തിര മെഡിക്കല്‍ സഹായം തേടി. തന്റെ ഭാര്യയ്ക്ക് വെടിയേറ്റുവെന്ന് പറഞ്ഞ ജഡ്ജിയോട് താങ്കള്‍ തന്നെയാണോ വെടിവെച്ചതെന്ന് ജീവനക്കാരന്‍ ചോദിച്ചപ്പോള്‍ അക്കാര്യം താന്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നായിരുന്നു മറുപടി.  ഫോണ്‍ വെച്ച ശേഷം കോടതിയിലെ ക്ലര്‍ക്കിന് ഇയാള്‍ മെസേജ് അയക്കുകയും ചെയ്തു. ഭാര്യയെ വെടിവെച്ചതായും നാളെ കസ്റ്റഡിയിലായിരിക്കുമെന്നതിനാല്‍ കോടതിയില്‍ വരില്ലെന്നുമായിരുന്നു മെസേജ്.

പൊലീസ് നടത്തിയ പരിശോധനയില്‍ ജഡ്ജിയുടെ വീട്ടില്‍ നിന്ന് 47 തോക്കുകള്‍ കണ്ടെടുത്തു. എല്ലാം നിയമവിരുദ്ധമായിരുന്നു. 2005 മുതല്‍ ജഡ്ജിയായിരുന്ന ഇയാളെ കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ കുറ്റം നിഷേധിച്ചു. മനഃപൂര്‍വമല്ലാത്തെ കൊലപാതകമാണെന്നും കുറ്റകൃത്യമായി കണക്കാക്കാനാവില്ലെന്നും ഇയാളുടെ അഭിഭാഷകന്‍ വാദിച്ചു. മദ്യപിക്കരുതെന്ന നിബന്ധനയോടെ ഇയാള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. ഒക്ടോബര്‍ 30ന് വിചാരണയ്ക്കായി കോടതിയില്‍ ഹാജരാവണം.

Read also: യുവതിയുടെ സ്വകാര്യചിത്രങ്ങൾ പ്രചരിപ്പിച്ചു, 120 കോടി ഡോളർ നൽകാൻ മുൻ കാമുകനോട് കോടതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
Read more Articles on
click me!

Recommended Stories

തിരമാലകൾ 98 അടി വരെ ഉയരും, സംഭവിച്ചാൽ 2 ലക്ഷം പേർക്ക് ജീവഹാനി; എന്താണ് അപൂർവ്വ മെഗാക്വേക്ക് മുന്നറിയിപ്പ്?
സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്