
സിയാറ്റിൽ: 90 സെക്കന്റ്, പ്രമുഖ ജ്വല്ലറിക്ക് നഷ്ടമായത് 20 കോടിയോളം വരുന്ന ആഭരണങ്ങൾ. പട്ടാപ്പകൽ ഞെട്ടിക്കുന്ന രീതിയിലുള്ള കൊള്ളയടിക്കാണ് വാഷിംഗ്ടണിലെ സിയാറ്റിലെ ജ്വല്ലറി സ്റ്റോർ സാക്ഷിയായത്. സിയാറ്റിലിലെ മേനാഷി ആൻഡ് സൺസ് എന്ന ജ്വല്ലറിയിൽ ഓഗസ്റ്റ് 14നാണ് സംഭവം. മാസ്ക് ധാരികളായ നാല് പേർ ജ്വല്ലറിയിലേക്ക് ഇരച്ച് കയറുന്നു. പിന്നാലെ ചുറ്റിക കൊണ്ട് ജ്വല്ലറിയിലെ ആഭരണങ്ങൾ വച്ച ചില്ല് അലമാരകൾ തകർക്കുന്നു. കയ്യിൽ കിട്ടിയ സ്വർണ, വജ്രാഭരണങ്ങളുമായി കടന്നുകളയുന്നു. വെറും 90 സെക്കന്റിലാണ് സംഭവം മുഴുവൻ നടന്നത്. കടയിലെ ജീവനക്കാർക്ക് സംഭവിക്കുന്നത് എന്താണെന്ന് വ്യക്തത വരും മുൻപ് മുഖംമൂടി ധാരികൾ സ്ഥലം വിട്ടിരുന്നു. ജ്വല്ലറിയിലെ സിസിടിവിയിൽ മിന്നൽ സ്പീഡിലെ മോഷണം പൂർണമായി പതിഞ്ഞിട്ടുണ്ട്. വൈദ്യുത ആഘാതമേൽപ്പിക്കുന്ന ടേസറും കരടിയെ തുരത്താനായി ഉപയോഗിക്കുന്ന ബിയർ സ്പ്രേയും ഉപയോഗിച്ചായിരുന്നു മോഷണം.
പ്രധാനവാതിലിലൂടെ അകത്ത് കയറിയായിരുന്നു മോഷണം. മധ്യവയസ്കനായ ഒരാളാണ് സംഭവം നടക്കുന്ന സമയത്ത് ജ്വല്ലറിയിലുണ്ടായിരുന്നത്. കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് ബാഗുകളിലേക്ക് ആഭരണങ്ങൾ വാരിയിട്ട ശേഷം മുന്നിലെ തെരുവിലേക്കാണ് യുവാക്കളുടെ സംഘം രക്ഷപ്പെട്ടത്. സമീപത്തെ കടയിലുള്ളവർ എത്തുന്നതിന് മുൻപ് തന്നെ അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. പുറത്ത് സ്റ്റാർട്ട് ചെയ്തിരുന്ന കാറിലുണ്ടായിരുന്ന ആൾ അടക്കം അഞ്ച് പേരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസ് വിശദമാക്കുന്നത്.
കുറച്ച് കാലത്തേക്ക് ജ്വല്ലറി അടച്ചിടുകയാണെന്നാണ് ജ്വല്ലറിയുടെ വൈസ് പ്രസിഡന്റ് വിശദമാക്കുന്നത്. മോഷണം പോയ ആഭരണങ്ങളുടെ കണക്കെടുപ്പ് പുരോഗമിക്കുകയാണ്. റോളക്സ് ആഡംബര വാച്ചുകളും വജ്രമാലകളും സ്വർണാഭരണങ്ങളും മോഷ്ടാക്കൾ സെക്കൻഡുകൾക്കുള്ളിൽ മോഷ്ടിച്ച് കടത്തിയിട്ടുണ്്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം