കാബൂള്‍ ആക്രമണം: ഗുരുദ്വാരയില്‍ അഭയം തേടിയ സിഖുകാരും ഹിന്ദുക്കളും രക്ഷപ്പെട്ടത് തലനാരിഴക്ക്

By Web TeamFirst Published Aug 27, 2021, 11:36 AM IST
Highlights

വ്യാഴാഴ്ച വൈകീട്ടാണ് ലോകത്തെ നടുക്കി അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു.
 

ദില്ലി: കാബൂളിലെ ഗുരുദ്വാരയില്‍ കഴിയുന്ന 145 സിഖുക്കാരും 15 ഹിന്ദുക്കളും വിമാനത്താവളത്തിന് സമീപത്തെ ഇരട്ട സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴക്ക്. സ്‌ഫോടനത്തിന് തൊട്ടുമുമ്പ് ഇവര്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ഇന്ത്യയിലേക്ക് തിരിക്കുന്നതിന് മാര്‍ഗം തേടിയാണ് ഇവര്‍ വിമാനത്താവളത്തിലെത്തിയത്. എന്നാല്‍, പിന്നീട് ഗുരുദ്വാരയിലേക്ക് തന്നെ തിരിച്ചുപോന്നു. ഇവര്‍ തിരിച്ചതിന് പിന്നാലെയാണ് വിമാനത്താവളത്തിലെ ഗേറ്റിന് സമീപം ചാവേര്‍ ആക്രമണമുണ്ടായത്. അഫ്ഗാന്‍ പൗരന്മാരും അമേരിക്കന്‍ ഉദ്യോഗസ്ഥരുമടക്കം നൂറിലേറെ പേരാണ് സ്‌ഫോടനത്തില്‍ മരിച്ചത്.

 

All the minorities who have taken refuge in Gurdwara Karte Parwan are safe https://t.co/2gSdBg50x8

— Manjinder Singh Sirsa (@mssirsa)

ന്യൂനപക്ഷ വിഭാഗമായ സിഖുക്കാരും ഹിന്ദുക്കളും തലനാരിഴക്കാണ് സ്‌ഫോടനത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ദില്ലി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി പ്രസിഡന്റ് മഞ്ജീന്ദര്‍ സിങ് വ്യക്തമാക്കി. വ്യാഴാഴ്ച വൈകീട്ടാണ് ലോകത്തെ നടുക്കി അഫ്ഗാനിസ്ഥാനില്‍ സ്‌ഫോടനമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. തക്കതായ തിരിച്ചടി നല്‍കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!