കാബൂൾ ചാവേർ സ്ഫോടനങ്ങൾക്ക് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റ്; മരണം 40 ആയി, മരിച്ചവരിൽ താലിബാൻകാരും,അപലപിച്ച് ഇന്ത്യ

By Web TeamFirst Published Aug 26, 2021, 9:11 PM IST
Highlights

ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു

ദില്ലി: അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിൽ വിമാനത്താവളത്തിന് മുന്നിൽ ഉണ്ടായ തുടർ സ്ഫോടനങ്ങൾക്ക് പിന്നിൽ ഇസ്ലാമിക് സ്റ്റേറ്റെന്ന് രഹസ്യാന്വേഷണ ഏജൻസികൾ. ഇസ്ലാമിക് സ്റ്റേറ്റാണ് ആക്രമണം നടത്തിയതെന്ന് താലിബാൻ വക്താക്കളും സ്ഥിരീകരിച്ചു. രണ്ട് സ്ഫോടനങ്ങളിലായി കുട്ടികളടക്കം 40 പേര്‍ മരിച്ചെന്ന് കാബൂളിലെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. ഇതിൽ താലിബാൻകാരുമുണ്ടെന്നാണ് വിവരം. സ്ഫോടനത്തെ ഇന്ത്യ അപലപിച്ചു. ഭീകരവാദത്തിനും ഭീകരർക്ക് താവളം നല്‍കുന്നവർക്കുമെതിരെ ലോകം ഒന്നിച്ചു നില്‍ക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.

Read More: കാബൂൾ വിമാനത്താവളത്തിന് മുന്നിൽ തുടർ സ്ഫോടനങ്ങൾ

ചാവേർ ആക്രമണമാണ് കാബൂൾ വിമാനത്താവളത്തിലെ അബ്ബി ഗേറ്റിന് മുന്നിൽ നടന്നത്. ഇവിടെയാണ് കൂടുതൽ പേർക്ക് ജീവഹാനിയുണ്ടായതും ഗുരുതരമായി പരിക്കേറ്റതും. വിമാനത്താവളത്തിന് സമീപത്തെ ബാരൺ ഹോട്ടലിന് മുന്നിൽ നടന്ന ചാവേർ സ്ഫോടനത്തിൽ ചിലർക്ക് നിസാര പരിക്കേറ്റതായാണ് വിവരം. ഇതിന് പിന്നാലെ സ്ഥലത്ത് വെടിവെപ്പും നടന്നിട്ടുണ്ട്. 30 പേർക്ക് പരിക്കേറ്റതായാണ് ഏറ്റവും പുതിയ വിവരം. ഇവരിൽ എത്ര പേരുടെ നില ഗുരുതരമാണെന്ന് വ്യക്തമല്ല.

മരിച്ചവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെട്ടിട്ടുണ്ട്. പരിക്കേറ്റവരിൽ അഞ്ച് അമേരിക്കൻ സൈനികരുണ്ട്. മരിച്ചവരിൽ അമേരിക്കൻ പൗരന്മാരുമുണ്ടെന്ന് പെന്റഗൺ സ്ഥിരീകരിച്ചിട്ടുണ്ട്. ബോംബ് സ്ഫോടനത്തിന് സാധ്യതയുണ്ടെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് കാബൂൾ വിമാനത്താവളത്തിലെ മൂന്ന് ഗേറ്റിന് മുന്നിൽ സുരക്ഷ ശക്തമാക്കിയിരുന്നു. രഹസ്യാന്വേഷണ ഏജൻസികൾ ഇന്നലെ ആക്രമണം നടക്കുമെന്നാണ് വിവരം നൽകിയത്. എന്നാൽ ഇന്നാണ് ആക്രമണം നടന്നിരിക്കുന്നത്.

ഈ സാഹചര്യത്തിൽ അഫ്ഗാനിലെ സ്ഥിതിഗതികൾ ലോകമനസാക്ഷിയുടെ മുന്നിൽ കൂടുതൽ നൊമ്പരപ്പെടുത്തുന്ന ചിത്രങ്ങളാവുകയാണ്. അമേരിക്കൻ സൈന്യത്തിന്റെ പിന്മാറ്റവും താലിബാന്റെ മുന്നേറ്റവുമായിരുന്നു ഇതുവരെയെങ്കിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ ആക്രമണം കൂടിയായതോടെ അഫ്ഗാനിസ്ഥാൻ ഭീകരരുടെ പിടിയിൽ പൂർണമായും അകപ്പെട്ടുവെന്ന് വ്യക്തമായിരിക്കുകയാണ്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!