
ചെന്നൈ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് തുറന്ന കത്തുമായി നടനും എംപിയുമായ കമൽഹാസൻ. ഇന്ത്യ സ്വതന്ത്ര രാഷ്ട്രമാണെന്നും അമേരിക്കയുടെ ഉത്തരവുകൾ അനുസരിക്കാൻ ഇരിക്കുകയല്ലെന്നും അദ്ദേഹം തുറന്ന കത്തിൽ കുറിച്ചു. റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ ഇന്ത്യയ്ക്ക് 30 ദിവസത്തെ താത്ക്കാലിക ഇളവ് നൽകിയെന്ന യുഎസ് ട്രഷറി സെക്രട്ടറിയുടെ വിവാദ പരാമർശത്തിന് എതിരെയാണ് കമൽ ഹാസന്‍റെ പ്രതികരണം. തന്റെ എക്സ് അക്കൗണ്ടിലാണ് ട്രംപിനുള്ള തുറന്ന കത്ത് കമൽഹാസൻ പങ്കുവച്ചത്. അമേരിക്കയോട് സ്വന്തം കാര്യം നോക്കാൻ അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
"പ്രിയപ്പെട്ട മിസ്റ്റർ പ്രസിഡന്‍റ്,
ഇന്ത്യയിലെ ജനങ്ങൾ സ്വതന്ത്രവും പരമാധികാരവുമുള്ള രാഷ്ട്രത്തിലാണ് ജീവിക്കുന്നത്. വിദൂര വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഉത്തരവുകൾ ഞങ്ങൾ സ്വീകരിക്കുന്നില്ല. നിങ്ങളുടെ കഴിവിന്റെ പരമാവധി നിങ്ങളുടെ സ്വന്തം കാര്യം നോക്കുക. പരമാധികാര രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പര ബഹുമാനമാണ് ശാശ്വതമായ ആഗോള സമാധാനത്തിന്‍റെ ഏക അടിത്തറ. നിങ്ങളുടെ രാജ്യത്തിനും ജനങ്ങൾക്കും സമാധാനവും സമൃദ്ധിയും ഞങ്ങൾ നേരുന്നു.
കമൽ ഹാസൻ- അഭിമാനിയായ ഇന്ത്യൻ പൗരൻ
മക്കൾ നീതി മയ്യം സ്ഥാപകൻ."
യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്‍റിന്‍റെ പ്രസ്താവനയാണ് വിവാദമായത്- “പ്രസിഡന്‍റ് ട്രംപിന്‍റെ ഊർജ അജണ്ട എണ്ണ ഉത്പാദനം എക്കാലത്തെയും ഉയർന്ന നിലയിൽ എത്തിച്ചിരിക്കുകയാണ്. ആഗോള വിപണിയിലേക്ക് എണ്ണ ഒഴുകുന്നത് തുടരാൻ, ട്രഷറി ഡിപ്പാർട്ട്‌മെന്റ് ഇന്ത്യൻ റിഫൈനറികൾക്ക് റഷ്യൻ എണ്ണ വാങ്ങാൻ 30 ദിവസത്തെ താത്ക്കാലിക ഇളവ് നൽകുന്നു. ഈ ഹ്രസ്വകാല നടപടി റഷ്യൻ സർക്കാരിന് കാര്യമായ സാമ്പത്തിക നേട്ടം നൽകില്ല. കാരണം ഇതിനകം കടലിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളിലെ എണ്ണയുടെ ഇടപാടുകൾക്ക് മാത്രമേ അംഗീകാരം നൽകുന്നുള്ളൂ. ഇറാൻ ആഗോള ഊർജമേഖലയെ ബന്ദിയാക്കാൻ ശ്രമിക്കുന്നതു കൊണ്ടുള്ള സമ്മർദം ഈ താത്കാലിക നടപടി ലഘൂകരിക്കും. ഇന്ത്യ അമേരിക്കയുടെ പ്രധാന പങ്കാളിയാണ്. ഇന്ത്യ യുഎസ് എണ്ണയുടെ ഇറക്കുമതി വർധിപ്പിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു"
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam