'പാക് കേന്ദ്രീകൃത ഭീകരവാദം ഭീഷണി'; നിലപാട് വ്യക്തമാക്കി കമല ഹാരിസ്, മോദി-ബൈഡന്‍ കൂടിക്കാഴ്ച ഇന്ന്

By Web TeamFirst Published Sep 24, 2021, 3:38 PM IST
Highlights

നരേന്ദ്ര മോദിയും ജോ ബൈഡനും ഇന്നുരാത്രി എട്ടരയ്ക്ക് കൂടിക്കാഴ്ച നടത്തും. അഫ്ഗാനിസ്ഥാൻ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയാകും. അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ ഭരണസംവിധാനം മാറണമെന്ന നിലപാട് ഇന്ത്യ മുന്നോട്ടു വയ്ക്കും. 

വാഷിം​ഗ്ടണ്‍: പാക് കേന്ദ്രീകൃത ഭീകരവാദം ഇന്ത്യയ്ക്കും അമേരിക്കയ്ക്കും ഒരുപോലെ ഭീഷണിയെന്ന് യുഎസ് വൈസ് പ്രസിഡന്‍റ് കമല ഹാരിസ് (Kamala Harris). പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിലെ കമല ഹാരിസിന്‍റെ പരാമർശം ഇന്ത്യൻ നിലപാടിന്‍റെ വിജയമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്താക്കി. കമല ഹാരിസ് ഇന്നലെ നരേന്ദ്ര മോദിയെ (Narendra Modi) കണ്ടപ്പോൾ നടത്തിയ പരാമർശം സർക്കാരിന് നേട്ടമായിരിക്കുകയാണ്. പാക് കേന്ദ്രീകൃത ഭീകരവാദം കമല ഹാരിസ് തന്നെ സ്വയം ഉന്നയിക്കുകയായിരുന്നു.

നരേന്ദ്ര മോദിയും ജോ ബൈഡനും ഇന്നുരാത്രി എട്ടരയ്ക്ക് കൂടിക്കാഴ്ച നടത്തും. അഫ്ഗാനിസ്ഥാൻ കൂടിക്കാഴ്ചയിൽ പ്രധാന ചർച്ചയാകും. അഫ്ഗാനിസ്ഥാനിലെ ഇപ്പോഴത്തെ ഭരണസംവിധാനം മാറണമെന്ന നിലപാട് ഇന്ത്യ മുന്നോട്ടു വയ്ക്കും. അഫ്ഗാനിസ്ഥാനിലെ സാഹചര്യത്തിൽ ജോബൈഡൻ ഭരണകൂടം വിമർശനം നേരിടുന്ന പശ്ചാത്തലത്തിൽ ഇന്ത്യയെ ഒപ്പം നിര്‍ത്താനാവും അമേരിക്കയുടെ ശ്രമം. താലിബാൻ ഇപ്പോൾ രൂപീകരിച്ച സർക്കാരിനെ അംഗീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കും.

ഭീകരവാദത്തിന്‍റെ കാര്യത്തിൽ ഇന്ത്യയ്‍ക്കൊപ്പം എന്ന സന്ദേശം നല്‍കാനാണ് അമേരിക്ക ശ്രമിക്കുന്നത്. ഇന്ത്യ അമേരിക്ക ജപ്പാൻ ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ക്വാഡ് ഉച്ചകോടിയും ഇന്ന് രാത്രി നടക്കും. അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും അടുത്തിടെ രൂപീകരിച്ച സൈനിക സഖ്യം ക്വാഡ് ഉച്ചകോടിയെ ബാധിക്കില്ല എന്നാണ് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ ഇന്നലെ നരേന്ദ്ര മോദിയെ അറിയിച്ചത്. അമേരിക്കൻ തെരഞ്ഞെടുപ്പിൽ പക്ഷംപിടിച്ചു എന്ന ആരോപണം നിലനില്‍ക്കെ ജോ ബൈഡനുമായി വ്യക്തിപരമായ ബന്ധം സ്ഥാപിക്കാനുള്ള ശ്രമവും പ്രധാനമന്ത്രി നടത്തും. 

 

click me!