വിഭജനത്തിന് ശേഷം ആദ്യമായി പാകിസ്ഥാനിലെ ലാഹോർ യൂണിവേഴ്‌സിറ്റി ഓഫ് മാനേജ്‌മെന്റ് സയൻസസിൽ (LUMS) സംസ്‌കൃത ഭാഷാ പഠനം ആരംഭിച്ചു. ഭഗവത് ഗീതയും മഹാഭാരതവും ഉൾപ്പെടുന്നതാണ് കോഴ്‌സ്. 

ലാഹോര്‍: വിഭജനത്തിനുശേഷം ആദ്യമായി പാകിസ്ഥാനിലെ സർവകലാശാലയിൽ പുരാതന ഭാഷയായ സംസ്‌കൃതം പഠിപ്പിക്കുന്നു. ദി ട്രിബ്യൂൺ റിപ്പോർട്ട് പ്രകാരം, ലാഹോർ യൂണിവേഴ്‌സിറ്റി ഓഫ് മാനേജ്‌മെന്റ് സയൻസസ് (LUMS) സർവകലാശാലയിലാണ് സംസ്കൃത ഭാഷയും മഹാഭാരതവും ഗീതയും തുടങ്ങിയ ഹിന്ദു പുരാണങ്ങളെയും ഉൾപ്പെടുത്തി കോഴ്‌സ് ആരംഭിച്ചത്.

എന്തിനാണ് സംസ്കൃതം പഠിക്കുന്നതെന്ന് ആളുകൾ എന്നോട് ചോദിക്കുന്നു. നമുക്ക് എന്തുകൊണ്ട് അത് പഠിക്കാൻ പാടില്ല? മുഴുവൻ പ്രദേശത്തിന്റെയും ബന്ധിത ഭാഷയാണിതെന്ന് അസോസിയേറ്റ് പ്രൊഫസർ ഷാഹിദ് റഷീദിനെ ഉദ്ധരിച്ച് ദി ട്രിബ്യൂൺ പറഞ്ഞു. സംസ്കൃത വ്യാകരണജ്ഞൻ പാണിനിയുടെ ഗ്രാമം ഈ പ്രദേശത്തായിരുന്നു. സിന്ധുനദീതട നാഗരികതയുടെ കാലത്ത് ഇവിടെ ധാരാളം എഴുത്തുകൾ നടന്നിരുന്നു. സംസ്കൃതം ഒരു പർവ്വതം പോലെയാണ്, ഒരു സാംസ്കാരിക സ്മാരകം. നമുക്ക് അത് സ്വന്തമാക്കേണ്ടതുണ്ട്. അത് നമ്മുടേതുമാണ്. അത് ഒരു പ്രത്യേക മതവുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.

1930 കളിൽ പണ്ഡിതനായ ജെ.സി.ആർ. വൂൾനർ സംസ്കൃത താളിയോല കൈയെഴുത്തുപ്രതികളുടെ ഒരു പ്രധാന ശേഖരം പട്ടികപ്പെടുത്തിയിരുന്നു. എന്നാൽ 1947 മുതൽ ഒരു പാകിസ്ഥാൻ അക്കാദമിക് വിദഗ്ദ്ധനും ഈ ശേഖരത്തിൽ പഠനം നടത്തിയിട്ടില്ല. വിദേശ ഗവേഷകർ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്. പ്രാദേശികമായി പണ്ഡിതർക്ക് പരിശീലനം നൽകുന്നതിനായി ശേഖരം ഉപയോ​ഗിക്കുമെന്നും ഗുർമാനി സെന്റർ ഡയറക്ടർ അലി ഉസ്മാൻ ഖാസ്മിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി പറഞ്ഞു.

10-15 വർഷത്തിനുള്ളിൽ, ഗീതയിലും മഹാഭാരതത്തിലും പാകിസ്ഥാൻ ആസ്ഥാനമായുള്ള പണ്ഡിതന്മാരെ നമുക്ക് കാണാൻ കഴിയുമെന്നും ഖാസ്മി കൂട്ടിച്ചേർത്തു. മൂന്ന് മാസത്തെ വാരാന്ത്യ വർക്ക്‌ഷോപ്പായി ആരംഭിച്ച സംസ്‌കൃത കോഴ്‌സ്, മികച്ച പ്രതികരണം ലഭിച്ചതിനെത്തുടർന്ന് ഒടുവിൽ നാല് ക്രെഡിറ്റ് യൂണിവേഴ്‌സിറ്റി കോഴ്‌സായി മാറ്റി. വിദ്യാർത്ഥികളുടെ എണ്ണം നിലവിൽ കുറവാണെങ്കിലും, അടുത്ത കുറച്ച് വർഷങ്ങളിൽ ഇത് വളരുമെന്ന് പ്രതീക്ഷിക്കുന്നു. 2027ഓടെ ഒരു വർഷം നീണ്ടുനിൽക്കുന്ന കോഴ്‌സായി ഭാഷ പഠിപ്പിക്കാൻ കഴിയുമെന്നും ഡയറക്ടർ പറഞ്ഞു.