
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറിയായി ചുമതലയേറ്റ് അഞ്ചാം ദിവസം കാറ്റി സക്കറിയയ്ക്ക് സ്ഥാനം നഷ്ടമായി. വൈറ്റ് ഹൗസിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കുറഞ്ഞ കാലാവധിയാണിത്. ആദ്യ വാർത്താസമ്മേളനത്തിലെ മോശം പ്രകടനവും യോഗ്യതകളെക്കുറിച്ചുള്ള വിവാദങ്ങളും കാറ്റിയിൽ ട്രംപിന് വിശ്വാസം നഷ്ടപ്പെട്ടതുമാണ് പെട്ടെന്നുള്ള പുറത്താക്കലിന് കാരണം. കാറ്റി സക്കറിയ വൈറ്റ് ഹൗസിലെ പദവിയിൽ നിന്ന് മാറുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ ഒക്ടോബർ ഒൻപതിനാണ് മുൻ പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റിന് പകരക്കാരിയായി കാറ്റി സക്കറിയയെ ട്രംപ് പ്രഖ്യാപിച്ചത്. എന്നാൽ ചുമതലയേറ്റ ശേഷം ചൊവ്വാഴ്ച അവർ നടത്തിയ ആദ്യ വാർത്താസമ്മേളനം വലിയ പരാജയമായി മാറിയിരുന്നു. 14 മിനിറ്റ് മാത്രം നീണ്ടുനിന്ന വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ മൂന്ന് ചോദ്യങ്ങൾക്ക് മാത്രമാണ് കാറ്റിക്ക് മറുപടി നൽകാൻ കഴിഞ്ഞത്, പലപ്പോഴും സംസാരിക്കാനും ബുദ്ധിമുട്ടി.
കാറ്റിയുടെ യോഗ്യത സംബന്ധിച്ച് ഉയർന്ന റിപ്പോർട്ടുകൾ ഭരണകൂടത്തിന് നാണക്കേടായിരുന്നു. കാറ്റി ഒരു അഭിഭാഷകയാണെന്നാണ് ട്രംപ് പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ അവർ ലോ സ്കൂൾ ബിരുദം നേടിയിട്ടുണ്ടെങ്കിലും യുഎസിലെ ബാർ പരീക്ഷ പാസായിട്ടില്ലെന്നും വക്കീലായി പ്രാക്ടീസ് ചെയ്യാനുള്ള യോഗ്യതയില്ലെന്നുമായിരുന്നു പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകൾ.
നേരത്തെ മാധ്യമങ്ങളോട് പ്രതികരിക്കവെ, കാറ്റി സക്കറിയയ്ക്ക് അനുയോജ്യമായ യോഗ്യതയില്ലെന്ന സൂചന ട്രംപ് നൽകിയിരുന്നു. പ്രസ് സെക്രട്ടറി പദവിയെക്കുറിച്ച് കാറ്റി ഒന്നുകൂടി ആലോചിക്കണമെന്നും പദവി ആവശ്യമുണ്ടോയെന്ന് തനിക്ക് തോന്നുന്നില്ലെന്നുമായിരുന്നു ട്രംപിൻ്റെ പ്രതികരണം. അതേസമയം ട്രംപിന്റെ ആദ്യ ഭരണകാലത്ത് വെറും 10 ദിവസം മാത്രം വൈറ്റ് ഹൗസ് കമ്മ്യൂണിക്കേഷൻസ് ഡയറക്ടറായിരുന്ന ആന്റണി സ്കരാമുച്ചിയുടെ റെക്കോർഡാണ് അഞ്ച് ദിവസം മാത്രം തികച്ച കാറ്റി ഇപ്പോൾ തകർത്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam