
ബാങ്കോക്ക്: അന്താരാഷ്ട്ര നാണയ നിധിയിൽ നിന്ന് (ഐഎംഎഫ്) പുതിയ വായ്പയ്ക്കായി കാത്തുനിൽക്കുന്നതിനിടയിലും, 2027ലെ ഐഎംഎഫിന്റെയും ലോകബാങ്ക് ഗ്രൂപ്പിന്റെയും ഗവർണർമാരുടെ ബോർഡ് അധ്യക്ഷപദവി പാകിസ്ഥാന്. ലോകബാങ്ക്-ഐഎംഎഫ് വാർഷിക യോഗത്തിലാണ് പാകിസ്ഥാനെ തരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. അംഗരാജ്യങ്ങളുടെ ധനമന്ത്രിമാരും സെൻട്രൽ ബാങ്ക് ഗവർണർമാരും പങ്കെടുക്കുന്ന യോഗങ്ങൾക്ക് രാജ്യം നേതൃത്വം നൽകുമെങ്കിലും, വായ്പാ തീരുമാനങ്ങളിൽ ഈ പദവിയിലൂടെ നേരിട്ട് നിയന്ത്രണം ലഭിക്കില്ല.
1953ന് ശേഷം ആദ്യമായാണ് പാകിസ്ഥാൻ ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ലോകബാങ്കിലെ പാകിസ്ഥാന്റെ ഗവർണറും സാമ്പത്തികകാര്യ മന്ത്രിയുമായ അഹദ് ഖാൻ ചീമ 2027-ലെ പുതിയ അധ്യക്ഷനായി ചുമതലയേൽക്കുമെന്ന് വെള്ളിയാഴ്ച സാമ്പത്തികകാര്യ മന്ത്രാലയം അറിയിച്ചു. ആഗോള സാമ്പത്തിക ചർച്ചകളിൽ സംഭാവന നൽകാനും അംഗരാജ്യങ്ങൾ തമ്മിലുള്ള സംഭാഷണങ്ങൾ സുഗമമാക്കാനും ഈ പദവി സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിലുള്ള ഈ നയതന്ത്ര അംഗീകാരം ലഭിക്കുമ്പോഴും, ബാഹ്യ ധനസഹായത്തിനായി പാകിസ്ഥാൻ ഇപ്പോഴും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
1950ൽ ഐഎംഎഫിൽ അംഗമായതിനുശേഷം കുറഞ്ഞത് 25 തവണയാണ് പാകിസ്ഥാൻ വായ്പാ പദ്ധതികൾക്കായി സംഘടനയെ സമീപിച്ചിട്ടുള്ളത്. വിദേശനാണ്യ ശേഖരത്തിന്റെ കുറവും പണപ്പെരുപ്പവും കാരണം വിദേശ ബാധ്യതകൾ നിറവേറ്റുന്നതിൽ രാജ്യം നേരിടുന്ന നിരന്തരമായ പ്രതിസന്ധികളാണ് ഇത് വ്യക്തമാക്കുന്നത്. സാമ്പത്തിക പരിഷ്കാരങ്ങൾക്കും ബാഹ്യ പണമിടപാടുകൾക്കുമായി നിലവിൽ ഏഴ് ബില്യൺ ഡോളറിന്റെ എക്സ്റ്റൻഡഡ് ഫണ്ട് ഫെസിലിറ്റിയും (ഇഎഫ്എഫ്), കാലാവസ്ഥാ വ്യതിയാനങ്ങളെ നേരിടാൻ 1.4 ബില്യൺ ഡോളറിന്റെ ഫണ്ടുമാണ് രാജ്യത്തിനുള്ളത്.
പുതിയ സ്റ്റാഫ് തല കരാറിലൂടെ ഇഎഫ്എഫിന് കീഴിൽ ഏകദേശം ഏഴ് ബില്യൺ ഡോളറും മറ്റൊരു പദ്ധതിക്ക് കീഴിൽ 210 മില്യൺ ഡോളറും ലഭ്യമായേക്കാം. ഐഎംഎഫ് എക്സിക്യൂട്ടീവ് ബോർഡിന്റെ അനുമതി ആവശ്യമുള്ള ഈ വായ്പ, സാമ്പത്തിക രംഗത്തെ തുടർച്ചയായ മുന്നേറ്റങ്ങൾക്ക് സഹായകരമാകുമെന്നാണ് വിലയിരുത്തൽ. ഉയർന്ന പൊതു ഉപഭോഗവും കുറഞ്ഞ ഉൽപ്പാദനക്ഷമതയും വലിയതോതിലുള്ള വായ്പയെടുക്കലുകളും അടങ്ങിയ പാകിസ്ഥാന്റെ വളർച്ചാ മാതൃക സുസ്ഥിരമല്ലെന്നാണ് ലോക ബാങ്കിന്റെ വിലയിരുത്തൽ. ഭാവിയിൽ ഇത്തരം ബെയ്ലൗട്ടുകളുടെ ആവശ്യം ഒഴിവാക്കാൻ ഈ വായ്പകൾക്ക് കഴിയുമോ എന്നതാണ് പാകിസ്ഥാൻ നേരിടുന്ന പ്രധാന വെല്ലുവിളി.
സാമ്പത്തിക സ്ഥിതിയിൽ നേരിയ പുരോഗതി
ഐഎംഎഫിന്റെ പുതിയ വിലയിരുത്തൽ പ്രകാരം പാകിസ്ഥാന്റെ സാമ്പത്തിക സ്ഥിതിയിൽ ചില പുരോഗതികൾ ഉണ്ടായിട്ടുണ്ട്. പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ശക്തമായ നയങ്ങളുടെ പിൻബലത്തിൽ രാജ്യത്തിന് മാക്രോ ഇക്കണോമിക് സ്ഥിരത നിലനിർത്താൻ കഴിഞ്ഞതായി ഐഎംഎഫ് വ്യക്തമാക്കി. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ മൂന്ന് പാദങ്ങളിൽ ജിഡിപി വളർച്ച നാല് ശതമാനമായിരുന്നു. ഉയർന്ന ഊർജ വിലയും വിതരണ തടസങ്ങളും കാരണം പിന്നീട് വളർച്ചാ നിരക്ക് 3.6 ശതമാനമായി കുറഞ്ഞു.
സെപ്റ്റംബറിലെ കണക്കുപ്രകാരം പണപ്പെരുപ്പം 10.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നുള്ള പണമയക്കലിലെ വർദ്ധനവ് നടപ്പ് സാമ്പത്തിക വർഷത്തിൽ കറന്റ് അക്കൗണ്ട് ബാലൻസ് നിലനിർത്താൻ സഹായിച്ചു. സെപ്റ്റംബർ അവസാനത്തോടെ രാജ്യത്തിന്റെ മൊത്ത കരുതൽ ശേഖരം ഏകദേശം 21 ബില്യൺ ഡോളറായി ഉയർന്നിട്ടുണ്ട്. പരമാധികാര റേറ്റിംഗുകളിലെ വർദ്ധനവും അന്താരാഷ്ട്ര വിപണിയിലേക്കുള്ള തിരിച്ചുവരവും നയപരമായ വിശ്വാസ്യതയുടെ തെളിവുകളാണെന്ന് ഐഎംഎഫ് ഉദ്യോഗസ്ഥ ഐവ പെട്രോവ ചൂണ്ടിക്കാണിച്ചു. എങ്കിലും ഭൗമരാഷ്ട്രീയ തടസങ്ങളും വിലക്കയറ്റവും രാജ്യത്തിന് മുന്നിൽ ഇപ്പോഴും വലിയ വെല്ലുവിളികളായി തുടരുന്നുണ്ട്. അധ്യക്ഷപദവി നേടിയെങ്കിലും, വായ്പകൾക്കായുള്ള ആശ്രയം പൂർണ്ണമായി ഒഴിവാക്കുക എന്നത് പാകിസ്ഥാനെ സംബന്ധിച്ചിടത്തോളം ദുഷ്കരമായ ഒരു ലക്ഷ്യമായി തുടരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam