കാലാവസ്ഥാ വ്യതിയാനത്തിന്‍റെ നേർക്കാഴ്ച മലയാളിയുടെ ക്യാമറയിലൂടെ; ആർ കെ ശ്രീജിത്തിന്‍റെ ഫോട്ടോ പ്രദർശനം 'ന്യൂയോർക്ക് ക്ലൈമറ്റ് വീക്കി'ൽ

Published : Oct 09, 2026, 12:31 PM IST
R K Sreejith

Synopsis

ന്യൂയോർക്ക് ക്ലൈമറ്റ് വീക്കിന്റെ ഭാഗമായി ഫോർഡാം യൂണിവേഴ്‌സിറ്റിയിൽ മലയാളി ഫോട്ടോ ജേർണലിസ്റ്റ് ആർ കെ ശ്രീജിത്തിന്റെ ഫോട്ടോ പ്രദർശനം സംഘടിപ്പിക്കുന്നു. 'വെൻ ലൈഫ് കേം ടു എ സ്റ്റാൻഡ്‌സ്റ്റിൽ' എന്ന പേരിൽ നടക്കുന്ന പ്രദർശനത്തിൽ കേരളത്തിലെ പ്രളയത്തിന്റെയും ഉരുൾപൊട്ടലിന്റെയും നേർക്കാഴ്ചകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ന്യൂയോർക്ക്: കാലാവസ്ഥാ വ്യതിയാനം മനുഷ്യജീവിതത്തിൽ സൃഷ്ടിക്കുന്ന ആഘാതങ്ങൾ ക്യാമറയിൽ പകർത്തിയ മലയാളിയായ ആർ കെ ശ്രീജിത്തിന്‍റെ ഫോട്ടോ പ്രദർശനം ന്യൂയോർക്കിൽ സംഘടിപ്പിക്കുന്നു. ന്യൂയോർക്ക് ക്ലൈമറ്റ് വീക്കിന്റെ ഭാഗമായി 'കൈത' (KAITHA)യും ഫോർഡാം യൂണിവേഴ്‌സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സും സംയുക്തമായാണ് 'വെൻ ലൈഫ് കേം ടു എ സ്റ്റാൻഡ്‌സ്റ്റിൽ' എന്ന പേരിൽ പ്രദർശനം സംഘടിപ്പിക്കുന്നത്.

ഫോർഡാം യൂണിവേഴ്‌സിറ്റിയിലെ 'റഫ്യൂജ് ഗാലറി'യിലാണ് ആർ കെ ശ്രീജിത്ത് പകർത്തിയ ചിത്രങ്ങളുടെ പ്രദർശനം നടക്കുന്നത്. സെപ്തംബർ 10 മുതൽ നവംബർ 18 വരെയാണ് പ്രദർശനം. കേരളത്തിലെ ജനങ്ങൾ അനുഭവിച്ച സമാനതകളില്ലാത്ത പ്രകൃതിദുരന്തങ്ങളുടെ നേർക്കാഴ്ചകളാണ് ഈ പ്രദർശനത്തിലൂടെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കപ്പെടുന്നത്. 2018-ലെ പ്രളയം, 2024-ലെ വയനാട് ഉരുൾപൊട്ടൽ, കേരളതീരങ്ങളിൽ തുടരുന്ന കടലാക്രമണവും തീരശോഷണവും ശ്രീജിത്തിന്‍റെ ക്യാമറയിലൂടെ ഫോർഡാം യൂണിവേഴ്‌സിറ്റിയിലെ ഗാലറിയിലേക്കെത്തി.

വെള്ളത്തിൽ മുങ്ങിയ കൊച്ചി വിമാനത്താവളത്തിലെ റൺവേ, നാവികസേന ആകാശമാർഗ്ഗം ആളുകളെ രക്ഷപ്പെടുത്തുന്നത്, പ്രളയജലത്തിൽ ഒറ്റപ്പെട്ട വീടുകൾ തുടങ്ങിയ ഫോട്ടോകൾക്ക് ഒപ്പം, സന്ദർശകരുടെ മനസ്സ് തൊടുന്ന ചില ചിത്രങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രളയത്തിൽ തകർന്ന പണിശാലയിൽ നിന്ന് വീണ്ടെടുത്ത ആറന്മുള കണ്ണാടിയുമായി നിൽക്കുന്ന കരകൗശല വിദഗ്ദ്ധൻ, നദീതീരത്ത് കേടുപാടുകളോടെ കിടക്കുന്ന പള്ളിയോടം, വീട് കടലെടുത്തപ്പോൾ തീരത്ത് നിസ്സഹായനായി നിൽക്കുന്ന ഒരു മൽസ്യത്തൊഴിലാളി, വെള്ളം നിറഞ്ഞ സ്വന്തം വീട്ടിൽ ഉച്ചഭക്ഷണം കഴിക്കുന്ന സ്ത്രീ, കടലാക്രമണത്തിൽ വീട് തകരുമോ എന്ന ഭയത്തോടെ തിരമാലകളെ നോക്കിനിൽക്കുന്ന മറ്റൊരാൾ എന്നിങ്ങനെ കേരളത്തിലെ സാധാരണക്കാർ അനുഭവിച്ചതും അതിജീവിച്ചതുമായ വഴികളിലെ ഓരോ നിമിഷങ്ങളും ശ്രീജിത്തിന്‍റെ ലെൻസിൽ പതിഞ്ഞു. ഇവ ഇനി വരും തലമുറയ്ക്ക് കേരളം കടന്നുപോയ ദുരന്തങ്ങളുടെ അടയാളപ്പെടുത്തലുകളായി അവശേഷിക്കുകയാണ്.

കാലാവസ്ഥാ വ്യതിയാനം മനുഷ്യരെയും അവരുടെ ഉപജീവനത്തെയും സംസ്‌കാരത്തെയും അടിസ്ഥാന സൗകര്യങ്ങളെയും എങ്ങനെ ബാധിക്കുന്നുവെന്ന വലിയ ഓർമ്മപ്പെടുത്തലുകളായി മാറുകയാണ് ഈ ചിത്രങ്ങൾ.

‘ആഗോളതലത്തിൽ നടക്കുന്ന കാലാവസ്ഥാ ചർച്ചകളിൽ പലപ്പോഴും ദുരന്തങ്ങൾ അനുഭവിച്ചറിയുന്ന സാധാരണക്കാരുടെ ശബ്ദം കേൾക്കാറില്ല. എന്നാൽ ഈ ചിത്രങ്ങൾ ആ സ്ഥിതി മാറ്റുന്നു. കേരളത്തെ ഇവിടെ ഒരു കണക്കായോ കേസ് സ്റ്റഡിയായോ അല്ല കാണിച്ചിരിക്കുന്നത്. ദുരന്തബാധിതർ ഈ മുറിയിൽ സന്നിഹിതരായി, ശ്രീജിത്തിന്‍റെ ക്യാമറക്കണ്ണുകളിലൂടെ നമ്മോട് പ്രതികരിക്കാൻ ആവശ്യപ്പെടുന്നത് പോലെയാണ് അനുഭവപ്പെടുന്നത്’- ഫോർഡാം യൂണിവേഴ്‌സിറ്റിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷണൽ ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് ഡയറക്ടർ ബ്രെൻഡൻ കാഹിൽ പറഞ്ഞു. ദുരന്തങ്ങൾ അതിജീവിച്ച്, ഒരു നാടിനെയും അതിനെ സ്വന്തം വീടായി കാണുന്ന മനുഷ്യരെയും തുടർന്നും മുന്നോട്ട് ജീവിക്കാൻ പ്രാപ്തരാക്കുക എന്നതാണ് പ്രധാനമെന്ന് ‘ദി ബ്ലൂ യോണ്ടർ’ സ്ഥാപകനും സംരംഭകനുമായ ഗോപിനാഥ് പാറയിൽ അഭിപ്രായപ്പെട്ടു. പ്രളയകാലത്ത് ചേന്ദമംഗലം നെയ്ത്തുകാരെ സഹായിക്കാനായി അദ്ദേഹം തുടക്കമിട്ട 'ചേകുട്ടി പാവകൾ' പദ്ധതി പ്രതിരോധശേഷിയുടെയും അതിജീവനത്തിന്റെയും ഉദാഹരണമായി പ്രദർശനത്തിൽ എടുത്തുകാണിക്കുന്നുണ്ട്.

ഫോട്ടോഗ്രഫിയും അനുഭവങ്ങളും

ഇരുപത്തിയഞ്ച് വർഷത്തിലേറെയായി ഫോട്ടോഗ്രഫി മേഖലയിൽ കഴിവ് തെളിയിച്ച ശ്രീജിത്ത്, കഴിഞ്ഞ പതിന‌ഞ്ച് വർഷത്തിലേറെയായി ‘ടൈംസ് ഓഫ് ഇന്ത്യ’യിൽ ഫോട്ടോ ജേർണലിസ്റ്റായി ജോലി ചെയ്യുകയാണ്. നിലവിൽ അസിസ്റ്റന്‍റ് ഫോട്ടോ എഡിറ്ററാണ്. 10 വർഷക്കാലം ‘ഇന്ത്യൻ എക്സ്‍പ്രസ്’, ‘ന്യൂ ഇന്ത്യൻ എക്സ്‍പ്രസ്’, ‘ഡെക്കാൻ ക്രോണിക്കിൾ’ എന്നിവിടങ്ങളിലും ഫോട്ടോ ജേർണലിസ്റ്റായിരുന്നു. ന്യൂയോർക്കിൽ പ്രദർശിപ്പിക്കുന്ന ഫോട്ടോസ് ജോലിയുടെ ഭാഗമായി പകർത്തിയതാണെങ്കിലും ഇവയെല്ലാം പത്രത്തിൽ പ്രസിദ്ധീകരിച്ചിരുന്നില്ല. പ്രസിദ്ധീകരിക്കപ്പെടാത്ത ചിത്രങ്ങളും പ്രദർശനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

യുഎസിൽ താമസിക്കുന്ന സുഹൃത്തായ ഗോപിനാഥ് പാറയിലാണ് ശ്രീജിത്തിന്‍റെ ഫോട്ടോസ് ശ്രദ്ധിച്ചതും അദ്ദേഹത്തിന്‍റെ ചിത്രങ്ങൾ ന്യൂയോർക്ക് ക്ലൈമറ്റ് വീക്കിന്‍റെ ഭാഗമാക്കാനുള്ള അവസരം ഉണ്ടെന്ന് അറിയിച്ചതും. ഇതനുസരിച്ച് താൻ പക‍ർത്തിയ ഇരുപത്തിയഞ്ചോളം ചിത്രങ്ങൾ ശ്രീജിത്ത് അയച്ചു നൽകുകയായിരുന്നു.

കാലാവസ്ഥ വ്യതിയാനം ഒരു യാഥാർത്ഥ്യമാണെന്നും കഴിഞ്ഞ കുറച്ച് വർഷങ്ങളായി അതിവേഗം ഈ മാറ്റങ്ങൾ നമുക്ക് അനുഭവപ്പെടുന്നുണ്ടെന്നും പറഞ്ഞ ശ്രീജിത്ത്, അടുത്തടുത്ത വർഷങ്ങളിൽ സംഭവിച്ച കവളപ്പാറ, പുത്തുമല ദുരന്തങ്ങൾ ഇതിന് ഉദാഹരണമാണെന്നും ചൂണ്ടിക്കാട്ടുന്നു. ദുരന്തമുഖത്തേക്ക് ക്യാമറയുമയി എത്തുന്നത് ജോലിയുടെ ഭാഗമാണ്. എന്നാൽ അവിടെ നിന്ന് തിരികെ മടങ്ങുന്നത് ഭയവും സങ്കടവും നിറഞ്ഞ മാനസികാവസ്ഥയിലാണെന്നും അദ്ദേഹം പറഞ്ഞു. 2018ന് മുമ്പ് വരെ വലിയ പ്രകൃതി ദുരന്തങ്ങളും അതിന്‍റെ ഭീകരാവസ്ഥയും കണ്ടിട്ടില്ലെന്നും എന്നാൽ തൊട്ടടുത്ത വർഷങ്ങളിൽ കേരളത്തിന്‍റെ പല സ്ഥലങ്ങളിലായുണ്ടായ പ്രകൃതി ദുരന്തങ്ങൾ നേരിട്ട് കണ്ടതിന് ശേഷം, ഏത് നിമിഷവും ഇത്തരം ദുരന്തങ്ങൾ നമ്മുടെ പടിവാതിൽക്കൽ ഉണ്ടെന്ന തിരിച്ചറിവിലാണ് ജീവിക്കുന്നതെന്നും ശ്രീജിത്ത് പറയുന്നു.

മുമ്പൊക്കെ ഒരു കുന്നിൽ ചെരുവിലെ നല്ല വീട് കണ്ടാൽ അതിന്‍റെ ഭംഗിയെ കുറിച്ച് മാത്രമായിരുന്നു ചിന്തിച്ചിരുന്നത്. എന്നാൽ ഈ ദുരന്തങ്ങളുടെ ദുരിതങ്ങൾ നേരിട്ട് കണ്ടതിന് ശേഷം യാത്രകളിൽ ഇത്തരം വീടുകൾ കണ്ടാൽ മനസ്സിലേക്ക് ആദ്യമെത്തുന്നത് കവളപ്പാറയും പുത്തുമലയും വയനാടും അവിടെ ഒലിച്ചുപോയ വീടുകളുമാണെന്ന് ശ്രീജിത്ത് പറഞ്ഞു. വലിയ പ്രകൃതി ദുരന്തങ്ങൾ തന്‍റെ മനസ്സിനെ വല്ലാതെ പിടിച്ചുലച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. കണ്ണൂർ ചെറുപഴശ്ശി സ്വദേശിയാണ് ശ്രീജിത്ത്. ഡോക്ടറായ ഭാര്യ നിത്യയും ഏകമകൻ നീഹാറും അടങ്ങുന്നതാണ് ശ്രീജിത്തിന്‍റെ കുടുംബം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

13 യുഎസ് സൈനികരെ കൂട്ടക്കൊല ചെയ്ത മുൻ മേജർ നിദാൽ ഹസ്സന്‍റെ വധശിക്ഷ തത്സമയം കാണിക്കും, ഫയറിംഗ് സ്‌ക്വാഡ് ഉപയോഗിച്ച് വധശിക്ഷ, അപൂർവ്വം
റിയാദിൽ ഹൂതി ബാലിസ്റ്റിക് മിസൈൽ തകർത്തു; അവശിഷ്ടങ്ങൾ പതിച്ച് കിന്‍റർഗാർട്ടനും ക്ലിനിക്കുകൾക്കും നാശനഷ്ടം