
പീച്ചി സ്റ്റേഷനിൽ വച്ച് ഹോട്ടൽ ഉടമയുടെ മകനയെും ജീവനക്കാരനെയും മർദ്ദിച്ച എസ്എച്ച്ഒ പിഎം രതീഷിന് സസ്പെൻഷൻ. അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന് രണ്ടര വർഷത്തിന് ശേഷമാണ് നടപടിയുണ്ടായത്. മര്‍ദ്ദന ദൃശ്യങ്ങള്‍ സഹിതം ന്യൂസ് അവർ പുറത്തുകൊണ്ടുവന്നതിന് പിന്നാലെയാണ് ദക്ഷിണമേഖല ഐജിയുടെ നടപടി. സസ്പെൻഷനല്ല, രതീഷിനെ പിരിച്ചുവിടണമെന്ന് ഹോട്ടലുടമയും പരാതിക്കാരനായ ഔസേപ്പ് ആവശ്യപ്പെട്ടു. ഹോട്ടലിൽ ഭക്ഷണം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്ക കേസിലാണ് ഉടമയായ ഔസേപ്പിന്‍റെ മകനെയും ഹോട്ടൽ മാനേജരെയും പീച്ചി എസ്ഐയായിരുന്ന രതീഷ് സ്റ്റേഷനിൽ വിളിച്ചു വരുത്തി തല്ലിയത്. 2023 മെയ് 25നായിരുന്നു മർദ്ദനം.
കുന്നംകുളം കസ്റ്റഡി മര്‍ദനത്തില്‍ നടപടിവേണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ സമരം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സഭാകവാടത്തിലാണ് സമരം ഇരിക്കുക. കവാടത്തില്‍ സത്യാഗ്രഹ സമരം ഇരിക്കുന്നത് എംഎല്‍എ സനീഷ് കുമാറും എംഎല്‍എ എ കെ എം അഷറഫുമാണ്. പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കും വരെ സമരമിരിക്കും എന്നാണ് പ്രതിപക്ഷ നിലപാട്. കഴിഞ്ഞ ദിവസങ്ങളിലായി തൃശ്ശൂരിലെ കുന്നംകുളത്തെയും പീച്ചിയിലെയും കസ്റ്റഡി മര്‍ദനങ്ങൾ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. മാത്രമല്ല ഇതിനെ തുടര്‍ന്ന് സമാനമായ സംഭവങ്ങൾ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തു. വിഷയത്തില്‍ രണ്ടരമണിക്കൂറിലധികമാണ് നിയമസഭയില്‍ അടിയന്തിര പ്രമേയത്തില്‍ ചര്‍ച്ച നടന്നത്.
പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയത്തിന് മറുപടി നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തനിക്ക് മർദ്ദനമേറ്റത് സ്റ്റാലിന്റെ റഷ്യയിൽ വെച്ചല്ലെന്നും നെഹ്‌റു നേതൃത്വം നൽകിയ കോൺഗ്രസ് ഭരണ കാലത്താണെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മ്യൂണിസ്റ്റുകാരെ പൊലീസ് ക്രൂരമായി നേരിട്ടു. കോൺഗ്രസ് ഭരണത്തിൽ നടന്നത് വേട്ടയാടലായിരുന്നു. കുറുവടി പടയെ പോലും ഇറക്കി. ലോക്കപ്പിന് അകത്തിട്ട് ഇടിച്ച് കൊല്ലുന്ന അവസ്ഥ വരെ ഉണ്ടായിട്ടില്ലേ. കമ്യൂണിസ്റ്റുകാർക്ക് പ്രകടനം പോലും നടത്താൻ പറ്റാത്ത കാലം ഉണ്ടായിരുന്നു. പ്രകടനം നടത്തിയാൽ മർദ്ദനം നേരിട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബ്രിട്ടീഷ് കാലത്തെ പൊലീസിന കുറിച്ച് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പൊലീസ് അതിക്രമത്തിനെതിരെയായിരുന്നു പ്രതിപക്ഷത്തിൻ്റെ അടിയന്തര പ്രമേയം.
വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസ്; ഹർജികൾ പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി വീണ്ടും മാറ്റി
മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത് വീണ്ടും മാറ്റി ദില്ലി ഹൈക്കോടതി. ഒക്ടോബർ 28, 29 തീയ്യതികളില്‍ വാദം കേൾക്കാനാണ് മാറ്റിയത്. ഉച്ചയ്ക്ക് മൂന്നരയ്ക്ക് രണ്ട് ദിവസം വാദം കേൾക്കും. ഹർജി ജസ്റ്റിസ് നീനു ബെൻസാലിന്റെ ബെഞ്ചിന് മുൻപാകെയാണ് ഇന്ന് ലിസ്റ്റ് ചെയ്തത്. നേരത്തെ ജസ്റ്റിസ് ഗിരീഷ് കട് പാലിയുടെ ബെഞ്ചിന് മുമ്പാകെയാണ് ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ റോസ്റ്റർ മാറിയതോടെ പുതിയ ബെഞ്ചിന് മുമ്പാകെ എത്തുകയായിരുന്നു. കേസ് മാറ്റുന്നതിനെ ചൊല്ലി ചൂടേറിയ വാദമാണ് ഇന്ന് കോടതിയില്‍ ഉണ്ടായത്. ഇടക്കാല ഉത്തരവുള്ളതിനാൽ സിഎംആര്‍എല്‍ കേസ് മാറ്റാൻ ശ്രമിക്കുകയാണെന്ന് എസ്എഫ്ഐഒ കോടതിയില്‍ പറഞ്ഞു. കേസ് വാദിക്കാൻ എപ്പോൾ വേണമെങ്കിലും തയ്യാറാണെന്ന് എസ്എഫ്ഐഒ പ്രതികരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയനെ കടന്നാക്രമിച്ച് ഫേസ്ബുക്ക് കുറിപ്പുമായി കോൺഗ്രസ് സസ്പെൻഡ് ചെയ്ത് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ. രാഷ്ട്രീയ കേസുകൾ ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിക്കാനുള്ള മാനദണ്ഡം അല്ലല്ലോ എന്ന് രാഹുൽ ചോദിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് സുജിത്തിനെ പൊലീസ് മർദ്ദിച്ച വിഷയത്തിലായിരുന്നു രാഹുലിന്റെ പ്രതികരണം. പൊതുപ്രവർത്തകനും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ സുജിത് കേസുകളിൽ പ്രതിയാകുന്നത് സ്വഭാവികമാണ്, അതും അങ്ങ് കേരളത്തിന്റെ മുഖ്യമന്ത്രി ആയിരിക്കുമ്പോൾ. ഈ സർക്കാരിന് എതിരെ സമരം ചെയ്തതിന്റെ പേരിൽ 100 ഇൽ അധികം കേസുകളിൽ പ്രതികളായ സഹപ്രവർത്തകർ വരെയുണ്ട് യൂത്ത് കോൺഗ്രസിൽ. അത് രാഷ്ട്രീയ കേസുകളാണ്. അത് ഒരാളെ സ്റ്റേഷനിലിട്ട് ക്രൂരമായി മർദ്ദിക്കാനുള്ള മാനദണ്ഡം അല്ലല്ലോ. ആ മാനദണ്ഡം വെച്ചാണെങ്കിൽ അങ്ങ് കേസുകളിൽ പ്രതിയല്ലായിരുന്നോ? അങ്ങയുടെ ഒപ്പം പ്രവർത്തിക്കുന്ന മന്ത്രിമാർ പ്രതികൾ അല്ലേ? അങ്ങയെ പിന്തുണയ്ക്കുന്ന ഭരണപക്ഷ എംഎൽഎമാർ പ്രതികൾ അല്ലേ? അവരെയൊക്കെ സ്റ്റേഷനിലിട്ട് മർദ്ദിക്കുമോ എന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു.
സമരങ്ങളെ തടഞ്ഞാൽ തലയടിച്ച് പൊട്ടിക്കും, പൊലീസ് ഉദ്യോഗസ്ഥർക്ക് ഭീഷണിയുമായി കെഎസ്‌യു നേതാവ്
പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഭീഷണി പ്രസംഗവുമായി കെഎസ്യു കോഴിക്കോട് ജില്ല പ്രസിഡന്റ് വി ടി സൂരജ്. കോഴിക്കോട് ടൗൺ മുൻ എസിപി ബിജു രാജിന്റെയും കസബ മുൻ സിഐ കൈലാസ് നാഥിന്റെയും തലയടിച്ച് പൊട്ടിക്കുമെന്നാണ് ഭീഷണി ഉയർത്തിയത്. കെഎസ്‌യുവിന്റെ സമരങ്ങളെ ഇനി തടയാൻ വന്നാൽ ഈ ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യുമെന്നും പ്രസംഗത്തിൽ പറഞ്ഞു. സംസ്ഥാനത്തെ പൊലീസ് അക്രമങ്ങൾക്കെതിരെ കോഴിക്കോട് ഡിസിസി പ്രസിഡന്റ് നടത്തിയ ഉപവാസ സമരത്തിലാണ് വി ടി സൂരജ് ഭീഷണി പ്രസംഗം നടത്തിയത്.
സംസ്ഥാന സർക്കാരിന് തിരിച്ചടി; ബി അശോക് ഐഎഎസിൻ്റെ സ്ഥലം മാറ്റത്തിന് ട്രിബ്യൂണൽ സ്റ്റേ
മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥൻ ബി അശോകിനെ സ്ഥലം മാറ്റിയ ഉത്തരവിൽ സംസ്ഥാന സർക്കാരിന് തുടർച്ചയായ തിരിച്ചടി. കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ബി അശോകിനെ ഉദ്യോഗസ്ഥ ഭരണ പരിഷ്കാര വകുപ്പിലേക്ക് സ്ഥലം മാറ്റിയ ഉത്തരവാണ് രണ്ടാമതും കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തത്. സ്ഥലം മാറ്റത്തിനെതിരായ അശോകിന്റെ ഹർജി പരിഗണിച്ച ട്രൈബ്യൂണൽ കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് തുടരാമെന്ന് ഉത്തരവിട്ടു. കൃഷി വകുപ്പിലെ കേര പദ്ധതിയുടെ ഫണ്ട് വക മാറ്റിയതുമായി ബന്ധപ്പെട്ട് ഉയർന്നതാണ് വിവാദം.
ചോരക്കളമായി ഗാസ, ശക്തമായ കരയാക്രമണവുമായി ഇസ്രയേല്‍; നഗരം പിടിച്ചെടുക്കാന്‍ കരസേന
ഗാസയിൽ രൂക്ഷമായ ഇസ്രയേൽ ആക്രമണം. ശക്തമായ കരയാക്രമണമാണ് ഗാസ മണ്ണില്‍ ഇസ്രയേല്‍ നടത്തിയത്. നഗരം പിടിച്ചെടുക്കാനാണ് കരസേനയുടെ നീക്കം. ഗാസയിൽ ഗ്രൗണ്ട് ഓപ്പറേഷൻ തുടങ്ങിയതായി ഇസ്രയേൽ സേന അറിയിച്ചു. പകൽ നടക്കുന്ന ആക്രമണങ്ങളിൽ വിവിധ ഇടങ്ങളിൽ മരണം റിപ്പോർട്ട് ചെയ്തു. ആക്രമണത്തില്‍ അറുപതിലേറെ പേരാണ് ഇന്ന് മാത്രം കൊല്ലപ്പെട്ടത്. ജീവന്‍ രക്ഷിക്കാന്‍ ജനങ്ങൾ പലായനം ചെയ്യുന്നു.
'ഗാസയിൽ പലസ്തീനികൾക്കെതിരെ ഇസ്രായേൽ വംശഹത്യ നടത്തി'; ഐക്യരാഷ്ട്രസഭയുടെ അന്വേഷണ കമ്മീഷൻ റിപ്പോർട്ട്
ഗാസയിൽ ഇസ്രായേൽ വംശഹത്യ നടത്തിയെന്ന് ഐക്യരാഷ്ട്ര സഭ നിയോഗിച്ച അന്വേഷണ കമ്മീഷൻ. 2023-ൽ ഹമാസുമായുള്ള യുദ്ധം ആരംഭിച്ചതിനുശേഷം അന്താരാഷ്ട്ര നിയമപ്രകാരം നിർവചിക്കപ്പെട്ട അഞ്ച് വംശഹത്യകളിൽ നാലെണ്ണവും ഇസ്രായേൽ നടത്തിയെന്ന് പറയാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കി. ഒരുവിഭാഗത്തെ ഉന്മൂലനം ചെയ്യുക, ശാരീരികവും മാനസികവുമായ ഗുരുതരമായ ഉപദ്രവം വരുത്തുക, വിഭാഗത്തെ നശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വ്യവസ്ഥകൾ മനഃപൂർവ്വം സൃഷ്ടിക്കുക, ജനനം തടയുക തുടങ്ങിയ നടപടികൾ ഇസ്രായേലിന്റെ ഭാഗത്തുനിന്നുണ്ടായെന്നും യുഎൻ റിപ്പോർട്ട് വ്യക്തമാക്കി. വംശഹത്യ നടത്താനുള്ള ഉദ്ദേശ്യത്തിന്റെ തെളിവായി ഇസ്രായേൽ നേതാക്കളുടെ പ്രസ്താവനകളെയും ഇസ്രായേൽ സേനയുടെ പെരുമാറ്റരീതികളെയും റിപ്പോർട്ടിൽ ഉദ്ധരിച്ചു.
ടിക് ടോക്കുമായി ബന്ധപ്പെട്ട് യു.എസും ചൈനയും തമ്മിൽ കരാറിലെത്തിയതായി റിപ്പോർട്ട്. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച ട്രംപും ഷി ജിൻപിംഗും തമ്മിൽ സംസാരിക്കും. അമേരിക്കയിൽ ടിക് ടോക്കിന് സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്താനുള്ള സമയപരിധി അടുത്തിരിക്കെയാണ് ഈ സുപ്രധാന നീക്കം. യു.എസ്. ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ധാരണയാണ് പ്രധാന വിഷയം.