'കുറ്റക്കാരൻ അമേരിക്കൻ പ്രസിഡന്‍റ് ട്രംപ്, ഇറാനിലെ സംഘർഷങ്ങൾ ആസുത്രണം ചെയ്തത് അമേരിക്ക; ശത്രുക്കൾ പരാജയപ്പെട്ടെന്നും ആഞ്ഞടിച്ച് ഖമനയി

Published : Jan 17, 2026, 09:50 PM IST
Khamenei Trump

Synopsis

ഇറാനിലെ ആഭ്യന്തര സംഘർഷങ്ങൾക്ക് പിന്നിൽ അമേരിക്കയാണെന്ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി ആരോപിച്ചു. ഇറാനെ വീണ്ടും അമേരിക്കൻ അധിപത്യത്തിന് കീഴിലാക്കാനുള്ള ആസൂത്രിത ശ്രമം പരാജയപ്പെട്ടുന്നും ഖമനയി പറഞ്ഞു

ടെഹ്റാൻ: ഇറാനിലെ ആഭ്യന്തര സംഘർഷങ്ങൾക്ക് പിന്നിൽ അമേരിക്കയാണെന്ന ഗുരുതര ആരോപണവുമായി പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി രംഗത്തെത്തി. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് ഇറാനിലെ അശാന്തിയുടെ പ്രധാന ഉത്തരവാദി. ഇറാനിലെ സംഘർഷങ്ങൾ ആസൂത്രണം ചെയ്തത് അമേരിക്കയെന്നും പരമോന്നത നേതാവ് വിമർശിച്ചു. ഇറാനെ വീണ്ടും അമേരിക്കൻ അധിപത്യത്തിന് കീഴിലാക്കാനുള്ള ആസൂത്രിത ശ്രമമായിരുന്നു ഇതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ ഇറാൻ ജനത അമേരിക്കയുടെ ഈ നീക്കങ്ങളെല്ലാം പരാജയപ്പെടുത്തിയെന്നും ഇറാന്റെ പരമാധികാരത്തെ തകർക്കാൻ ആർക്കും കഴിയില്ലെന്നും ഖമനയി വ്യക്തമാക്കി. വിദേശ ശക്തികൾ ഇറാനെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്ന തന്റെ മുൻ നിലപാടും ഖമനയി ആവർത്തിച്ചു.

യുദ്ധഭീതിയൊഴിഞ്ഞ് ഗൾഫ് മേഖലയുടെ ആകാശം

അതേസമയം ഇറാൻ - അമേരിക്ക യുദ്ധഭീതിയൊഴിഞ്ഞ അവസ്ഥയിലാണ് ഗൾഫ് മേഖലയുടെ ആകാശം. ഗൾഫ് രാഷ്ട്രങ്ങളുടെ ഇടപെടലാണ് ഇറാനിൽ അമേരിക്കൻ സൈനിക നീക്കം ഒഴിവാക്കിയതെന്നാണ് റിപ്പോർട്ടുകൾ. ഇറാനിൽ ഇടപെട്ടാൽ തിരിച്ചടി ഗൾഫിലെ സൈനിക ബേസുകളിലെന്ന് ഇറാൻ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഖത്തറിലെ വ്യോമതാവളത്തിൽ നിന്ന് സൈനികരെ മാറ്റിയ യു എസ് നടപടിയും പിന്നാലെ ഇറാൻ വ്യോമ പാത അടച്ചതോടെ എന്തും സംഭവിക്കാമെന്ന നിലയിലായിരുന്നു ഗൾഫ് മേഖല. ഇതിന് പിന്നാലെ ഗൾഫ് രാജ്യങ്ങളുടെ തിരക്കിട്ട ഇടപെടൽ തന്നെയാണ് യുദ്ധ ഭീഷണിയെ വഴി മാറ്റിയത്. സൗദി വിദേശകാര്യമന്ത്രി ഖത്തർ പ്രധാനമന്ത്രിയുമായും ഒമാൻ, ഫ്രാൻസ്, ഇറാൻ വിദേശകാര്യ മന്ത്രിമാരുമായും ചർച്ച നടത്തിയതും നിർണായകമായി. ഗൾഫ് രാഷ്ട്രങ്ങളുടെ സജീവ ഇടപെടലായിരുന്നു ഇതെന്നാണ് വിലയിരുത്തൽ. ഇനിയൊരു സംഘർഷം മേഖലയ്ക്ക് താങ്ങാനാവില്ല എന്നതാണ് ഗൾഫ് രാഷ്ട്രങ്ങളുടെ നിലപാട്. പ്രക്ഷോഭകർക്ക് നേരെ ഇറാന്‍റെ നടപടിയിൽ അയവ് വന്നേക്കും. ഇറാൻ പ്രക്ഷോഭകർക്കെതിരായ നടപടി ലഘൂകരിച്ചതായി ട്രംപും പറഞ്ഞതോടെ ഗൾഫ് മേഖലയുടെ ആകാശത്തെങ്ങും ആശ്വാസം പുലർന്നു. പിന്നാലെ ഇറാൻ വ്യോമപാതയും തുറന്നതോടെ തത്കാലം ആശങ്ക അകന്നു. 

ഇന്ത്യക്കും വലിയ ആശ്വാസം

ഇറാൻ വ്യോമപാത തുറന്നതോടെ ഇന്ത്യൻ യാത്രക്കാർക്കും ഇത് വലിയ ആശ്വാസമായി. സർക്കാർ വിരുദ്ധ പ്രക്ഷോഭം തുടരുന്ന സാഹചര്യത്തിൽ ഇറാനിൽ നിന്ന് ഇന്ത്യക്കാർ മടങ്ങിയെത്തി തുടങ്ങി. സാധാരണ വിമാന സർവ്വീസുകൾ പുനസ്ഥാപിച്ച സാഹചര്യത്തിൽ തത്ക്കാലം നേരിട്ടുള്ള ഒഴിപ്പിക്കൽ വേണ്ടെന്നാണ് സർക്കാർ തീരുമാനം. ഇറാനിൽ ഒമ്പതിനായിരത്തിലധികം ഇന്ത്യക്കാർ ഉണ്ടെന്നാണ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്. ഇതിൽ ഇരുന്നൂറോളം ഇന്ത്യക്കാരാണ് ദില്ലിയിൽ മടങ്ങിയെത്തിയത്. വിദ്യാർഥികളും തീർത്ഥാടകരും മടങ്ങിയെത്തിയവരിൽ ഉണ്ട്. പുറത്തേക്കിറങ്ങുമ്പോൾ പ്രതിഷേധക്കാർ വാഹനം വളഞ്ഞതുൾപ്പടെ അനുഭവം ഉണ്ടായെന്ന് മടങ്ങിയെത്തിയവർ പറഞ്ഞു. സ്ഥിതി ഏറെ ആശങ്കാജനകമാണെന്നും ഇന്ത്യൻ എംബസിയുടെയും വിദേശകാര്യമന്ത്രാലയത്തിന്‍റെയും സഹായം തിരികെ എത്താൻ സഹായിച്ചെന്നും ഇവർ വിവരിച്ചു. ഇന്ത്യക്കാർ എല്ലാവരും മടങ്ങണം എന്ന നിർദ്ദേശം തുടരുന്നു എന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പരീക്ഷ ആയതിനാൽ ചില വിദ്യാർത്ഥികൾ മടങ്ങാൻ സമയം ചോദിക്കുന്നുണ്ട്. അമേരിക്ക ഇറാനെ ആക്രമിക്കില്ലെന്ന് അറിയിച്ചെങ്കിലും ഒന്നും പറയാറായിട്ടില്ലെന്നാണ് ഇന്ത്യയുടെ വിലയിരുത്തൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെട്രോൾ പമ്പിൽ ഇന്ധനം നിറച്ച് പണം ചോദിച്ചു, ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ കാർ കയറ്റി കൊന്നു; പ്രതി മുൻ ബിഎൻപി നേതാവ്
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദു യുവാവിനെ കൊലപ്പെടുത്തി: 30കാരനെ കാറിടിച്ച് വധിച്ചത് പെട്രോൾ പമ്പിൽ ജോലിക്കിടെ