
ടെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനെയി കൊല്ലപ്പെട്ടത് ശനിയാഴ്ച പുലർച്ചെയെന്ന് സ്ഥിരീകരണം. സ്വന്തം ഓഫീസിൽ വെച്ചാണ് ഖമനെയി കൊല്ലപ്പെട്ടത്. ഇറാനെതിരെ സൈനിക ആക്രമണം തുടരുകയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. കൃത്യവും വേഗതയുമുള്ള ആക്രമണമാണ് നടക്കുന്നതെന്നും ഇറാനെതിരെ സൈനിക നടപടി ഈ ആഴ്ച ഉടനീളം തുടരുമെന്നുമാണ് അറിയിപ്പ്. മിഡിൽ ഈസ്റ്റിൽ സമാധാനം കൈവരിക്കും വരെ തുടരുമെന്ന് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. അതേസമയം ഇതുവരെ ഇല്ലാത്ത തിരിച്ചടിക്ക് ഒരുങ്ങുന്നുവെന്ന് ഐആര്‍ജിസി പ്രതികരിച്ചു. ഇസ്രയേലും അമേരിക്കൻ താവളങ്ങളുമാണ് ലക്ഷ്യം. ഇറാൻ്റെ മോചനത്തിനുള്ള സമയമെന്നും ട്രംപിന് നന്ദിയെന്നുമാണ് റെസ പഹ്‌ലവിയുടെ പ്രതികരണം. ഇറാനിലെ അവസാന ഷാ ആയിരുന്ന മുഹമ്മദ് റെസ പഹ്‌ലവിയുടെ മകനാണ് റെസ പഹ്‌ലവി. ജനാധിപത്യമുള്ള ഇറാന് വേണ്ടിയുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്നും റെസ പഹ്‌ലവി പറഞ്ഞു.
ഇസ്രയേൽ- അമേരിക്ക സൈനിക നീക്കത്തിലാണ് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയി കൊല്ലപ്പെട്ടത്. അമേരിക്കയുടെയും ഇസ്രയേലിന്‍റെയും അവകാശവാദങ്ങള്‍ക്ക് പിന്നാലെ ഇറാനും ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ആയത്തുള്ള ഖമനെയിയുടെ മകളും മരുമകനും പേരക്കുട്ടിയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ഇറാനിലെ തസ്നീം, ഫാര്‍ തുടങ്ങിയ വാര്‍ത്താ ഏജന്‍സികളാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഖമനെയി കൊല്ലപ്പെട്ടെന്ന് അമേരിക്കൻ പ്രസിഡന്‍റ് ട്രംപും ഇസ്രയേലും പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കു ശേഷമാണ് ഇറാൻ മാധ്യമങ്ങള്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നത്. ഇറാൻ ടിവിയും ഖമനെയിയുടെ മരണം സ്ഥിരീകരിച്ചു.
ഖമനെയിയുടെ മരണത്തെ തുടര്‍ന്ന് ഇറാനിൽ നാൽപത് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. ഏഴു ദിവസത്തെ അവധിയും പ്രഖ്യാപിച്ചു. ഇറാൻ വിപ്ലവത്തിന്‍റെ അമരക്കാരൻ അമേരിക്കയുടെയും ഇസ്രായേലിന്‍റെയും ഭീകരാക്രമണത്തിൽ രക്തസാക്ഷിത്വം വരിച്ചെന്നാണ് കാബിനറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നത്. പടിഞ്ഞാറൻ അധിനിവേശത്തിനെതിരെ ഇസ്ലാമിക ലോകത്തിന്‍റെ വിട്ടുവീഴ്ചയില്ലാത്ത പോരാളിയായിരുന്നു അദ്ദേഹമെന്ന് ഇറാൻ ഭരണകൂടം അനുസ്മരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam