
റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ ജയിലിൽ വെച്ച് കൊലപ്പെടുത്തിയത് തെക്കേ അമേരിക്കൻ തവളകളിൽ നിന്ന് വേർതിരിച്ചെടുക്കുന്ന മാരകമായ വിഷം നൽകിയാണെന്ന് യൂറോപ്യൻ രാജ്യങ്ങളുടെ സംയുക്ത വെളിപ്പെടുത്തൽ. ബ്രിട്ടൻ, ഫ്രാൻസ്, ജർമ്മനി, സ്വീഡൻ, നെതർലാൻഡ്‌സ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങൾ ശനിയാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. നവാൽനിയുടെ ശരീരസാമ്പിളുകളിൽ നടത്തിയ ലാബ് പരിശോധനയിൽ ‘എപ്പിബാറ്റിഡിൻ’ എന്ന മാരകമായ ന്യൂറോടോക്സിൻ സാന്നിധ്യം കണ്ടെത്തിയതായും ഇത് അദ്ദേഹത്തിന്റെ മരണത്തിന് കാരണമായെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
തെക്കേ അമേരിക്കയിലെ ‘പോയിസൺ ഡാർട്ട്’ തവളകളുടെ തൊലിയിൽ കാണപ്പെടുന്ന ഈ വിഷം റഷ്യയിൽ സ്വാഭാവികമായി ലഭ്യമല്ലെന്ന് പ്രസ്താവന ചൂണ്ടിക്കാട്ടുന്നു. നവാൽനി അതീവ സുരക്ഷയുള്ള ആർട്ടിക് ജയിലിൽ കഴിയുമ്പോഴാണ് മരണം സംഭവിച്ചത് എന്നതിനാൽ, ഇത്തരമൊരു വിഷം അവിടെ എത്തിക്കാനും അത് പ്രയോഗിക്കാനും റഷ്യൻ ഭരണകൂടത്തിന് മാത്രമേ സാധിക്കൂ എന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ നിലപാട്. നവാൽനിയെ ഒരു വലിയ ഭീഷണിയായി കണ്ട റഷ്യ, അദ്ദേഹത്തെ നിശബ്ദനാക്കാൻ ഏറ്റവും നികൃഷ്ടമായ മാർഗ്ഗമാണ് സ്വീകരിച്ചതെന്ന് ബ്രിട്ടൻ വിമർശിക്കുന്നു.
അഴിമതിക്കെതിരെയും പ്രസിഡന്റ് വ്‌ളാദിമിർ പുതിനെതിരെയും ആഞ്ഞടിച്ച നവാൽനി 2024 ഫെബ്രുവരിയിലാണ് തടവിലായിരിക്കെ ദുരൂഹ സാഹചര്യത്തിൽ മരിക്കുന്നത്. രക്തസമ്മർദ്ദവും മറ്റ് സ്വാഭാവിക കാരണങ്ങളുമാണ് മരണത്തിന് പിന്നിലെന്നായിരുന്നു റഷ്യയുടെ ഔദ്യോഗിക വിശദീകരണം. എന്നാൽ നവാൽനിയുടെ ഭാര്യ യൂലിയ നവാൽനി തുടക്കം മുതൽ തന്നെ ഇതൊരു ആസൂത്രിത കൊലപാതകമാണെന്ന് ആരോപിച്ചിരുന്നു. പുതിയ ലാബ് ഫലങ്ങൾ പുറത്തുവന്നതോടെ പുതിൻ ഒരു കൊലപാതകിയാണെന്ന കാര്യം ശാസ്ത്രീയമായി തെളിയിക്കപ്പെട്ടുവെന്ന് യൂലിയ പ്രതികരിച്ചു.
കെമിക്കൽ വെപ്പൺസ് കൺവെൻഷൻ ലംഘിച്ചതിന് റഷ്യയെ അന്താരാഷ്ട്ര കെമിക്കൽ വെപ്പൺസ് നിരോധന സംഘടനയ്ക്ക് (OPCW) മുന്നിൽ റിപ്പോർട്ട് ചെയ്തതായും യൂറോപ്യൻ രാജ്യങ്ങൾ അറിയിച്ചു. 2020-ൽ ‘നോവിചോക്ക്’ എന്ന നാഡീവിഷം ഉപയോഗിച്ച് നവാൽനിയെ വധിക്കാൻ ശ്രമിച്ചതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ വെളിപ്പെടുത്തൽ ഉണ്ടായിരിക്കുന്നത്. സംഭവത്തിൽ റഷ്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും, അന്താരാഷ്ട്ര തലത്തിൽ പുതിൻ സർക്കാരിനെതിരെ വലിയ സമ്മർദ്ദത്തിന് ഈ റിപ്പോർട്ട് കാരണമാകും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam