മൂന്നു സെക്കന്‍റ് നേരം മുന്നിൽ ബ്ലോക്ക് ചെയ്തു നിന്നു, ഫോട്ടോഗ്രാഫറെ പിരിച്ചു വിട്ട് കിം ജോങ്ങ് ഉൻ-വീഡിയോ

By Web TeamFirst Published Mar 26, 2019, 4:14 PM IST
Highlights

മാർച്ച് 10-ന് ഉത്തരകൊറിയയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ(!) വോട്ടുചെയ്യാൻ തന്റെ കാറിൽ വന്നിറങ്ങിയതായിരുന്നു കിം.  അദ്ദേഹത്തെ ഒരു നോക്കു കാണാനായി തടിച്ചുകൂടിയ  ആരാധകരായ നൂറുകണക്കിന് വോട്ടർമാരെ അഭിസംബോധന ചെയ്യാനാഞ്ഞ കിമ്മിനെ മൂന്നു സെക്കന്റ് നേരത്തേക്ക് തന്റെ കാമറയിൽ നല്ലൊരു ആംഗിൾ കിട്ടാനായി റി ബ്ലോക്ക് ചെയ്തു. 

 

ചെയ്യുന്ന ജോലിയോട് ഇടയ്ക്കെങ്കിലും വെറുപ്പുതോന്നാത്തവർ ആരുണ്ട്..? മുരടനായ ബോസിനോട് കലിപ്പുതോന്നാത്തവർ ആരും കാണില്ല. എന്നാൽ, കിം ജോങ്ങ് ഉന്നിന്റെ നാല്പത്തേഴുകാരനായ പേഴ്‌സണൽ ഫോട്ടോഗ്രാഫർക്ക് വന്ന ദുര്യോഗം അറിയുമ്പോൾ നമുക്ക് നമ്മുടെ ജോലിയോടും ബോസിനോടും ഒക്കെ ബഹുമാനം ഇരട്ടിക്കും. 

'റി' എന്ന പേരിലായിരുന്നു വടക്കൻ കൊറിയയിലെ ഏകാധിപതിയായ കിം ജോങ്ങ് ഉന്നിന്റെ എക്സ്ക്ലൂസീവ് പേഴ്‌സനൽ ഫോട്ടോഗ്രാഫർ അറിയപ്പെട്ടിരുന്നത്. ഒരൊറ്റ തെറ്റു മാത്രമേ റി ചെയ്തുള്ളൂ. മാർച്ച് 10-ന് ഉത്തരകൊറിയയിൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ(!) വോട്ടുചെയ്യാൻ തന്റെ കാറിൽ വന്നിറങ്ങിയതായിരുന്നു കിം.  അദ്ദേഹത്തെ ഒരു നോക്കു കാണാനായി തടിച്ചുകൂടിയ  ആരാധകരായ നൂറുകണക്കിന് വോട്ടർമാരെ അഭിസംബോധന ചെയ്യാനാഞ്ഞ കിമ്മിനെ മൂന്നു സെക്കന്റ് നേരത്തേക്ക് തന്റെ കാമറയിൽ നല്ലൊരു ആംഗിൾ കിട്ടാനായി റി ബ്ലോക്ക് ചെയ്തു. 

സുപ്രീം ലീഡറിന്റെ രണ്ടു കല്പനകളാണ് ഈ മൂന്നുസെക്കൻറിനുള്ളിൽ റി തെറ്റിച്ചത്. 

1. കിം ജോങ്ങ് ഉന്നിൽ നിന്നും  രണ്ടുമീറ്റർ അകലെ നിന്നുമാത്രമേ ഫോട്ടോ എടുക്കാവൂ

2. അദ്ദേഹത്തിന്റെ നേരെ മുന്നിൽ മറഞ്ഞു നിന്നുകൊണ്ട് ഫോട്ടോ എടുക്കരുത്. 

അക്ഷന്തവ്യമായ അപരാധമായിരുന്നു റി പ്രവർത്തിച്ചത്. കഷ്ടകാലത്തിന് അല്പം ദൂരെ നിന്നും മറ്റൊരു വീഡിയോക്യാമറയിൽ റിയുടെ ഈ കുറ്റകൃത്യം പകർത്തപ്പെടുകയും ചെയ്തു. കൃത്യമായ വീഡിയോ എവിഡൻസ്, ഉടനടി ശിക്ഷ വിധിക്കാൻ സഹായകമായി. 

റിയ്ക്ക് കിട്ടിയ ശിക്ഷ ജോലി നഷ്ടത്തിൽ ഒതുങ്ങിയില്ല. വർക്കേഴ്സ് പാർട്ടി ഓഫ് കൊറിയയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും അദ്ദേഹത്തെ പിരിച്ചുവിട്ടു. ഇതിനൊക്കെപ്പുറമെ  ഒന്നാം ക്ലാസ് പൗരത്വത്തിൽ നിന്നും അദ്ദേഹത്തെ രണ്ടാം ക്ലാസ് പൗരത്വത്തിലേക്ക് തരാം താഴ്ത്തി. 

കഴിഞ്ഞ മാസം വിയത്നാമിലെ ഹാനോയിൽ വെച്ച് നടന്ന ട്രംപുമായുള്ള കൂടിക്കാഴ്ച കാമറയിൽ പകർത്തിയത് റി ആയിരുന്നു എന്നറിയുമ്പോഴാണ് ഈ ശിക്ഷയുടെ കടുപ്പം നമുക്ക് വ്യക്തമാവുക. റി യുടെ പ്രവൃത്തി കിം ജോങ്ങ് ഉന്നിന്റെ 'സുപ്രീം ഡിഗ്നിറ്റി' യ്ക്ക് ക്ഷതം വരുത്തുന്നതായിരുന്നു എന്നതാണ് ഇത്ര കഠിനമായ ശിക്ഷയിലേക്ക് നയിക്കാനിടയാക്കിയത്. 

എന്തായാലും സ്വന്തം അമ്മാവനടക്കം കിം ജോങ്ങ് ഉന്നിന്റെ അനിഷ്ടം സമ്പാദിച്ച പലരെയും പോലെ പട്ടിക്കൂട്ടിൽ ജീവിതം അവസാനിച്ചില്ലല്ലോ എന്നതാണ് റിയ്ക്ക് ആശ്വാസം നൽകുന്ന ഒരേയൊരു കാര്യം. 

 

 

click me!