കര്‍ത്താര്‍പുറിന് പിന്നാലെ ശാരദ പീഠ് ഇടനാഴി തുറക്കാന്‍ പാക്കിസ്ഥാന്‍

By Web TeamFirst Published Mar 25, 2019, 8:30 PM IST
Highlights

കശ്മീരി ഹിന്ദുക്കളുടെ തീർത്ഥാടന കേന്ദ്രമായ ശാരദ പീ‌ഠ് പാക്ക് അധിനിവേശ കശ്മീരിലാണ് സ്ഥിതി ചെയ്യുന്നത്. ബിസി 257ല്‍ നിര്‍മ്മിക്കപ്പെട്ടു എന്നു കരുതുന്ന ക്ഷേത്രം പാക് അധീന കശ്മീരിലാണ് സ്ഥിതി ചെയ്യുന്നത്. 

ഇസ്ലാമാബാദ്: കര്‍ത്താര്‍പുറിന് പിന്നാലെ ശാരദ പീഠ് ഇടനാഴി യഥാര്‍ത്ഥ്യമാക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയിൽ ഹിന്ദു പെൺകുട്ടികളെ തട്ടി കൊണ്ടുപോയി മതം മാറ്റിയ വിഷയത്തിൽ ഇന്ത്യാ-പാക് തർക്കം മുറുകുന്നതിന് ഇടയിലാണ് പാക്കിസ്ഥാന്‍റെ പുതിയ തീരുമാനം. 

കശ്മീരി ഹിന്ദുക്കളുടെ തീർത്ഥാടന കേന്ദ്രമായ ശാരദ പീ‌ഠ് പാക്ക് അധിനിവേശ കശ്മീരിലാണ് സ്ഥിതി ചെയ്യുന്നത്. ശാരദ പീഠ് ഇടനാഴിയിലൂടെ തീർത്ഥാടനത്തിന് അവസരം ഒരുക്കണമെന്ന്കശ്മീരി ഹിന്ദുക്കൾ ദീർഘകാലമായി ആവശ്യപ്പെട്ടു വരികയാണ്. ബിസി 257-ല്‍ നിര്‍മ്മിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്ന ശാരദ പീഠ് കശ്മീരി പണ്ഡിറ്റുകളുടെ മൂന്ന് പ്രധാന ആരാധാനാലയങ്ങളില്‍ ഒന്നാണ്. 

പാകിസ്ഥാന്‍ പഞ്ചാബിലെ കര്‍ത്താര്‍പുര്‍ ജില്ലയിലാണ് സിഖ് മതസ്ഥാപകനായ ഗുരു നാനക് ദേവ് അന്ത്യവിശ്രമം കൊള്ളുന്ന ദര്‍ബാര്‍ സഹേബ് സ്ഥിതി ചെയ്യുന്നത്. ദര്‍ബാര്‍ സഹേബിനെ പഞ്ചാബിലെ ഗുരുദാസ്പുറിലെ ദേരാ ബാബ നാനക് ക്ഷേത്രവുമായി ബന്ധിപ്പിക്കുന്ന ഇടനാഴിക്ക് കഴിഞ്ഞ നവംബറിലാണ് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ തറക്കല്ലിട്ടത്. നാല് കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ഇടനാഴിയിലൂടെ ഇരുരാജ്യങ്ങളിലേയും പൗരന്‍മാര്‍ക്ക് വിസയില്ലാതെ തന്നെ സഞ്ചരിക്കാം. 

click me!