
പ്യോങ്‍യാങ്: ഉത്തരകൊറിയൻ ഭരണകക്ഷിയുടെ ഒരാഴ്ച നീണ്ടുനിന്ന പാർട്ടി കോൺഗ്രസിന് പിന്നാലെ സൈനിക മേധാവികൾക്കും ഉന്നത ഉദ്യോഗസ്ഥർക്കും പുത്തൻ സ്നൈപ്പർ റൈഫിളുകൾ സമ്മാനമായി നൽകി കിം ജോങ് ഉൻ. തന്‍റെ നേതൃത്വത്തെ വാഴ്ത്തിപ്പാടിയ സമ്മേളനത്തിന് ശേഷം നടന്ന ചടങ്ങിൽ, ഉദ്യോഗസ്ഥരോടുള്ള തന്‍റെ 'അചഞ്ചലമായ വിശ്വാസത്തിന്‍റെ' അടയാളമായാണ് അദ്ദേഹം ഈ ആയുധങ്ങൾ കൈമാറിയത്. എന്നാൽ ലോകശ്രദ്ധ ആകർഷിച്ചത് കിമ്മിന്‍റെ കൗമാരക്കാരിയായ മകൾ ഷൂട്ടിംഗ് റേഞ്ചിൽ തോക്കുകൊണ്ട് ലക്ഷ്യം പിടിക്കുന്ന ദൃശ്യങ്ങളാണ്. കിമ്മിന്‍റെ പിൻഗാമിയായി മകൾ കിം ജൂ ആയെ ഉയർത്തിക്കൊണ്ടുവരുന്നതിന്‍റെ വ്യക്തമായ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നത്.
ഭരണകൂടത്തിൽ വലിയ അഴിച്ചുപണികൾ നടത്തിയ കിം, തന്‍റെ സഹോദരി കിം യോ ജോങ്ങിനെ പാർട്ടിയുടെ സെൻട്രൽ കമ്മിറ്റി ജനറൽ അഫയേഴ്സ് ഡയറക്ടറായി ഉയർത്തി. അമേരിക്കയ്ക്കും ദക്ഷിണകൊറിയയ്ക്കുമെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിക്കാറുള്ള കിം യോ ജോങ്ങിന് പാർട്ടിയുടെ ആഭ്യന്തര കാര്യങ്ങളിലും ഭരണപരമായ തീരുമാനങ്ങളിലും ഇനി മുതൽ വലിയ സ്വാധീനമുണ്ടാകും. ലതർ കോട്ട് ധരിച്ച് പിതാവിനോടൊപ്പം സൈനിക പരിപാടികളിലും വിദേശ പര്യടനങ്ങളിലും സജീവ സാന്നിധ്യമായ മകൾ ജൂ ആയെ ഭാവിയിലെ ഭരണാധികാരിയായി ജനങ്ങൾക്കിടയിൽ പ്രതിഷ്ഠിക്കാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് ഉത്തരകൊറിയൻ മാധ്യമങ്ങൾ ഇപ്പോൾ നടത്തുന്നത്.
അഞ്ചു വർഷത്തിലൊരിക്കൽ നടക്കുന്ന ഈ നിർണ്ണായക പാർട്ടി കോൺഗ്രസിൽ ദക്ഷിണകൊറിയയുമായുള്ള ചർച്ചകൾ കിം പാടെ തള്ളിക്കളഞ്ഞു. അയൽരാജ്യത്തെ പൂർണ്ണമായും തകർക്കാൻ തന്‍റെ സൈന്യത്തിന് ശേഷിയുണ്ടെന്ന് പ്രഖ്യാപിച്ച അദ്ദേഹം, ആണവായുധ ശേഖരം വർദ്ധിപ്പിക്കുമെന്ന നിലപാട് ആവർത്തിച്ചു. അമേരിക്കയുമായുള്ള ചർച്ചകൾ പുനരാരംഭിക്കണമെങ്കിൽ വാഷിംഗ്ടൺ തങ്ങളുടെ ശത്രുതാപരമായ നയങ്ങൾ ഉപേക്ഷിക്കണമെന്നും ഉത്തരകൊറിയയുടെ ആണവ പദവി അംഗീകരിക്കണമെന്നും അദ്ദേഹം കർശനമായ വ്യവസ്ഥ മുന്നോട്ടുവെച്ചു. ഉത്തരകൊറിയയുടെ ഭരണഘടന അനുശാസിക്കുന്ന പദവി അംഗീകരിക്കുകയാണെങ്കിൽ മാത്രം അമേരിക്കയുമായി സഹകരിക്കാമെന്ന കിമ്മിന്‍റെ പ്രഖ്യാപനം വരും ദിവസങ്ങളിൽ വലിയ അന്താരാഷ്ട്ര ചർച്ചകൾക്ക് വഴിതെളിക്കും.
മിഡിൽ ഈസ്റ്റിൽ ഇസ്രായേലും അമേരിക്കയും ചേർന്ന് നടത്തുന്ന സൈനിക നടപടികൾ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് അംഗീകരിക്കാനാവാത്ത അധിനിവേശമാണെന്നും ഉത്തരകൊറിയ വ്യക്തമാക്കി. ഇറാന്‍റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണ് ഇപ്പോൾ നടക്കുന്നതെന്ന് ഉത്തരകൊറിയൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. അമേരിക്കയുടെ "മേധാവിത്വ മനോഭാവവും ഗുണ്ടാ സ്വഭാവവും" വെച്ചുനോക്കിയാൽ ഇത്തരം ആക്രമണങ്ങൾ മുൻകൂട്ടി പ്രതീക്ഷിച്ചതാണെന്നും ഉത്തരകൊറിയൻ ഔദ്യോഗിക വാർത്താ ഏജൻസിയായ കെസിഎൻഎ റിപ്പോർട്ട് ചെയ്തു.
ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ ടെഹ്‌റാനിൽ ഇസ്രായേൽ വ്യോമസേന നടത്തിയ വൻതോതിലുള്ള വ്യോമാക്രമണങ്ങൾ പശ്ചിമേഷ്യയെ കനത്ത അസ്ഥിരതയിലേക്കാണ് തള്ളിവിട്ടിരിക്കുന്നത്. അമേരിക്കയുടെയും ഇസ്രായേലിന്‍റെയും ഭാഗത്തുനിന്നുണ്ടാകുന്ന ഇത്തരം അധിനിവേശ യുദ്ധങ്ങൾ ഒരു തരത്തിലും ന്യായീകരിക്കാനാവില്ലെന്ന് ഉത്തരകൊറിയ വ്യക്തമാക്കി. മേഖലയിൽ സമാധാനവും സുസ്ഥിരതയും പുനഃസ്ഥാപിക്കാൻ താൽപ്പര്യമുള്ള അയൽരാജ്യങ്ങൾ ഈ വിഷയത്തിൽ ഉചിതമായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam