
വാഷിങ്ടണ്‍: തന്‍റെ മുന്‍പിലെത്തുന്ന ഓരോ വ്യക്തിയെയും സഹാനുഭൂതിയോടെ മനസ്സിലാക്കി സൗമ്യമായി വിധി പ്രസ്താവിച്ചിരുന്ന പ്രശസ്ത ജഡ്ജി ഫ്രാങ്ക് കാപ്രിയോ അന്തരിച്ചു. 88 വയസ്സായിരുന്നു. അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. അമേരിക്കയിലെ മുന്‍സിപ്പല്‍ കോര്‍ട്ട് ഓഫ് പ്രൊവിഡന്‍സിലെ മുന്‍ ജഡ്ജിയാണ്. അദ്ദേഹത്തിന്‍റെ 'കോട്ട് ഇന്‍ പ്രൊവിഡന്‍സ്' എന്ന ഷോ സമൂഹ മാധ്യമങ്ങളില്‍ ഏറെക്കാലം വൈറലായിരുന്നു.
ലോകത്തിലെ തന്നെ ഏറ്റവും സൗമ്യനായ ജഡ്ജ് എന്ന നിലയില്‍ പ്രശസ്തനായ വ്യക്തിയാണ് ഫ്രാങ്ക് കാപ്രിയോ. അമേരിക്കയിലെ മുന്‍സിപ്പല്‍ കോര്‍ട്ട് ഓഫ് പ്രൊവിഡന്‍സിലെ മുന്‍ ചീഫ് ജഡ്ജിയായിരുന്ന ഫ്രാങ്കിന്റെ കോടതി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ജഡ്ജി എന്ന നിലയിലെ ഇടപെടലിന് നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
പിഴ ഒടുക്കാന്‍ പണമില്ലാതെ വരുന്ന പ്രതികളുടെ യഥാര്‍ത്ഥ അവസ്ഥ എന്താണെന്ന് ലോകത്തിന് മനസ്സിലാക്കിക്കൊടുക്കാൻ ജഡ്ജ് ഫ്രാങ്ക് ശ്രമിക്കുന്ന വീഡിയോകള്‍ സഹജീവികളോടുള്ള സഹാനുഭൂതിയുടെ മികച്ച ഉദാഹരണങ്ങളാണ്. സിറ്റി ഓഫ് പ്രൊവിഡന്‍സില്‍ ഹൈസ്കൂള്‍ അധ്യാപകനായാണ് ഫ്രാങ്ക് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. സായാഹ്ന ക്ലാസുകളിലൂടെയാണ് അദ്ദേഹം നിയമ ബിരുദം സ്വന്തമാക്കിയത്.
താന്‍ പാവപ്പെട്ടവനായാണ് വളര്‍ന്നതെന്നും ആ അവസ്ഥ എന്താണെന്ന് തനിക്ക് അറിയാമെന്നും ഫ്രാങ്ക് കാപ്രിയോ ഒരിക്കൽ പറയുകയുണ്ടായി. കുടുംബ ബന്ധങ്ങളുടെ പ്രാധാന്യവും അദ്ദേഹം വിശദമാക്കി. ലോകത്തിലെ ഏറ്റവും വലിയ പാതകം കുടുംബ ബന്ധങ്ങളുടെ ശിഥിലീകരണമാണെന്ന് അദ്ദേഹം പറഞ്ഞു.
"ഞാന്‍ പ്രത്യേകമായി ഒന്നും ചെയ്യുന്നില്ല. ആളുകളോട് നീതിപൂര്‍വ്വമായി ഇടപെടാന്‍ ശ്രമിക്കുന്നു. അവരുടെ സാഹചര്യം മനസ്സിലാക്കാന്‍ ശ്രമിക്കുന്നു. ഇവിടെ വരുമ്പോള്‍ അവരാകെ പേടിച്ച അവസ്ഥയിലാണെന്ന് എനിക്ക് അറിയാം. പാവപ്പെട്ടവരുടെ അവസ്ഥ എന്താണെന്ന്, ഞാനങ്ങനെ ജീവിച്ചതുകൊണ്ട് എനിക്കറിയാം. ഞാന്‍ അക്കാലം ഒരിക്കലും മറക്കില്ല"- ഫ്രാങ്ക് കാപ്രിയോ ഒരിക്കൽ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam