
ദില്ലി: ലിപുലേഖ് ചുരം വഴി ചൈനയുമായുള്ള വ്യാപാരം പുനരാരംഭിക്കുന്നതിനെതിരായ നേപ്പാളിന്‍റെ എതിർപ്പ് തള്ളി ഇന്ത്യ. അന്യായവും അംഗീകരിക്കാൻ കഴിയാത്തതും ചരിത്രപരമായ വസ്തുതകൾക്ക് നിരക്കാത്തതുമായ അവകാശവാദം എന്നാണ് ഇന്ത്യയുടെ പ്രതികരണം. കാലാപാനി-ലിപുലേഖ്-ലിമ്പിയാധുര മേഖലയിലൂടെയുള്ള ഹിമാലയൻ ചുരം വഴിയുള്ള ഇന്ത്യ-ചൈന വ്യാപാരം വീണ്ടും പുനരാരംഭിക്കുന്നതിനെ നേപ്പാൾ വിദേശകാര്യ മന്ത്രാലയം എതിർത്തതിനെ തുടർന്നാണ് ഇന്ത്യയുടെ പ്രതികരണം. ഈ പ്രദേശം നേപ്പാളിന്റെ ഭൂപടത്തിലും ചരിത്രപരമായ ഉടമ്പടികളിലും ഉൾപ്പെടുന്നതാണെന്ന് കാഠ്മണ്ഡു വാദിക്കുന്നു.
അതേസമയം ഇക്കാര്യത്തിൽ ഇന്ത്യയുടെ നിലപാട് സ്ഥിരവും വ്യക്തവുമാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. 1954-ൽ ലിപുലേഖ് ചുരം വഴി ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി വ്യാപാരം ആരംഭിച്ചതാണ്. ഇത് പതിറ്റാണ്ടുകളായി നടന്നുവരുന്നു. കൊവിഡ്, മറ്റ് സംഭവ വികാസങ്ങൾ എന്നിവ കാരണം വ്യാപാരം ഇക്കഴിഞ്ഞ വർഷങ്ങളിൽ തടസ്സപ്പെട്ടിരുന്നു. ഇരു രാജ്യങ്ങളും അത് പുനരാരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു. അതിർത്തി പ്രശ്‌നങ്ങൾ സംഭാഷണത്തിലൂടെയും നയതന്ത്രത്തിലൂടെയും പരിഹരിക്കുന്നതിന് നേപ്പാളുമായി ക്രിയാത്മകമായ ഇടപെടലുകൾക്ക് ഇന്ത്യ സന്നദ്ധമാണെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.
എന്നാൽ മഹാകാളി നദിയുടെ കിഴക്ക് സ്ഥിതി ചെയ്യുന്ന ലിമ്പിയാധുര, ലിപുലേഖ്, കാലാപാനി എന്നിവ നേപ്പാളിന്റെ അവിഭാജ്യ ഭാഗങ്ങളാണെന്നാണ് നേപ്പാൾ സർക്കാർ വ്യക്തമാക്കിയത്. ഇവ നേപ്പാളി ഭൂപടത്തിലും ഭരണഘടനയിലും ഔദ്യോഗികമായി ഉൾപ്പെടുത്തിയിട്ടുണ്ടെന്നും നേപ്പാൾ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സിക്കിം, പശ്ചിമ ബംഗാൾ, ബീഹാർ, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നീ അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളുമായി നേപ്പാൾ 1850 കിലോമീറ്ററിലധികം അതിർത്തി പങ്കിടുന്നുണ്ട്.
ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരുമായി ദില്ലിയിൽ വിശദമായ ചർച്ചകൾ നടന്നു. ശേഷം ചൊവ്വാഴ്ച പുറത്തിറക്കിയ സംയുക്ത രേഖയിലാണ് ലിപുലേഖ് പാസ്, ഷിപ്കി ലാ പാസ്, നാഥു ലാ പാസ് എന്നിങ്ങനെ മൂന്ന് നിർദ്ദിഷ്ട വ്യാപാര കേന്ദ്രങ്ങളിലൂടെ അതിർത്തി വ്യാപാരം വീണ്ടും തുടങ്ങാൻ തീരുമാനിച്ചതായി ഇരു രാജ്യങ്ങളും അറിയിച്ചത്.
ലിപുലേഖ് വഴിയുള്ള അതിർത്തി വ്യാപാരം പുനരാരംഭിക്കുന്നതിനുള്ള ഇന്ത്യയുടെയും ചൈനയുടെയും പ്രഖ്യാപനത്തെക്കുറിച്ച് നേപ്പാളി മാധ്യമങ്ങൾ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടിയായാണ് നേപ്പാൾ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവന വരുന്നത്.
"പ്രസ്തുത പ്രദേശത്ത് റോഡുകൾ നിർമ്മിക്കുകയോ വികസിപ്പിക്കുകയോ അതിർത്തി വ്യാപാരം പോലുള്ള ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയോ ചെയ്യരുതെന്ന് നേപ്പാൾ സർക്കാർ ഇന്ത്യാ ഗവൺമെന്റിനോട് അഭ്യർത്ഥിച്ചുകൊണ്ടിരുന്നത് എല്ലാവർക്കും അറിയാവുന്ന വസ്തുതയാണ്. ഈ പ്രദേശം നേപ്പാളിന്റെ ഭാഗമാണെന്ന് ചൈനീസ് സർക്കാരിനെയും അറിയിച്ചിട്ടുണ്ട്. ചരിത്രപരമായ ഉടമ്പടികൾ, വസ്തുതകൾ, ഭൂപടം, മറ്റ് തെളിവുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ നയതന്ത്ര മാർഗ്ഗങ്ങളിലൂടെ ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി പ്രശ്നം പരിഹരിക്കാൻ നേപ്പാൾ സർക്കാർ പ്രതിജ്ഞാബദ്ധമാണ്"- വിദേശകാര്യ മന്ത്രാലയ വക്താവ് ലോക് ബഹദൂർ ഛേത്രി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. 2020 ജൂൺ 18-നാണ് തന്ത്രപ്രധാനമായ ലിപുലേഖ്, കാലാപാനി, ലിമ്പിയാധുര പ്രദേശങ്ങൾ ഉൾപ്പെടുത്തി നേപ്പാൾ രാഷ്ട്രീയ ഭൂപടം പുതുക്കിയത്. ഭരണഘടനയിൽ ഭേദഗതി വരുത്തിയാണ് ഇത് ചെയ്തത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam