ടർക്കിഷ് ആക്രമണങ്ങളെ വിമർശിച്ചതിനു പിന്നാലെ സിറിയയിൽ കുർദ് വനിതാ നേതാവ് കൊല്ലപ്പെട്ടു

By Web TeamFirst Published Oct 13, 2019, 12:41 PM IST
Highlights
  • ടര്‍ക്കിഷ് ആക്രമണങ്ങളെ വിമര്‍ശിച്ച വനിതാ നേതാവ് സിറിയയില്‍ കൊല്ലപ്പെട്ടു
  • ഫ്യൂച്ചര്‍ സിറിയ പാര്‍ട്ടിയുടെ സെക്രട്ടറി ജനറലായ പ്രൊഫ. ഹെവ്റിന്‍ ഖലാഫ് ആണ്  കൊല്ലപ്പെട്ടത്
  • അമേരിക്കൻ സൈന്യം സിറിയയിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിച്ചതിന് പിന്നാലെ തുടങ്ങിയ കുർദ് സംഘടനകളെ ലക്ഷ്യമിട്ടുള്ള ടർക്കി ആക്രമണം തുടരുന്നു

എർബിൽ:  സിറിയയിൽ ടർക്കി നടത്തുന്ന ആക്രമണങ്ങളെ നിശിതമായി വിമർശിച്ചതിനു തൊട്ടു പിന്നാലെ കുർദ് രാഷ്ട്രീയ പാർട്ടിയുടെ ഉന്നത നേതാവ് കൊല്ലപ്പെട്ടു.  ഫ്യൂച്ചര്‍ സിറിയ പാര്‍ട്ടിയുടെ സെക്രട്ടറി ജനറലായ പ്രൊഫ. ഹെവ്റിന്‍ ഖലാഫ് ആണ് സിറിയയിലെ കുർദ് പ്രദേശമായ ഖാമിഷ്ലിക്ക് അടുത്ത്  കൊല്ലപ്പെട്ടത്. റഖയിലേക്കുള്ള യാത്രാമധ്യേ ഇവർ സഞ്ചരിച്ച വാഹനത്തിനു നേർക്ക് ആക്രമണമുണ്ടാവുകയായിരുന്നു.‌

ഐസിസ് വിരുദ്ധ യുദ്ധത്തിനിടെ, അമേരിക്കൻ സൈന്യം സിറിയയിൽ നിന്ന് പിന്മാറ്റം പ്രഖ്യാപിക്കുകയും കുർദ് സംഘടനകളെ ലക്ഷ്യമിട്ട് ടർക്കി നടത്തുന്ന സൈനികാക്രമണം ദിവസങ്ങൾ പിന്നിടുകയും ചെയ്തതിനിടെയാണ് കുർദ് രാഷ്ട്രീയ രംഗത്തെ പ്രമുഖയായ വനിതാ നേതാവ്‌ കൊലചെയ്യപ്പെട്ടത്. ഖാമിഷ്ലിക്ക് അടുത്തു ടർക്കി നടത്തിയ വ്യോമാക്രമണത്തിലാണ് മരണമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ,  ഐസിസ് സ്ലീപ്പർ സെല്ലുകളാണ് കൊലയ്ക്ക് പിന്നിലെന്നാണ് കുർദിഷ് വർക്കേഴ്സ് പാർട്ടിവൃത്തങ്ങളെ ഉദ്ധരിച്ച് കുർദ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടർക്കി പിന്തുണയുള്ള സിറിയൻ ഗ്രൂപ്പുകളുമായി ബന്ധപ്പെട്ട അക്രമി സംഘം റോഡിൽ മാർഗ തടസ്സം സൃഷ്ടിച്ച് വാഹനങ്ങൾക്കും ആളുകൾക്കും നേരെ പൊടുന്നനെ ആക്രമണം അഴിച്ചു വിടുകയായിരുന്നു എന്നും റിപ്പോർട്ടുകളുണ്ട്. 

രാജ്യാന്തര പാതയിലെ എം ഫോറിലുണ്ടായ ആക്രമണത്തിലാണ് ഹെവ്റിന്‍ കൊല്ലപ്പെട്ടതെന്ന്  പാര്‍ട്ടി വക്താവ് പ്രസ്താവനയിൽ അറിയിച്ചു. കഴിഞ്ഞ ആഴ്ച ഖ്വാമിഷ് ലോയില്‍  നടന്ന ഒരു പത്ര സമ്മേളനത്തില്‍ ഹെവ്റിൻ സിറിയയിലെ ടര്‍ക്കിയുടെ അധിനിവേശ നീക്കങ്ങളെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.. സിറിയയിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനുള്ള രാഷ്ട്രീയ നീക്കങ്ങള്‍ക്ക്‌ തുരങ്കം വയ്ക്കാനാണ് ടർക്കിയുടെ ശ്രമം എന്നും അവർ വിമർശിച്ചിരുന്നു. അതിനു പിന്നാലെയാണ് ഹെവ്റിന്റെ കൊലപാതകം.‌

1984ല്‍ സിറിയയിലെ ദെയ്റിക്ക് എന്ന നഗരത്തില്‍ ജനിച്ച ഹെവ്റിന്‍ സിവില്‍ എന്ജിനീയറിങ്ങില്‍ ബിരുദം നേടിയതിനു ശേഷമാണ് രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ചത്.  നിരായുധരായ ജനതയെ നിഷ്കരുണം കൊലചെയ്യുന്ന ടർക്കിയുടെ രീതിയ്ക്ക് ഉദാഹരണമാണ് ഈ കൊലപാതകം എന്ന് സിറിയന്‍ ഡെമോക്രാറ്റിക് കൌണ്‍സില്‍ ആരോപിച്ചു.

click me!