'മാര്‍പ്പാപ്പയെ കാണാനുള്ള അവസരമുണ്ടാകും'; വത്തിക്കാനില്‍ നിന്ന് വി മുരളീധരന്‍

By Web TeamFirst Published Oct 13, 2019, 12:00 PM IST
Highlights

വത്തിക്കാനിലുള്ള ഇന്ത്യന്‍ സംഘത്തിന്‍റെ തലവന്‍ മുരളീധരനാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരകണക്കിന് വിശ്വാസികളാണ് വത്തിക്കാനില്‍ എത്തിയിരിക്കുന്നതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

വത്തിക്കാന്‍: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും വത്തിക്കാനില്‍ പൂര്‍ത്തിയായതായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. വത്തിക്കാനിലുള്ള ഇന്ത്യന്‍ സംഘത്തിന്‍റെ തലവന്‍ മുരളീധരനാണ്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരകണക്കിന് വിശ്വാസികളാണ് വത്തിക്കാനില്‍ എത്തിയിരിക്കുന്നതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അഞ്ച് പേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളികള്‍ വത്തിക്കാനില്‍ എത്തിയിട്ടുണ്ട്. വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങ് ഏകദേശം രണ്ടര മണിക്കൂര്‍ ആണ് നീളുക. മാര്‍പ്പാപ്പയെ കാണാനുള്ള അവസരം ഇന്ത്യന്‍ സംഘത്തിന് മുഴുവനായി ലഭിക്കില്ല. എങ്കിലും എല്ലാ സംഘത്തലവന്മാരെയും മാര്‍പ്പാപ്പ പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്.

ചടങ്ങ് തുടങ്ങുന്നതിന് മുമ്പ് മാര്‍പ്പാപ്പയെ കാണാനുള്ള അവസരമുണ്ടാക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30 നാണ് മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിക്കുക. ചടങ്ങിന് നേരിട്ട് സാക്ഷ്യം വഹിക്കാന്‍ ഭാരത കത്തോലിക്കാ സഭയിലെ വൈദികരും സന്യസ്ഥരും വിശ്വാസികളും ,ചിറമ്മൽ മങ്കിടിയാൻ കുടുംബാംഗങ്ങളും വത്തിക്കാനിൽ എത്തിക്കഴിഞ്ഞു.

മറിയം ത്രേസ്യയുടെ തിരുശ്ശേഷിപ്പുകൾ പ്രത്യേകം തയ്യാറാക്കിയ അരുളിക്കയിലാക്കി അൾത്താരയിൽ പ്രതിഷ്ഠിക്കും. പിന്നീട് ഫ്രാൻസിസ് മാർപാപ്പയുടെ കാർമ്മികത്വത്തിൽ മറിയം ത്രേസ്യയുൾപ്പെടെ അഞ്ച് വാഴ്ത്തപ്പെട്ടവരെ വിശുദ്ധരാക്കും. കുഴിക്കാട്ടുശ്ശേരിയിലെ മറിയം ത്രേസ്യ തീർത്ഥകേന്ദ്രത്തിൽ പ്രത്യേക പ്രാർത്ഥനയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി.

രാവിലെ പ്രത്യേക കുർബാനയ്ക്ക് ശേഷം വാഴ്ത്തപ്പെട്ടവർ വിശുദ്ധരാക്കുമ്പോൾ ധരിപ്പിക്കുന്ന പ്രത്യേക കിരീടം തിരുരൂപത്തിന്റെ ശിരസ്സിൽ അണിയിക്കും. തുടർന്ന് സ്വരൂപം വഹിച്ച് ദേവാലയം ചുറ്റിയുള്ള പ്രദക്ഷണം നടക്കും. ഊട്ടുനേർച്ചയുമുണ്ടാകും.വിശുദ്ധ പദവി പ്രഖ്യാപനം തൽസമയം കാണാൻ വിപുലമായ സൗകര്യമാണ് കുഴിക്കാട്ടുശ്ശേരിയിൽ ഒരുക്കിയിരിക്കുന്നത്. നൂറ് കണക്കിന് വിശ്വാസികളാണ് ദിവസവും തീർത്ഥകേന്ദ്രത്തിലെ മറിയം ത്രേസ്യയുടെ കബറിടം സന്ദർശിക്കാൻ എത്തുന്നത്.

click me!