
കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകൾ റദ്ദാക്കിയതിനെ തുടർന്ന് ദുരിതത്തിലായ യാത്രക്കാർക്ക് ടിക്കറ്റ് തുക പൂർണമായും തിരികെ നൽകാൻ ഉത്തരവ്. നിലവിലെ അസാധാരണ സാഹചര്യം കണക്കിലെടുത്ത്, റദ്ദാക്കിയ ടിക്കറ്റുകളുടെയും ബുക്കിംഗുകളുടെയും തുക 15 പ്രവൃത്തി ദിവസത്തിനുള്ളിൽ മടക്കി നൽകണമെന്ന് സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ എല്ലാ എയർലൈനുകൾക്കും ട്രാവൽ ഏജൻസികൾക്കും നിർദ്ദേശം നൽകി.
ഫെബ്രുവരി 28 മുതൽ വിമാന സർവീസുകൾ നിർത്തിവെച്ചതുമൂലം യാത്ര ചെയ്യാൻ കഴിയാത്തവർക്ക് ടിക്കറ്റ് തുക മുഴുവനായും ലഭിക്കാൻ അർഹതയുണ്ട്. ഭാഗികമായി ഉപയോഗിച്ച ടിക്കറ്റുകൾ ആണെങ്കിൽ ബാക്കി തുക തിരികെ നൽകണം. 'റീഫണ്ട് ലഭിക്കില്ല' എന്ന നിബന്ധനയോടെ എടുത്ത ടിക്കറ്റുകൾക്കും ഈ ആനുകൂല്യം ലഭിക്കും. യാത്രക്കാരുടെ അനുവാദമില്ലാതെ വൗച്ചറുകളോ ക്രെഡിറ്റോ നൽകാൻ പാടില്ല. തുക നേരിട്ട് തന്നെ കൈമാറണം.
വിമാന ടിക്കറ്റ് കൂടാതെ ഹോട്ടൽ ബുക്കിംഗ്, കാർ റെന്‍റൽ, ഇൻഷുറൻസ്, എക്സസ് ബാഗേജ് എന്നിവയ്ക്ക് നൽകിയ തുകയും തിരികെ ലഭിക്കും. ഇവ തിരികെ വാങ്ങി നൽകാൻ ട്രാവൽ ഏജൻസികൾ സേവന ദാതാക്കളുമായി ബന്ധപ്പെടണം. ബുക്കിംഗ് സമയത്ത് മുൻകൂട്ടി അറിയിച്ചിട്ടുണ്ടെങ്കിൽ നിശ്ചിത സർവീസ് ചാർജ് മാത്രം ഏജൻസികൾക്ക് ഈടാക്കാം. യാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് ഈ നീക്കമെന്ന് അതോറിറ്റി വക്താവ് അബ്ദുള്ള അൽ രാജി വ്യക്തമാക്കി. വിമാനത്താവളത്തിന്റെ പ്രവർത്തനം ഔദ്യോഗികമായി പുനരാരംഭിക്കുന്നത് വരെ റദ്ദാക്കപ്പെട്ട എല്ലാ ബുക്കിംഗുകൾക്കും ഈ ഉത്തരവ് ബാധകമാണ്. പണം നൽകിയ അതേ മാർഗം വഴി തന്നെ തുക തിരികെ നൽകണം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam