
കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രവാസികളുടെ താമസവും വിസയുമായി ബന്ധപ്പെട്ട പുതിയ എക്സിക്യൂട്ടീവ് നിയമാവലി പ്രാബല്യത്തിൽ വന്നു. വിസ ഫീസുകൾ, സന്ദർശക വിസകൾ, ഗാർഹിക തൊഴിലാളികൾ, നവജാത ശിശുക്കളുടെ രജിസ്ട്രേഷൻ എന്നിവയിൽ നിർണ്ണായകമായ മാറ്റങ്ങളാണ് ആഭ്യന്തര മന്ത്രാലയം നടപ്പിലാക്കിയിരിക്കുന്നത്. എല്ലാത്തരം എൻട്രി വിസകൾക്കും സന്ദർശക വിസകൾക്കും ഇനി മുതൽ മാസത്തിൽ 10 കുവൈത്ത് ദിനാർ വീതം ഫീസ് ഈടാക്കും. എല്ലാ വിഭാഗം വിസകൾക്കും ഒരേ നിരക്ക് നിശ്ചയിച്ചുകൊണ്ട് ഫീസ് ഘടന ഏകീകരിച്ചിരിക്കുകയാണ് മന്ത്രാലയം.
ഗാർഹിക തൊഴിലാളികളുടെ പ്രായം കുറഞ്ഞത് 21 വയസ്സും പരമാവധി 60 വയസ്സും ആയിരിക്കണം. ആർട്ടിക്കിൾ 20 വിസയിലുള്ളവർക്ക് കുവൈത്തിന് പുറത്ത് പരമാവധി 4 മാസം മാത്രമേ തങ്ങാൻ അനുവാദമുള്ളൂ. ഈ കാലാവധി കഴിഞ്ഞാൽ വിസ സ്വയമേവ റദ്ദാകും. എന്നാൽ തൊഴിലുടമ (സ്പോൺസർ) ഔദ്യോഗികമായി അനുമതി വാങ്ങുകയാണെങ്കിൽ ഇതിൽ ഇളവ് ലഭിക്കും. നിയമം പ്രാബല്യത്തിൽ വരുന്നതിന് മുൻപ് രാജ്യം വിട്ടവർക്ക് ഈ 4 മാസ നിബന്ധന ബാധകമല്ല. പ്രവാസികൾക്ക് കുവൈത്തിൽ കുഞ്ഞുങ്ങൾ ജനിച്ചാൽ അവർക്ക് താമസരേഖകൾ ശരിയാക്കാൻ 4 മാസത്തെ സാവകാശം നൽകും. ഈ കാലാവധി കഴിഞ്ഞാൽ ആദ്യത്തെ ഒരു മാസം പ്രതിദിനം 2 ദിനാർ വീതം പിഴ നൽകണം. അതിനുശേഷവും വൈകുകയാണെങ്കിൽ പിഴ പ്രതിദിനം 4 ദിനാർ ആയി വർദ്ധിക്കും.
രാജ്യത്തേക്ക് വിദേശ നിക്ഷേപം ആകർഷിക്കുന്നതിനായി പ്രത്യേക എൻട്രി വിസ അനുവദിക്കും. കുവൈത്ത് ഡയറക്ട് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ അതോറിറ്റിയുടെ ശുപാർശ പ്രകാരമായിരിക്കും നിക്ഷേപകർക്ക് ഈ താമസ വിസ നൽകുന്നത്. രാജ്യത്തെ സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നതിനും താമസ നിയമങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ പുതിയ മാറ്റങ്ങളെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam