
യുക്രൈനിലെ കീവിലെ സുപ്രധാന പവര്‍പ്ലാന്‍റിന് റഷ്യയുടെ മിസൈല്‍ ആക്രമണത്തില്‍ ഗുരുതര തകരാറ്. ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ വൈദ്യുതി വിതരണവും ജല വിതരണവും താറുമാറാക്കിയാണ് റഷ്യയുടെ മിസൈല്‍ ആക്രമണം നടന്നത്. ശനിയാഴ്ചയാണ് പവര്‍ സ്റ്റേഷനെ തകരാറിലാക്കിയ മിസൈല്‍ ആക്രമണം നടന്നത്. പവര്‍ സ്റ്റേഷനിലുണ്ടായ തകരാറ് പരിഹരിക്കുന്നത് വരെ വൈദ്യുതിയും വെള്ളവും തടസപ്പെടുമെന്നാണ് യുക്രൈന്‍ തലസ്ഥാനത്തുള്ളവര്‍ അന്തര്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്.
മിസൈല്‍ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടതായും മുറിവേറ്റതായും റിപ്പോര്‍ട്ടില്ല. ജീവനക്കാര്‍ തകരാര്‍ പരിഹരിക്കാന്‍ അശ്രാന്ത പരിശ്രമം നടത്തുകയാണെന്നാണ് യുക്രൈനിലെ വൈദ്യുത വിതരണ കമ്പനിയായ യുക്രൈനെര്‍ഗോ വിശദമാക്കുന്നത്. കീവിലും പരിസരത്തുള്ള മൂന്ന് മേഖലയിലുള്ളവര്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ ശ്രമിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്‍റിന്‍റെ ഓഫീസ് ഉപമേധാവി ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിമിയയുമായി റഷ്യയെ ബന്ധിപ്പിക്കുന്ന ഏക പാലം ട്രെക്ക് സ്‌ഫോടനത്തിൽ തകർന്നതിന് പിന്നാലെ റഷ്യയുടെ യുക്രൈന്‍ അധിനിവേശം ആരംഭിച്ച ശേഷമുള്ള ഏറ്റവും ശക്തവും ഏകോപിതവുമായ മിസൈല്‍ ആക്രമണമാണ് യുക്രൈന്‍ നേരിടുന്നത്.
യുക്രൈനിൽ നിന്ന് റഷ്യ പിടിച്ചെടുത്ത ക്രിമിയ ഉപദ്വീപിലേക്കുള്ള ഏക പാതയായ കെർച്ച് പാലത്തിലാണ് റഷ്യയെ നടുക്കിയ സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ പാലത്തിന്റെ ഒരുഭാഗം തകർന്നു. പാലത്തെ ‘നൂറ്റാണ്ടിലെ നിർമിതി’യെന്നായിരുന്നു റഷ്യൻ മാധ്യമങ്ങൾ പുകഴ്ത്തിയിരുന്നത്. പുടിന് കീഴിലുള്ള ഏറ്റവും പ്രധാന നിർമിതിയായും വിശേഷിപ്പിക്കപ്പെട്ടിരുന്ന ഈ പാലത്തിനുണ്ടായ നാശം പുടിന് വലിയ ക്ഷീണമുണ്ടാക്കിയിരുന്നു.
ഈ ആഴ്ച ആദ്യമുണ്ടായ മിസൈല്‍ ആക്രമണത്തില്‍ ജനവാസ മേഖലകളും ഉള്‍പ്പെട്ടിരുന്നു. നിരവധി ആളുകളെ കൊല്ലപ്പെട്ടതിനൊപ്പം പ്രതിരോധത്തില്‍ കീവിനൊപ്പം അണി നിരക്കുന്ന നഗരങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ലക്ഷ്യവും റഷ്യ മിസൈലാക്രമണത്തിലൂടെ ലക്ഷ്യമിടുന്നുണ്ട്. വലിയ രീതിയിലുള്ള ആക്രമണമല്ല ഉദ്ദേശിക്കുന്നതെന്നും തെരഞ്ഞെടുത്ത മേഖലകളില്‍ മാത്രമാണ് ആക്രമണം ഉണ്ടാവുകയെന്നും റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിൻ വെള്ളിയാഴ്ച വ്യക്തമാക്കിയിരുന്നു. ഈ ആഴ്ചത്തെ ആക്രമണത്തില്‍ 29 ലക്ഷ്യസ്ഥാനങ്ങളാണ് റഷ്യന്‍ സേനയ്ക്കുള്ളതെന്നും പുടിന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam