കടലിനടിയിലൊരു കത്തീഡ്രൽ പോലെ, 300 വർഷം പഴക്കം; സോളമൻ ദ്വീപിൽ ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തി

Published : Nov 20, 2024, 09:33 AM IST
കടലിനടിയിലൊരു കത്തീഡ്രൽ പോലെ, 300 വർഷം പഴക്കം; സോളമൻ ദ്വീപിൽ ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തി

Synopsis

കപ്പൽ തകർന്ന സ്ഥലമെന്ന് മാപ്പിൽ കണ്ടതോടെയാണ് ഡൈവ് ചെയ്തതെന്നും അപ്പോഴാണ് പവിഴപ്പുറ്റ് ശ്രദ്ധയിൽപ്പെട്ടതെന്നും ഫോട്ടോഗ്രാഫർ പറഞ്ഞു

ഹോനിയാര: ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് കണ്ടെത്തി. തെക്കുപടിഞ്ഞാറൻ പസഫിക് സമുദ്രത്തിലെ സോളമൻ ദ്വീപിലാണ് ഭീമൻ പവിഴപ്പുറ്റ് കണ്ടെത്തിയത്. 300 വർഷത്തിലേറെ പഴക്കമുള്ള ഈ പവിഴപ്പുറ്റിന് 104 അടി നീളവും 111 അടി വീതിയും 18 അടി ഉയരുവുമുണ്ട്. കാലാവസ്ഥാ വ്യതിയാനം എങ്ങനെ സമുദ്രത്തെ ബാധിക്കുന്നുവെന്ന് കണ്ടെത്താനുള്ള നാഷണൽ ജ്യോഗ്രഫികിന്‍റെ പര്യവേഷണത്തിനിടെ ഫോട്ടോഗ്രാഫർ മനു സാൻ ഫെലിക്സാണ് മെഗാ പവിഴപ്പുറ്റ് കണ്ടെത്തിയത്.

ലക്ഷക്കണക്കിന് ചെറുജീവികളുടെ കൂട്ടമാണ് പവിഴപ്പുറ്റ്. ഇപ്പോൾ കണ്ടെത്തിയ പവിഴപ്പുറ്റിന് നീലത്തിമിംഗലത്തേക്കാൾ വലുപ്പമുണ്ടെന്ന് സംഘാംഗങ്ങൾ പറയുന്നു. കപ്പൽ തകർന്ന സ്ഥലമെന്ന് മാപ്പിൽ കണ്ടതോടെയാണ് ഡൈവ് ചെയ്തതെന്നും അപ്പോഴാണ് പവിഴപ്പുറ്റ് ശ്രദ്ധയിൽപ്പെട്ടതെന്നും ഫോട്ടോഗ്രാഫർ പറഞ്ഞു. വെള്ളത്തിനടിയിൽ ഒരു കത്തീഡ്രൽ എന്ന പോലെയാണ് പവിഴപ്പുറ്റ് കാണപ്പെട്ടതെന്നും മനു ഫെലിക്സ് പറയുന്നു.

കാലാവസ്ഥാ വ്യതിയാനത്തിനൊപ്പം സമുദ്രങ്ങൾ ചൂടാകുന്നതിനാൽ ആഗോളതലത്തിൽ തന്നെ പവിഴപ്പുറ്റുകൾ നാശം നേരിടുന്ന കാലമാണിത്. ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ റിപ്പോർട്ട് പ്രകാരം, സമുദ്ര ജലത്തിന്‍റെ ചൂട് കൂടുന്നതിനാൽ 44 ശതമാനം പവിഴപ്പുറ്റുകളും വംശനാശ ഭീഷണിയിലാണ്. വളരെയേറെ ആഴത്തിലാണ് പുതിയ പവിഴപ്പുറ്റിനെ കണ്ടെത്തിയത്. അതുകൊണ്ടാവാം സമുദ്രോപരിതലത്തിലെ ഉയർന്ന താപനില പവിഴപ്പുറ്റിനെ പോറലേൽപ്പിക്കാതിരുന്നതെന്ന് ഗവേഷകർ കരുതുന്നു. മത്സ്യങ്ങൾ ഉൾപ്പെടെ നിരവധി കടൽജീവികളുടെ ആവാസ സ്ഥാനമാണ് പവിഴപ്പുറ്റുകൾ.

അസർബൈജാനിലെ ബാക്കുവിൽ യുഎൻ കാലാവസ്ഥാ ഉച്ചകോടിക്കിടെയാണ് പുതിയ പവിഴപ്പുറ്റിന്‍റെ കണ്ടെത്തൽ പ്രഖ്യാപിച്ചത്. അഭിമാനകരമായ കണ്ടെത്തലെന്ന് സോളമൻ ദ്വീപുകളുടെ കാലാവസ്ഥാ മന്ത്രി ട്രെവർ മനേമഹാഗ പ്രതികരിച്ചു. ഇത് സവിശേഷമായ സ്ഥലമാണെന്നും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും ലോകം അറിയണമെന്ന് തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. സമുദ്ര വിഭവങ്ങളെ ആശ്രയിച്ചാണ് ഈ ദ്വീപിന്‍റെ നിലനിൽപ്പ്. അതിനാൽ പവിഴപ്പുറ്റുകൾ വളരെ പ്രധാനമാണ്. അവയ്ക്ക് നാശം സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. അതിതീവ്രമായ ചുഴലിക്കാറ്റുകൾ ഉൾപ്പെടെ ആഗോളതാപനത്തിന്‍റെ പ്രത്യാഘാതങ്ങൾ ദ്വീപ് നേരിടുന്നതായി മന്ത്രി വിശദീകരിച്ചു.

ലക്ഷദ്വീപിലെ മഹാവിസ്മയം നശിക്കുന്നു, വെളുക്കുന്നത് അമൂല്യ ജൈവവൈവിധ്യ കലവറ, കാരണം കടലിലെ ഉഷ്ണതരംഗം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

'മരിച്ചവരുടെ പുസ്തകം'; 3,500 വർഷം പഴക്കമുള്ള പുസ്തകത്തിന്‍റെ 43 അടി കണ്ടെത്തി, ഈജിപ്തിന്‍റെ മരണാനന്തര ജീവിതം വെളിപ്പെടുമോ?
പാക്കിസ്ഥാനിൽ ആദ്യ വനിതാ ചാവേർ ആക്രമണം നടത്തിയ ബലൂച് ലിബറേഷൻ ഫ്രണ്ട്, 'ഫിദായീൻ ഓപ്പറേഷൻ' തന്ത്രം; ലക്ഷ്യമിട്ടത് ചൈനീസ് കേന്ദ്രം