
ഓക്കലഹോമ: ഇരുമ്പ് ശ്വാസകോശത്തിൽ ജീവിച്ചത് 73 വർഷം. അമേരിക്കയിലെ അവസാന പോളിയോ ബാധിത മാർത്ത ലിലാർഡ് മരിച്ചു. അമേരിക്കയിലെ ഓക്കലഹോമയിൽ 78ാം വയസിലാണ് അന്ത്യം. അഞ്ചാം വയസിലാണ് മാർത്ത പോളിയോ ബാധിതയാവുന്നത്. 20 വയസിൽ കൂടുതൽ ആയുസില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയ മാർത്ത ഇരുമ്പ് കൊണ്ട് നിർമ്മിച്ച ശ്വാസകോശത്തിന്റെ സഹായത്തോടെ 73 വർഷമാണ് ജീവിച്ചത്. കൊവിഡ് ബാധിതയായ ശേഷം സഹോദരി പൂർണ രീതിയിൽ ആരോഗ്യം വീണ്ടെടുത്തിരുന്നില്ലെന്നും കൊവിഡ് സംബന്ധിയായ അസുഖങ്ങൾ മൂലമാണ് മാർത്തയുടെ മരണമെന്നുമാണ് സഹോദരി സിൻഡ് മക്വേ വിശദമാക്കിയത്. മാർത്തയ്ക്ക് പോളിയോ ബാധിച്ച് രണ്ട് വർഷത്തിന് ശേഷമാണ് അമേരിക്കയിൽ പോളിയോയ്ക്കുള്ള വാക്സിൻ കണ്ടു പിടിക്കുന്നത്. വായു മർദ്ദം ക്രമീകരിച്ച് രോഗിയുടെ നെഞ്ച് വികസിക്കാനും ചുരുങ്ങാനും പ്രേരിപ്പിക്കുകയും സ്വാഭാവിക ശ്വസനത്തെ സഹായിക്കുകയും ചെയ്യുന്ന ഇരുമ്പ് സിലിണ്ടറിനുള്ളിലായിരുന്നു മാർത്തയുടെ ജീവിതം.
സ്കൂൾ പഠന കാലത്ത് രണ്ട് മണിക്കൂർ വീതം മാത്രമാണ് മാർത്ത ക്ലാസുകളിൽ പങ്കെടുത്തിരുന്നത്. മാർത്തയുടെ രോഗാവസ്ഥ മൂലം ഫോണിലൂടെ ക്ലാസിൽ പങ്കെടുക്കാൻ മാർത്തയ്ക്ക് പ്രത്യേകാനുമതിയുണ്ടായിരുന്നു. മാർത്തയേയും ഇരുമ്പ് സിലിണ്ടറുമൊന്നിച്ച് കുടുംബം യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു. 1955ഓടെയാണ് പോളിയോയ്ക്ക് വാക്സിനുകൾ അമേരിക്കയിൽ ലഭ്യമായത്. 1979ലാണ് അമേരിക്ക പോളിയോ മുക്തമായി പ്രഖ്യാപിച്ചത്. ദീർഘനാളുകളായുള്ള വിവിധ തെറാപ്പികളുടെ സഹായത്തോടെ ഇടത് കയ്യും കാലുകളും ചലിപ്പിക്കാൻ മാർത്തയ്ത്ത് സാധിച്ചിരുന്നു. ഏറെക്കാലും മറ്റുള്ളവരുടെ സഹായം കൂടാതെയായിരുന്നു മാർത്ത ജീവിച്ചിരുന്നത്. കൊവിഡ് ബാധിക്കുന്നതിന് മുൻപ് ശ്വാസകോശത്തിന് 25 ശതമാനം മാത്രമാണ് മാർത്തയ്ക്ക് ഉപയോഗപ്രദമായിരുന്നുള്ളു. കഴിഞ്ഞ 5 വർഷത്തോളം ശ്വസന തകരാർ പതിവായതിനാൽ മാർത്ത വീടിന് പുറത്തിറങ്ങിയിരുന്നില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam