'എന്‍റെ കെട്ടിടം കത്തിയെരിയട്ടെ, ജോര്‍ജിന് നീതി വേണം'; അമേരിക്കയില്‍ പ്രതിഷേധക്കാര്‍ കത്തിച്ച ഹോട്ടലിന്‍റെ ഉടമ

By Web TeamFirst Published Jun 1, 2020, 11:52 AM IST
Highlights

'എന്‍റെ കെട്ടിടം കത്തിയെരിയാന്‍ അനുവദിക്കൂ, നീതി ലഭിക്കേണ്ടതുണ്ട്, ആ ഉദ്യോഗസ്ഥരെ ജയിലിലടയ്ക്കണം'

വാഷിംഗ്ടണ്‍: പൊലീസിന്‍റെ ക്രൂരതയില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്ലോയിഡിന് നീതി തേടി ആയിരക്കണക്കിന് പേരാണ് അമേരിക്കന്‍ തെരുവീഥീകളില്‍ പ്രതിഷേധവുമായി ഇറങ്ങിയിരിക്കുന്നത്. വൈറ്റ് ഹൗസിന് മുന്നിലും പ്രധാന നഗരങ്ങളിലുമെല്ലാം  പ്ലക്ക് കാര്‍ഡുമേന്തി മുദ്രാവാക്യം വിളിച്ചും പൊലീസിന് മുന്നില്‍ അടിയുറച്ച് നിന്നും പ്രതിഷേധം അലയടിക്കുകയാണ്. ഇതിനിടെ മിനിയപോളിസിലെ  പൊലീസ് സ്റ്റേഷനടക്കം നിരവധി കെട്ടിടങ്ങള്‍ പ്രതിഷേധകര്‍ അഗ്നിക്കിരയാക്കിയിരുന്നു. ഇതിലൊരു കെട്ടിടം ഗാന്ധി മഹല്‍ എന്ന ഇന്ത്യന്‍ റെസ്റ്റോറന്‍റായിരുന്നു. 

തന്‍റെ ഹോട്ടലായ ഗാന്ധി മഹല്‍ കത്തിയെരിഞ്ഞതിനെക്കുറിച്ച് ബംഗ്ലാദേശ് സ്വദേശിയായ ഉടമ കുറിച്ച വരികള്‍ ഹൃദയം കീഴടക്കുന്നതാണ്. ''ഞങ്ങളെക്കുറിച്ച് വിഷമിക്കേണ്ട, ഞങ്ങള്‍ വീണ്ടും നിര്‍മ്മിക്കും, ഞങ്ങള്‍ മറികടക്കും'' ഹോട്ടല്‍ ഉടമ റുഹേല്‍ ഇസ്ലാമിന്‍റെ മകള്‍ 18കാരിയായ ഹഫ്സയുടെ വാക്കുകള്‍ പ്രചോദനമാവുകയാണ്. 

കത്തിയെരിയുന്നതിന് മുമ്പുള്ള ഗാന്ധി മഹല്‍ റെസ്റ്റോറന്‍റ്

''എന്‍റെ പ്രതീക്ഷ നഷ്ടപ്പെട്ടിട്ടില്ല. ഗാന്ധി മഹല്‍ സംരക്ഷിക്കാന്‍ തങ്ങളാലാവുന്നതും പരിശ്രമിച്ച അയല്‍ക്കാരോട് നന്ദിയുണ്ട്. നിങ്ങളുടെ ശ്രമം ശ്രദ്ധിക്കപ്പെടാതിരിക്കില്ല'' ഹഫ്സയുടെ പോസ്റ്റ് തുടങ്ങുന്നത് ഇങ്ങനെയാണ്. ഒപ്പം പിതാവ് റുഹേലിനെക്കുറിച്ച് അവള്‍ ഇങ്ങനെ കുറിച്ചു - '' എന്‍റെ തൊട്ടടുത്തിരുന്ന് ഫോണിലൂടെ അദ്ദേഹം പറയുന്നത് ഞാന്‍ കേട്ടു, ' എന്‍റെ കെട്ടിടം കത്തിയെരിയാന്‍ അനുവദിക്കൂ, നീതി ലഭിക്കേണ്ടതുണ്ട്, ആ ഉദ്യോഗസ്ഥരെ ജയിലിലടയ്ക്കണം'.''

ഗാന്ധി മഹല്‍ റെസ്റ്റോറന്‍റിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ഹഫ്സ പോസ്റ്റ് ചെയ്തിരിക്കുന്നത്.  ''കഴിഞ്ഞ രാത്രി ഗാന്ധി മഹല്‍ കത്തി നശിച്ചിരിക്കാം. എന്നാല്‍ ഞങ്ങളുടെ സമൂഹത്തിനൊപ്പം നില്‍ക്കാനും പ്രതിഷേധത്തെ സഹായിക്കാനുമുള്ള ശ്രമം ഒരിക്കലും അസ്തമിക്കില്ല! എല്ലാവര്‍ക്കും സമാധാനം'' ഹഫ്സ കൂട്ടിച്ചേര്‍ത്തു

ഹോട്ടല്‍ വീണ്ടും തുടങ്ങാന്‍ ഈ കുടുംബത്തെ സഹായിക്കാന്‍ ഗോഫണ്ട്മീ എന്ന പേജ് പണം സമാഹരിക്കാന്‍ ആരംഭിച്ചിട്ടുണ്ട്. ''നിങ്ങള്‍ ഇവിടെ നല്‍കുന്ന പണം,  ഈ കെട്ടകാലത്ത് ഞങ്ങളുടെ സമൂഹത്തിലെ മറ്റുള്ളവരെ സഹായിക്കാന്‍ ഉപയോഗിക്കും. താത്കാലിക അടുക്കളയ്ക്കായി ശ്രമിക്കുന്നുണ്ട്...'' 

പ്രതിഷേധകര്‍ക്ക് ഭക്ഷണവും മരുന്നു നല്‍കാനും പൊലീസില്‍നിന്ന് ഒളിക്കാനുമുള്ള സ്ഥലവുമായി ഈ ഇടം ഇവര്‍ തുറന്നുനല്‍കിയിരുന്നു. ഇവരുടെ വാക്കുകള്‍ പ്രതീക്ഷയാണെന്നാണ് ട്വിറ്റര്‍ ഒന്നടക്കം പ്രതികരിച്ചത്. വംശീയാധിക്ഷേപത്തിനെതിരായ പ്രതിഷേധങ്ങളോടുള്ള ഐക്യപ്പെടല്‍ ആവശ്യമാണെന്ന് പോസ്റ്റ് ഷെയര്‍ ചെയ്ത നിരവധി പേര്‍ കുറിച്ചു. 

പ്രതിഷേധകര്‍ കത്തിച്ചതിന് ശേഷം ഗാന്ധി മഹല്‍ റെസ്റ്റോറന്‍റ് 

തിങ്കളാഴ്ചയാണ് യുഎസ്സിലെ മിനിയപോളിസിലെ റസ്റ്റോറന്റിൽ സെക്യൂരിറ്റി ഗാര്‍ഡ് ആയി ജോലിചെയ്തിരുന്ന ജോര്‍ജ് ഫ്‌ളോയിഡ് കൊല്ലപ്പെട്ടത്. പൊലീസ് ഉദ്യോഗസ്ഥന്‍, ജോര്‍ജ് ഫ്‌ളോയിഡിന്റെ കഴുത്തില്‍ കാല്‍മുട്ടമര്‍ത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

click me!