നമുക്ക് ഫ്രാൻസിൽ പോയി വിപ്ലവത്തിന്‍റെ ഭാഗമാകാം; പരിഹാസവുമായി ട്രംപ്, കുടിയേറ്റക്കാരെ കുറ്റപ്പെടുത്തി വാൻസ്

Published : Oct 18, 2026, 06:09 PM IST
Donald Trump

Synopsis

ജീവിതച്ചെലവ് വർധിച്ചതിനെ തുടർന്ന് ഫ്രാൻസിൽ പൊട്ടിപ്പുറപ്പെട്ട സമരം അക്രമാസക്തമായി. സംഭവത്തിൽ ഫ്രാൻസിനെ പരിഹസിച്ച് ഡോണൾഡ് ട്രംപും കുടിയേറ്റ നയങ്ങളെ വിമർശിച്ച് ജെ ഡി വാൻസും രംഗത്തെത്തി. രാജ്യത്തുണ്ടായ അക്രമ സംഭവങ്ങളിൽ കർശന നടപടിയെടുക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി.

വാഷിങ്ടണ്‍: ജീവിതച്ചെലവ് വർധിച്ചതിൽ പ്രതിഷേധിച്ച് ഫ്രാൻസിൽ പൊട്ടിപ്പുറപ്പെട്ട സമരം അക്രമാസക്തമായതിന് പിന്നാലെ രൂക്ഷമായ പരിഹാസവുമായി യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഫ്രാൻസ് വിപ്ലവങ്ങളുടെ സ്വാഭാവിക കേന്ദ്രമാണെന്ന് തോന്നുന്നുവെന്ന് ട്രംപ് പറഞ്ഞു. "നമുക്ക് ഫ്രാൻസിലേക്ക് പോയാലോ? അതൊരു മനോഹരമായ സ്ഥലമാണ്. അക്രമങ്ങളില്ല! എന്നാൽ ഫ്രാൻസ് വിപ്ലവങ്ങൾക്ക് ഏറെ അനുയോജ്യമായ ഇടമാണെന്ന് തോന്നുന്നു. വിശ്വസിക്കാനാകുന്നില്ല, നമുക്ക് ഫ്രാൻസിൽ പോയി വിപ്ലവത്തിന്റെ ഭാഗമാകാം" എന്നിങ്ങനെയായിരുന്നു ട്രംപിന്‍റെ പരിഹാസം.

ആഴ്ചകൾ നീണ്ട വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് പിന്നാലെയാണ് രാജ്യമൊട്ടാകെ സമരം പടർന്നുപിടിച്ചത്. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ കാലാവധി പൂർത്തിയാകാൻ ആറു മാസം മാത്രം ബാക്കിനിൽക്കെയാണ് ഈ പ്രതിഷേധം. ഇതിനിടെ, ഫ്രാൻസിലെ ക്രമസമാധാന തകർച്ചയ്ക്ക് കാരണം തെറ്റായ കുടിയേറ്റ നയങ്ങളാണെന്ന് ആരോപിച്ചുകൊണ്ട് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാൻസ് രംഗത്തെത്തി. വ്യത്യസ്തതയുടെയും കാരുണ്യത്തിന്റെയും പേരിൽ പാശ്ചാത്യ ലിബറലുകൾ മൂന്നാം ലോക രാജ്യങ്ങളിൽ നിന്നുള്ളവരെ ഫ്രാൻസിലേക്കും മറ്റ് രാജ്യങ്ങളിലേക്കും ഇറക്കുമതി ചെയ്യുകയായിരുന്നുവെന്ന് വാൻസ് ആരോപിച്ചു. ഇതിന്റെ പ്രത്യാഘാതം ഇതായിരിക്കുമെന്ന് നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടും അവർ ചെവിക്കൊണ്ടില്ല. ഫ്രാൻസിലെ ചരിത്ര സ്മാരകങ്ങൾ കത്തിയമരുന്നതിന് മുൻപ് ഈ ഭ്രാന്ത് അവസാനിച്ചെങ്കിൽ എന്നു പ്രാർത്ഥിക്കുന്നുവെന്നും ജെ ഡി വാൻസ് കുറിച്ചു. ഡെമോക്രാറ്റുകൾ അമേരിക്കയിൽ നടപ്പിലാക്കാൻ ആഗ്രഹിക്കുന്നതും ഇതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ശനിയാഴ്ച രാജ്യവ്യാപകമായി നടന്ന റാലികളാണ് വൻ അക്രമത്തിലും കൊള്ളയിലും തീവെപ്പിലും കലാശിച്ചത്. പണപ്പെരുപ്പത്തിനെതിരെ കടുത്ത പ്രതിഷേധവുമായി നിരവധി പേർ തെരുവിലിറങ്ങി. 5,50,000 ആളുകൾ സമരത്തിൽ പങ്കെടുത്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചപ്പോൾ, 8,00,000 പേർ പങ്കെടുത്തെന്നാണ് സിജിടി ട്രേഡ് യൂണിയൻ അവകാശപ്പെടുന്നത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർവാതകവും ജല പീരങ്കിയും പ്രയോഗിച്ചു.

തലസ്ഥാനമായ പാരീസിലെ തെരുവുകൾ പൂർണമായി തകർക്കപ്പെട്ട നിലയിലാണെന്ന് മേയർ ഇമ്മാനുവൽ ഗ്രിഗോയർ അറിയിച്ചു. മുഖംമൂടി ധരിച്ച യുവാക്കൾ നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്ക് തീയിടുകയും കടകൾ കൊള്ളയടിക്കുകയും ചെയ്തു. ലിമോഗെസിൽ 140 വർഷത്തിലേറെ പഴക്കമുള്ള മുൻസിപ്പൽ ടൗൺ ഹാൾ പ്രതിഷേധക്കാർ തീവച്ചു. രാജ്യത്തുണ്ടായ അക്രമ സംഭവങ്ങളിൽ കർശന നടപടിയുണ്ടാകുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ശസ്ത്രക്രിയയ്ക്ക് ശേഷം മാർപാപ്പ ആദ്യമായി വിശ്വാസികൾക്ക് മുന്നിൽ; സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ ആഹ്ലാ​​ദം
പ്രവാസി ഇന്ത്യാക്കാർക്ക് അടിയന്തിര മുന്നറിയിപ്പുമായി റിയാദിലെ ഇന്ത്യൻ എംബസി; ബാൽക്കണിയിലും ടെറസിലും നിൽക്കരുത്