കശ്‌മീരി വിഘടനവാദത്തിന്റെ യുകെ പ്രചാരകന്‍ ലോർഡ് നാസിർ അഹമ്മദ് ശിശുപീഡകനെന്ന് കോടതി

By Web TeamFirst Published Jan 7, 2022, 11:17 AM IST
Highlights

പ്രായപൂർത്തിയാവാത്ത ഒരു ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും, മറ്റൊരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനുമാണ് ഇപ്പോൾ ഇയാൾ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നത്. 

ഷെഫീൽഡ്: കാശ്മീരി വിഘടനവാദത്തിന്റെയും ഇന്ത്യാ വിരുദ്ധ പ്രചാരണങ്ങളുടെയും പോസ്റ്റർ ബോയ് ആണ്  ലോർഡ് നാസിർ അഹമ്മദ് എന്ന യുകെ പൗരൻ. കഴിഞ്ഞ ദിവസം,  ഇതേ നാസിർ അഹമ്മദ് രണ്ട് ലൈംഗിക പീഡന കേസുകളിൽ കുറ്റക്കാരനാണ് എന്ന് വിധിച്ചിരിക്കുകയാണ്, യുകെയിലെ ഷെഫീൽഡ് ക്രൗൺ കോടതി. ബ്രിട്ടനിലെ ഹൗസ് ഓഫ് ലോർഡ്‌സിലേക്ക് നിയുക്തനാവുന്ന ആദ്യത്തെ മുസ്ലിം എന്ന നിലയ്ക്ക് പ്രസിദ്ധിയാർജിച്ചിരുന്ന നാസിർ, പ്രായപൂർത്തിയാവാത്ത ഒരു ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചതിനും, മറ്റൊരു പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിനുമാണ് ഇപ്പോൾ വിചാരണ നേരിട്ടുകൊണ്ടിരിക്കുന്നത്. ഫെബ്രുവരി നാലാം തീയതിയാണ് കോടതി ഈ കേസിൽ ശിക്ഷ പ്രഖ്യാപിക്കാനിരിക്കുന്നത്. 

അറുപത്തിനാലുകാരനായ ഈ പാക് അധീന കശ്മീർ സ്വദേശി, യുകെയിലേക്ക് കുടിയേറിയ ശേഷം ഇവിടത്തെ പൗരത്വം ആർജ്ജിക്കുകയായിരുന്നു. തനിക്കെതിരായ ആരോപണങ്ങളെല്ലാം തന്നെ തുടക്കത്തിൽ നിഷേധിച്ചിരുന്ന നാസിറിന് വിചാരണക്കിടെ അയാൾക്കും പീഡനാരോപണം ഉന്നയിച്ച പെൺകുട്ടിയും തമ്മിൽ നടന്ന സംഭാഷണങ്ങളുടെ തെളിവുകൾ പ്രോസിക്യൂഷൻ ഹാജരാക്കിയതോടെ ഉത്തരം മുട്ടുകയായിരുന്നു. ഈ സംഭവങ്ങൾ നടക്കുന്നത് എഴുപതുകളിൽ നാസിറിന് പതിനേഴു വയസ്സ് മാത്രം പ്രായമുണ്ടായിരുന്നപ്പോൾ ആയിരുന്നു എങ്കിലും ഇരകൾക്ക് അന്ന് അയാളേക്കാൾ പ്രായം ഏറെ കുറവായിരുന്നു. 
 
കഴിഞ്ഞ വർഷം, തന്റെ ഹൗസ് ഓഫ് ലോർഡ്സിലെ പദവി ദുരുപയോഗം ചെയ്ത് സ്ത്രീകളെ സെക്‌സിന് നിർബന്ധിക്കാൻ ശ്രമിച്ചു എന്ന ആക്ഷേപമുണ്ടായതിനെത്തുടർന്ന്  നാസിറിന് തന്റെ സ്ഥാനം രാജിവെക്കേണ്ടി വന്നിരുന്നു. യുകെയിലും മറ്റു ലോകരാജ്യങ്ങൾക്ക് മുന്നിലും ഇന്ത്യയുടെ പ്രതിച്ഛായക്ക് കളങ്കം ചാർത്താൻ നിരന്തരം പ്രചാരണങ്ങൾ നടത്തിക്കൊണ്ടിരുന്ന നസീറിന്റെ മുഖത്തേറ്റ കനത്ത പ്രഹരമാണ് ഏറ്റവും ഒടുവിലായി വന്ന ഈ കോടതി വിധി. 

ഈ വിചാരണ നടന്നുകൊണ്ടിരിക്കെ തന്നെ, ലേബർ പാർട്ടിയുടെ എക്സിക്യൂട്ടീവ് പാലിന് മുമ്പാകെയും നാസിറിന് ഹാജരാകേണ്ടതുണ്ടായിരുന്നു. പാകിസ്ഥാനിൽ വെച്ച് നടത്തിയ ഒരു ജൂതവിരുദ്ധ പ്രസംഗത്തിന്റെ പേരിൽ ഇയാൾക്കെതിരെ അന്വേഷണം തുടങ്ങിയ ലേബർ പാർട്ടി തന്നെ ഇയാളെ പുറത്താക്കാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചേർന്നിരുന്നു. പുറത്താക്കപ്പെടുന്ന നാണക്കേടിൽ നിന്ന് ഒഴിവാക്കാൻ ഒടുവിൽ രണ്ടു ദിവസം മുമ്പ് നാസിർ തന്നെ രാജിവെച്ചു പുറത്തുപോവുകയാണുണ്ടായത്. നാസിറിനെപ്പോലുള്ള ചട്ടുകങ്ങളെ മുന്നിൽ നിർത്തി ഇന്ത്യാ വിരുദ്ധ കാർഡ് ഇറക്കി കളിക്കുന്ന പാകിസ്ഥാൻ ഗവണ്മെന്റിനും ഈ അറസ്റ്റ് വലിയൊരു തിരിച്ചടിയാണ്. 

click me!