ലോസ് ഏഞ്ചൽസിലെ കുടിയേറ്റ വേട്ടക്കെതിരെ ജനരോഷം, ട്രംപിനെതിരെ ഗവർണർമാർ; കലാപകാരികളെ അടിച്ചമർത്തുമെന്ന് ട്രംപ്

Published : Jun 08, 2025, 11:51 AM ISTUpdated : Jun 08, 2025, 12:05 PM IST
us immigration arrest

Synopsis

അനധികൃത കുടിയേറ്റക്കാരെ പിടികൂടാനെന്ന പേരിൽ നടന്ന റെയ്ഡിനെതിരെ ജനരോഷം. പ്രതിഷേധത്തെ അടിച്ചമർത്തുമെന്ന് ട്രംപ്.

ലോസ് ഏഞ്ചൽസ്: അമേരിക്കയിലെ ലോസ് ഏഞ്ചൽസിൽ കുടിയേറ്റക്കാർക്കെതിരായ റെയ്ഡിന് പിന്നാലെ ജനരോഷം. എന്നാൽ പ്രതിഷേധത്തെ അടിച്ചമർത്തുമെന്ന് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. അനധികൃത കുടിയേറ്റക്കാരെ പിടികൂടാനെന്ന പേരിൽ ഇമിഗ്രേഷൻ കസ്റ്റംസ് വകുപ്പാണ് റെയ്ഡ് നടത്തുന്നത്. പ്രതിഷേധം കനത്തതോടെ നാഷണൽ ഗാർഡ് സൈനികരെ വിന്യസിച്ചു.

വെള്ളിയാഴ്ച ലോസ് ഏഞ്ചൽസിലുടനീളം വ്യാപകമായി നടന്ന ഇമിഗ്രേഷൻ എൻഫോഴ്‌സ്‌മെന്റ് റെയ്ഡിനെ തുടർന്നാണ് സംഘർഷം തുടങ്ങിയത്. വ്യാജരേഖകൾ കൈവശമുള്ളവരെയും അനധികൃതമായി താമസിക്കുന്നവരെയും കണ്ടെത്താൻ എന്ന പേരിലായിരുന്നു റെയ്ഡ്. ഇതോടെ റെയ്ഡ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ജനക്കൂട്ടം തെരുവിലിറങ്ങി. പ്രതിഷേധക്കാരും പൊലീസും പലതവണ ഏറ്റുമുട്ടി. ലോസ് ഏഞ്ചൽസിൽ ഫെഡറൽ ഏജന്റുമാരും പ്രതിഷേധക്കാരും തമ്മിൽ രണ്ട് ദിവസമായി സംഘർഷം തുടരുകയാണ്. പാരാമൗണ്ട് നഗരത്തിലാണ് ഏറ്റവും ഒടുവിൽ ഏറ്റുമുട്ടൽ നടന്നത്. ആയുധധാരികളായ ഫെഡറൽ ഉദ്യോഗസ്ഥർ, കുടിയേറ്റ റെയ്ഡുകളിൽ പ്രതിഷേധിച്ച ജനക്കൂട്ടത്തെ നേരിട്ടു. നിരവധി പേരെ അറസ്റ്റ് ചെയ്തു.

സേനയെ വിന്യസിച്ച് ബോധപൂർവ്വം പ്രകോപനം സൃഷ്ടിക്കുകയാണെന്ന് കാലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം പ്രതികരിച്ചു. തുടർന്ന് കാലിഫോർണിയ, ലോസ് ഏഞ്ചൽസ് എന്നിവിടങ്ങളിലെ ഗവർണർമാരെ ട്രംപ് രൂക്ഷമായി വിമർശിച്ചു-"കാലിഫോർണിയയിലെ ഗവർണർ ഗാവിൻ ന്യൂസമിനും ലോസ് ഏഞ്ചൽസിലെ മേയർ കാരെൻ ബാസിനും അവരുടെ ഉത്തരവാദിത്തം നിറവേറ്റാൻ കഴിയുന്നില്ലെങ്കിൽ- അവർക്ക് കഴിയില്ലെന്ന് എല്ലാവർക്കും അറിയാം- അപ്പോൾ ഫെഡറൽ ഗവൺമെന്റ് ഇടപെട്ട് പ്രശ്നം പരിഹരിക്കും, കലാപങ്ങളെയും കൊള്ളക്കാരെയും വേണ്ട പോലെ നേരിടും."

അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടികൾ കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് റെയ്ഡ്. പ്രതിഷേധങ്ങളെ വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് സ്റ്റീഫൻ മില്ലർ അപലപിച്ചു. അമേരിക്കയിലെ നിയമങ്ങൾക്കും പരമാധികാരത്തിനും എതിരായ കലാപമാണ് നടക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി, കൃത്യമായ രേഖകളില്ലാത്ത കുടിയേറ്റക്കാരെ നാടുകടത്തുന്നത് തുടരുമെന്നും മൂവായിരത്തോളം പേരെ ഇത്തരത്തിൽ ദിവസവും അറസ്റ്റ് ചെയ്യുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ഒരു ചോദ്യം, ഉത്തരം നൽകിയ ശേഷം മാധ്യമ പ്രവർത്തകയോട് കണ്ണിറുക്കി പാകിസ്ഥാൻ സൈനിക വക്താവ്, വീഡിയോ പ്രചരിക്കുന്നു, വിമർശനം ശക്തം
'കുടുംബത്തിൻ്റെ സുരക്ഷ പ്രധാനം'; ന്യൂയോർക് മേയറായ സൊഹ്റാൻ മംദാനി താമസം മാറുന്നു; ജനുവരി ഒന്ന് മുതൽ ഔദ്യോഗിക വസതിയിൽ ജീവിതം