
റിയാദ്: വിദേശികളായ ഹജ്ജ് തീർത്ഥാടകരുടെ ലഗേജുകൾ വിമാനത്താവളത്തിൽ നിന്ന് ഇനി തീർത്ഥാടകരുടെ താമസസ്ഥലത്തു എത്തിച്ചു നൽകും. ഇതിനായുള്ള കരാറിൽ ഹജ്ജ് , ഉംറ മന്ത്രാലയവും സൗദി കസ്റ്റംസും ഒപ്പുവെച്ചു. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ തീർത്ഥാടകർക്കായിരിക്കും പുതിയ പദ്ധതിയുടെ ഗുണം ആദ്യം ലഭിക്കുക. വിദേശ രാജ്യങ്ങളിൽ നിന്നെത്തുന്ന ഹജ്ജ് തീർത്ഥാടകരുടെ ലഗേജുകൾ ജിദ്ദ കിംഗ് അബ്ദുൾഅസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് മക്കയിലെ താമസസ്ഥലങ്ങളിൽ നേരിട്ട് എത്തിച്ചു നൽകുന്നതിനുള്ള കരാറിലാണ് ഹജ്ജ് -ഉംറ മന്ത്രാലയവും സൗദി കസ്റ്റംസും ഒപ്പുവെച്ചത്.
ഇതുപ്രകാരം വിമാനത്താവളത്തിലെ ഹജ്ജ് ടെർമിനലിൽ നിന്നും കസ്റ്റംസ് പരിശോധന പൂർത്തിയാക്കി തീർത്ഥാടകരുടെ ലഗേജുകൾ മക്കയിലെ താമസ സ്ഥലത്തു എത്തിച്ചു നൽകും. തീർത്ഥാടകരുടെ വിമാനത്താവളത്തിലെ നടപടി ക്രമങ്ങൾ എളുപ്പമാക്കുന്നതിനും ലഗേജിനായി കത്ത് നിൽക്കുന്നത് ഒഴിവാക്കാനുമാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.
ആദ്യ ഘട്ടത്തിൽ ഇന്ത്യ, തുർക്കി, അൾജീരിയ, യു. എ ഇ, ബഹ്‌റൈൻ തുടങ്ങിയ എട്ടു രാജ്യങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കാണ് പദ്ധതിയുടെ ഗുണം ലഭിക്കുക.ആഭ്യന്തര ഹജ്ജ് തീർത്ഥാടകരുടെ ലഗേജുകൾ വീടുകളിൽ നിന്ന് ശേഖരിച്ചു പുണ്യ സ്ഥലങ്ങളിൽ എത്തിക്കുകയും ഹജ്ജ് കർമ്മം പൂർത്തിയാക്കിയ ശേഷം ലഗേജുകൾ തിരിച്ചു താമസ സ്ഥലത്തു എത്തിക്കുകയും ചെയ്യുന്ന "ലഗേജില്ലാത്ത ഹജ്ജ്" എന്ന പദ്ധതി നടപ്പിലാക്കാനും നീക്കമുണ്ട്. ആഭ്യന്തര ഹജ്ജ് സർവീസ് കമ്പനി കോർഡിനേഷൻ കൗൺസിൽ സൗദി പോസ്റ്റുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam