ഫലസ്തീനെതിരെ വോട്ട്; മോദിക്ക് നന്ദി പറഞ്ഞ് ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹു

By Web TeamFirst Published Jun 13, 2019, 6:40 PM IST
Highlights

ഇസ്രായേലിന് അനുകൂലമായി വോട്ടുചെയ്യാനുണ്ടായ സാഹചര്യം ഫലസ്തീന്‍ അധികൃതരോട് വ്യക്തമാക്കിയിരുന്നുവെന്നും ഫലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് അനുകൂലമായി പ്രതികരിച്ചെന്നും ഇന്ത്യ വ്യക്തമാക്കി. 

ജറുസലേം‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. യുഎന്നില്‍ ഫലസ്തീനെതിരെ ഇസ്രായേല്‍ അവതരിപ്പിച്ച പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്തതിനാണ് നെതന്യാഹു നന്ദി പറഞ്ഞത്. യുഎന്‍ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലില്‍ ഫലസ്തീന്‍ എന്‍ജിഒ 'ഷാഹേദ്' നിരീക്ഷക പദവി  ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ തള്ളണമെന്നാവശ്യപ്പെട്ട് ഇസ്രായേല്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇസ്രായേലിന് അനുകൂലമായി വോട്ടുചെയ്യാനുണ്ടായ സാഹചര്യം ഫലസ്തീന്‍ അധികൃതരോട് വ്യക്തമാക്കിയിരുന്നുവെന്നും ഫലസ്തീന്‍ പ്രസിഡന്‍റ് മഹമൂദ് അബ്ബാസ് അനുകൂലമായി പ്രതികരിച്ചെന്നും ഇന്ത്യ വ്യക്തമാക്കി. 

ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്തതിന് ഇന്ത്യയിലെ ഇസ്രായേല്‍ ഡെപ്യൂട്ടി ചീഫ് മിഷന്‍ മായ കദോഷും നന്ദി പറഞ്ഞിരുന്നു. ഇസ്രായേല്‍ വിദേശകാര്യമന്ത്രാലയവും ഇന്ത്യക്ക് നന്ദി അറിയിച്ചു. ചരിത്രത്തില്‍ ആദ്യമായാണ് അന്താരാഷ്ട്ര വേദിയില്‍ ഇന്ത്യ ഇസ്രായേലിന് അനുകൂലമായി നിലപാട് സ്വീകരിക്കുന്നത്. ഇന്ത്യക്ക് പുറമെ, യുഎസ്, യുകെ, യുക്രൈന്‍, ജപ്പാന്‍, കൊറിയ, അയര്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി, കാനഡ, ബ്രസീല്‍, കൊളംബിയ തുടങ്ങിയ രാജ്യങ്ങളാണ് ഇസ്രായേലിന് അനുകൂലമായി വോട്ട് ചെയ്തത്.

15നെതിരെ 28 വോട്ടുകള്‍ക്ക് പ്രമേയം പാസായി. ഹമാസുമായുള്ള ബന്ധം സംഘടന വെളിപ്പെടുത്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇസ്രായേല്‍ പ്രമേയം കൊണ്ടുവന്നത്. ചൈന, റഷ്യ, സൗദി അറേബ്യ, പാകിസ്ഥാന്‍, ഇറാന്‍ തുടങ്ങിയ രാജ്യങ്ങള്‍ ഇസ്രായേലിനെതിരെ വോട്ട് ചെയ്തു. നേരത്തെ ഫലസ്തീന്‍-ഇസ്രായേല്‍ വിഷയത്തില്‍ ഇന്ത്യ പരസ്യനിലപാടുകള്‍ എടുത്തിരുന്നില്ല. സമാനമായി മുമ്പ് നടന്ന വോടട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.

Thank you , thank you India, for your support and for standing with Israel at the UN. 🇮🇱🇮🇳

— PM of Israel (@IsraeliPM)
click me!